സൗദിയിലെ സകാക്കയിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന മലയാളിളെ വിട്ടയച്ചു.കമ്പനി പ്രതിനിധിയുടെ ജാമ്യത്തിലാണു മൂന്ന് മലയാളികളും പുറത്തിറങ്ങിയത്. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂർ സ്വദേശികളാണു വിട്ടയയ്ക്കപ്പെട്ട മലയാളികൾ.

ഈ മാസം എട്ടിനാണ് ദിലീപ് ശർമ്മ എന്ന് പേരുള്ള ഉത്തർപ്രദേശ് സ്വദേശിയെ താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടത്തെിയത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മരിച്ച ഉത്തർപ്രദേശ് സ്വദേശിയോടൊപ്പം കഴിഞ്ഞ മൂന്ന് മലയാളികളെയും ചോദ്യം ചെയ്യാനായിട്ടാണ് കസ്റ്റഡിയിലെടുത്തത്.

സകാക്ക സെൻട്രൽ ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗം കരാർ ജീവനക്കാരനായ ദീലിപിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുകഴിഞ്ഞ മാർച്ചിൽ നാട്ടിൽനിന്നു മടങ്ങിയെത്തിയ ദിലീപ് അസ്വസ്ഥനായിരുന്നു. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച് എക്്‌സിറ്റിനായി കമ്പനിയെ സമീപിച്ചെങ്കിലും അനുവാദം കിട്ടിയില്ല. മണിക്കൂറുകളോളം നാട്ടിലേക്കു ഫോൺ ചെയ്തു കരയാറുണ്ടായിരുന്നു. ആരോഗ്യവാനായിരുന്ന ദിലീപ് ഭക്ഷണത്തോടും മറ്റുമുള്ള വിരക്തി മൂലം കുറച്ചുദിവസം കൊണ്ടു തന്നെ ക്ഷീണിച്ചു. മൂന്നു മാസത്തിലധികമായി കമ്പനിയിൽനിന്നു ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടാത്തതിനാൽ ദിലീപടക്കമുള്ള 15 പേർ ആദ്യം ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.

അതിൽ ദിലീപൊഴികെ എല്ലാവരെയും കമ്പനി എല്ലാ ആനുകൂല്യങ്ങളും നൽകി എക്‌സിറ്റിൽ നാട്ടിലേക്കു വിട്ടു. ഇതോടെ നിരാശ കൂടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ബാക്കിയുള്ള തൊഴിലാളികളും ശമ്പളത്തിനായി ലേബർ ഓഫിസിനെ സമീപിച്ചിരിക്കുകയാണ്. സംഭവവുമായി കസ്റ്റഡിയിലെടുത്തവർക്കു ബന്ധമില്ലെന്നാണു പൊലീസ് കേന്ദ്രങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് അൽജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അറിയിച്ചു.