പുതുക്കാട് : സൗദി അറേബ്യയിലെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് വിശുദ്ധനാട് സന്ദർശനത്തിനുപോയ പുതുക്കാട് സ്വദേശിയെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽനിന്നും വിശുദ്ധനാട് സന്ദർശിക്കാനെത്തിയ പുതുക്കാട് കൊടിയൻ വീട്ടിൽ വർഗീസാണ് ഇസ്രയേൽ എയർപോർട്ടിൽ പിടിയിലായത്.

കാൽനൂറ്റാണ്ടുമുമ്പ് വർഗീസ് ജോലി ചെയ്തിരുന്ന സൗദി അറേബ്യയിലെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് അറ്‌സറ്റിന് കാരണം. കേസിനെ തുടർന്ന് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബിസിനസുമായി കഴിയുകയായിരുന്നു വർഗീസ്. സൗദിയിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കെനിയൻ സ്വദേശിയാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതെന്നും അത് വർഗീസ് ഉൾപ്പെടെയുള്ളവരുടെ പേരിൽ കെട്ടിവെക്കുകയായിരുന്നുവെന്നും പറയുന്നു.

സൗദിയുടെ പരാതിയിൽ കേരള പൊലീസ് വർഗീസിനെ അറസ്റ്റു ചെയ്തിരുന്നെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇങ്ങനെയൊരാൾ കേരളത്തിലില്ലെന്നാണ് എംബസി വഴി സൗദി പൊലീസിന് നൽകിയ വിവരം. ഇന്റർപോൾ അറസ്റ്റ് ചെയ്ത വർഗീസിനെ സൗദി പൊലീസിന് കൈമാറി. വർഗീസിനെ വിട്ടുകിട്ടുന്നതിനായി ബന്ധുക്കൾ പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫുമായി ബന്ധപ്പെട്ട് നീക്കം തുടങ്ങി. വർഗീസും ഭാര്യയും ഉൾപ്പെടെ 40 ഓളം പേരാണ് വൈദികന്റെ നേതൃത്വത്തിൽ വിശുദ്ധനാട് സന്ദർശനത്തിന് പോയത്.

എന്നാൽ യാത്രവിവരങ്ങൾ മനസ്സിലാക്കി ഇന്റർപോൾ സമർത്ഥമായി കരുനീക്കി. ഇതിനൊടുവിലാണ് വർഗ്ഗീസ് കുടുങ്ങിയത്. സൗദിയിൽ വിചാരണ നേരിട്ടാൽ വർഗ്ഗീസിന് വലിയ ശിക്ഷ ലഭിക്കുമെന്നാണ് സൂചന. കേരളത്തിലെ രാഷ്ട്രീയ സൗഹൃദങ്ങൾ മുതലാക്കി വർഗ്ഗീസിനെ രക്ഷിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ അറസ്റ്റിലായ സ്ഥിതിക്ക് ഇനിയൊന്നും ചെയ്യാനാകില്ലെന്നാണ് ലഭിക്കുന്ന സൂചന. വിചാരണയിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ചാൽ മാത്രമേ രക്ഷപ്പെടാനാകൂ. അതിനൊപ്പം കാൽനൂറ്റാണ്ട് ഒളിവിൽ കഴിഞ്ഞതും വർഗ്ഗീസിന്റെ കേസ് വിചാരണയെ സ്വാധീനിക്കും.

ഹജ്ജു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക കേന്ദ്രമായി ജറുസലേം മാറിക്കഴിഞ്ഞു. ദൈവത്തിന്റെ മകൻ മനുഷ്യശിശുവായി പിറന്നു വീണ മണ്ണാണത്. വിശുദ്ധനാട് സന്ദർശനത്തിന് ധാരളം വിശ്വാസികളും കേരളത്തിൽ നിന്ന് പോകാറുണ്ട്.