കണ്ണൂർ: കർണാടകത്തിലെ കുടക് ജില്ലയിൽ അടുത്ത കാലങ്ങളിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട മലയാളി സാന്നിധ്യത്തെ ഗൗരവത്തോടെ കാണേണ്ട സാഹചര്യം ഉടലെടുത്തിരിക്കയാണ്. നാലോ അഞ്ചോ വർഷം കൂടുമ്പോൾ കുടകിലെ അസ്വസ്ഥതകൾ മലയാളികളെ സംശയത്തിന്റെ കരിനിഴലിലേക്ക് വലിച്ചിഴക്കുകയാണ്. വടക്കേ മലബാറിൽ നിന്നും കുടകിലെത്തി കാർഷിക വൃത്തി ചെയ്യുന്ന ആയിരക്കണക്കിനു പേരടങ്ങുന്ന തലമുറതന്നെ ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കുടകു ബന്ധത്തിന് മുറിവേൽപ്പിക്കാൻ മുൻതലമുറക്കാർ തയ്യാറായിരുന്നില്ല. എന്നാൽ സമീപകാലത്ത് കുടക് - മലയാളി ബന്ധത്തിന് വിള്ളൽ സംഭവിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. കർണ്ണാടക ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ അത്തരം ചില സൂചനകൾ എടുത്തു പറഞ്ഞിട്ടുണ്ട്.

കുടകിലെ സംഘർഷത്തിന് കാരണക്കാർ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണ്ണാടക ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കയാണ്. ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് മടിക്കേരിയിലുണ്ടായ സംഘർഷത്തിന്റെ കാരണക്കാർ കേരളീയരാണെന്ന റിപ്പോർട്ട് കർണ്ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വർ നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രകടനത്തിനു നേരെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ടിപ്പു ഫാൻസ് അസോസിയേഷൻ എന്നീ സംഘടനയിലെ പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് പരാമർശിച്ചിരിക്കുന്നത്. ഈ സംഘടനകളിലെ ഭൂരിഭാഗം പേരും മലയാളികളാണ്. നവംബർ 10 ന് നടന്ന സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കുടകിൽ ഏതു പ്രശ്‌നമുണ്ടായാലും അത് മലയാളികളെ മൊത്തത്തിൽ ബാധിക്കും. 38 ശതമാനത്തോളം മലയാളികൾ അധിവസിക്കുന്ന മേഖലയാണ് കുടക്. കുടകിൽ കൃഷിപ്പണിക്ക് പോയവരും തൊഴിൽ തേടിപ്പോയവരുമൊക്കെ തോട്ടമുടമകളും കച്ചവടസ്ഥാപനങ്ങളുടെ അധിപന്മാരുമായും മാറിയിട്ടുണ്ട്. നല്ല രീതിയിൽ അധ്വാനിച്ച് ഉന്നതിയിലെത്തിയ മലയാളികൾ ഏറെയാണ്. എന്നാൽ കുടകരെ ചൂഷണം ചെയ്ത് വളർന്നവരും ഇക്കൂട്ടത്തിലുണ്ട്. മലയാളികളുടെ ചൂഷണത്തിനിരയായവർ പകയോടെ അവിടെ കാത്തിരിപ്പുണ്ടെന്നതും സത്യം.

ചൂഷണത്തിനിരയായവർ അവരുടെ മുറിവ് മറക്കുന്നില്ല. ആചാരങ്ങളിലും വിശ്വാസങ്ങളിലും ജീവിതരീതിയിലും ഒട്ടേറെ സവിശേഷതകളുള്ളവരാണ് കുടകർ. കൃഷി ചെയ്തും നായാടിയും ജീവിച്ചു പോന്നിരുന്ന കുടകർ വീര ശൂരപരാക്രമികളായിരുന്നു. ഇന്നത്തെ തലമുറയിലും ആ പോർവീര്യം നിലനിൽക്കുന്നുണ്ട്. തറവാട് ഭാഗിക്കുമ്പോൾ തോക്ക്, വാൾ, തുടങ്ങിയ ആയുധങ്ങളും പങ്കുവെക്കുന്നതും അവിടെ പതിവാണ്.

സ്‌നേഹിച്ചാൽ സ്‌നേഹിച്ചു കൊല്ലുകയും ചതിച്ചാൽ ചതിച്ചുകൊല്ലുന്നവരുമാണ് കുടകരെന്ന് പൊതുവെ പറയും. ഏറെക്കുറെ അത് ശരിയുമാണ്. മലയാളികൾക്ക് ഒരു കാലത്ത് അഭയം തന്നവരാണ് കുടകർ. അവരുടെ മനസ്സിൽ നേരിയ സംശയം ജനിച്ചാൽ വലിയ വിപത്തായി മാറും. അടുത്ത കാലത്തായി കേരളത്തിലെ കവർച്ചക്കാരുടേയും ക്രിമിനലുകളുടേയും ഒളിത്താവളമായും കുടക് മാറുകയാണ്. കാസർഗോഡ് കുട്‌ലു ബാങ്ക് കവർച്ച ചെയ്ത പ്രതികൾ കുടക് വിരാജ്‌പേട്ടയിലായിരുന്നു താവളം തേടിയത്. കവർന്ന മുതലുകൾ കേരളാ പൊലീസിൽ നിന്നും ഒളിച്ചുവക്കാൻ കുടക് കേന്ദ്രമാക്കുകയാണ്. വിജയാ ബാങ്ക് കവർച്ചയിലേയും ഒറ്റുകാരനായത് കുടക് സ്വദേശിയായ മലയാളിയാണ്. ഇതെല്ലാം കൂർഗികളിൽ മലയാളികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്.

ഇ.കെ.നായനാർ വധ ഗൂഢാലോചനക്കേസുൾപ്പെടെ, നിരവധി തീവ്രവാദക്കേസുകളിലെ പ്രതി തടിയന്റവിടെ നസീറും കുടകിലാണ് ഒളിത്താവളം തേടിയത്. കുടകിലെ ഇഞ്ചിപ്പാടങ്ങൾ കേന്ദ്രീകരിച്ച് കൃഷിയുടെ മറവിൽ നസീറും സംഘവും ഏറെക്കാലം ഇവിടെ ഒളിച്ചു കഴിഞ്ഞു. രാഷ്ട്രീയ ക്രിമിനലുകളുടെ താവളവും കുടകാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ ക്രിമിനലുകൾക്ക് മലയാളികളായ കുടകർ താവളം ഒരുക്കിക്കൊടുക്കാറുണ്ട്. കുറ്റവാളികളായ മലയാളികളെത്തേടി കേരളാ പൊലീസുകാർ സ്ഥിരം കുടകിലെത്തുകയും ചെയ്യുന്നു. ഈ വക കാരണങ്ങൾ കൊണ്ടുതന്നെ കുടകർക്ക് മലയാളികളോടുള്ള നീരസം വർദ്ധിച്ചു വരികയാണ്. നമ്മുടെ മുൻതലമുറയുമായുള്ള ബന്ധം പോലെ ശക്തമല്ല ഇന്നത്തെ കുടകുജനതയ്ക്ക് മലയാളികളോടുള്ളത്്. അതിന് ഒരു പരിധിവരെ കാരണക്കാർ മലയാ3ളികൾ തന്നെ.