മാഡ്രിഡ്: സ്‌പെയിനിൽ ഹോളിഡേ ആഘോഷിക്കാനെത്തിയ 15 കാരനായ മലയാളി ബാലൻ ഹോട്ടൽ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണു മരിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ബിൻസിയുടെയും ആന്ധ്രാക്കാരനായ ഡോ. സലീം ജോണലഗാടയുടെയും മകൻ സിയാൻ ജോണാലഗാടയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ലണ്ടനിലെ ലിങ്കൻഷെയറിലെ ഗ്രാൻഥം എന്ന സ്ഥലത്ത് താമസിച്ച് ജോലി ചെയ്തിരുന്ന ഈ കുടുംബം അവധി ആഘോഷിക്കാനായാണ് സ്‌പെയിനിലേക്ക് പോയത്. അവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണാണ് അപകടം ഉണ്ടായതെന്ന് കരുതപ്പെടുന്നു.

കൊല്ലപ്പെട്ട സിയാന് 15 വയസ്സായിരുന്നു പ്രായം. സിയാന് ഒരു ഇളയ സഹോദരി കൂടിയുണ്ട്. കുടുംബസമേതം ഒരാഴ്ചയായി ഇവർ സ്‌പെയിനിൽ ആയിരുന്നു. ഇവർ താമസിച്ചിരുന്ന റൂമിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാതിരുന്നതിനാൽ റെസ്റ്റോറന്റിൽ ഇരുന്നു കുടുംബാംഗങ്ങൾ സർഫ് ചെയ്യുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഒപ്പും ഇരുന്നിരുന്ന സിയാൻ മുറിയിലേക്ക് പോവുകയാണ് എന്ന പറഞ്ഞ് മുറിയുടെ താക്കോലുമായി പോയി അൽപ്പം കഴിഞ്ഞ ഉടൻ ആണ് അപകടം ഉണ്ടായത്. ബാൽക്കണിയിൽ കയറിയപ്പോൾ കാൽ വഴുതി വീണതാകും അപകട കാരണമെന്ന് പൊലീസ് കണക്കാക്കുന്നത് അതുകൊണ്ടാണ്.

പിതാവ് ദുരന്തം അറിയുന്നത് വളരെ സങ്കടകരമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നു. പിതാവും മാതാവും അടക്കമുള്ളവർ റെസ്റ്റോറന്റിൽ ഇരിക്കവെ താഴെ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ ആളുകൾ ഓടിക്കൂടുന്നത് കണ്ടു. ഡോക്ടർ ആയതിനാൽ പ്രാഥമിക ശുശ്രൂഷ ആവശ്യമുണ്ടെങ്കിൽ നൽകാം എന്ന് വിചാരിച്ചാണ് പിതാവ് സംഭവ സ്ഥലത്തേക്ക് ചെല്ലുന്നത്. അവിടെ എത്തിയപ്പോഴാണ് അപടകത്തിൽ പെട്ടത് തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ സിയാൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പെട്ടന്ന് തന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ഇന്നോ നാളെയോ മൃതദേഹം യുകെയിലേക്ക് കൊണ്ട് പോകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കൾ സ്ഥലത്ത് എത്തിയ ശേഷം യുകെയിൽ തന്നെ സംസകാരം നടത്തിയേക്കും. കൂടുതൽ വിവരങ്ങൾ അനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.