ദോഹ: ഖത്തറിൽ പെരുന്നാൾ തലേന്ന് മലയാളി ബാലൻ അപകടത്തിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകൻ ഇസാൻ അഹ്മദ് ബഷീറാണ്(6) മരിച്ചത്. മലയാളി ബാലന്റെ മരണ വാർത്ത ഖത്തർ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി.

കുടുംബത്തോടൊപ്പം ശനിയാഴ്ച രാത്രി 8.30ന് വുകൈർ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് വരുമ്പോൾ മകനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുകയും വക്‌റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസും സിവിൽ ഡിഫൻസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 6.30ന് റസ്റ്റോറന്റിന് മുന്നിലുള്ള മാൻഹോളിൽ നിന്ന് മൃതദേഹം കണ്ടെത്തി. ദോഹ ഐഡിയൽ സ്‌കൂൾ ഗ്രേഡ് 1 വിദ്യാർത്ഥിയാണ് മരിച്ച ഇസാൻ.

വക്‌റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇവിടെ ഖബറടക്കും.