ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫ് ഉൾപ്പെട്ട സംഘത്തെയാണ് തട്ടിയെടുത്തത്. കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇദ്ദേഹം സുരക്ഷിതനാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. റെജിക്കൊപ്പം തടവിലായവർ ലിബിയൻ സ്വദേശികളാണ്.

രണ്ടു വർഷമായി റെ!ജി കുടുംബത്തോടൊപ്പം ലിബിയയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ലിബിയയിൽ നഴ്‌സാണ്. മൂന്നു മക്കളുണ്ട്. ട്രിപ്പോളിയിലാണ് ഇവരുടെ താമസം. ലിബിയയിൽ തുടരുന്ന റെജിയുടെ ഭാര്യയാണ് വിവരങ്ങൾ നാട്ടിലുള്ളവരെ അറിയിച്ചത്. ട്രിപ്പോളിയിലെ ജോലി സ്ഥലത്തുനിന്നുമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ലിബിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. സിആർഎ (സിവിലിയൻ രജിസ്‌ട്രേഷൻ അഥോറിറ്റി)യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിയാണ് റെജി ചെയ്തു കൊണ്ടിരിക്കുന്നത്. ഏതാനും ദിവസം മുൻപ് ഈ സൈറ്റ് ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. സി.ആർ.എ (സിവിലിയൻ രജിസ്‌ട്രേഷൻ അഥോറിറ്റി)യുടെ പ്രോജക്ട് ഉദ്യോഗസ്ഥനാണ് റെജി. ട്രിപ്പോളിയിലെ ജോലി സ്ഥലത്തുനിന്നുമാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

മാർച്ച് 31 നാണ് റെജി അവസാനമായി ഭാര്യയോട് സംസാരിച്ചത്. രണ്ടു വർഷം മുമ്പാണ് റെജിയും കുടുംബവും ലിബിയയിലേക്ക് പോയത്. റെജി ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ലിബിയയിലുള്ള രാമപുരം സ്വദേശി ബിനോയ് അഗസ്റ്റിൻ അമ്പഴത്താമുറ്റത്തിൽ എന്ന സാമൂഹ്യ പ്രവർത്തകന്റെ സഹായത്തോടെയാണ് ബന്ധുക്കൾ ലിബിയയിലെ അധികൃതരുമായി ബന്ധപ്പെടുന്നത്.