- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ചാരപാത തെറ്റി നടുക്കടലിൽ അലഞ്ഞത് ആഴ്ച്ചകളോളം; രണ്ടാഴ്ച്ച ജീവൻ നിലനിർത്തിയത് മഴവെള്ളം മാത്രം കുടിച്ച്; സാഹസികന് കൈത്താങ്ങുമായി മലയാളി കപ്പിത്താൻ; ജോയിമോൻ പൗലോസിനെ അഭിനന്ദിച്ച് യുഎസ് തീരരക്ഷാ സേന; പസഫിക് മഹാസമുദ്രത്തിലെ ഒരു രക്ഷാപ്രവർത്തന കഥ
കൂത്താട്ടുകുളം : സമുദ്രവും സമുദ്രസഞ്ചാരവുമൊക്കെ എന്നും കേൾവിക്കാർക്ക് വിസ്മയ കഥകളാണ്.സമുദ്രത്തിലെ രക്ഷാദൗത്യവും അതിജീവനകളുമൊക്കെ എന്നും പ്രസക്തവുമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കഥയാണ് പസഫിക് മഹാസമുദ്രത്തിൽ നിന്നും പുറത്ത് വരുന്നത്. സഞ്ചാരപാത തെറ്റി നടുക്കടലിൽ ആഴ്ചകളായി അലഞ്ഞ സാഹസികനു പുതുജീവനേകിയ മലയാളി കപ്പിത്താന്റെ രക്ഷാദൗത്യം. സിംഗപ്പൂർ എണ്ണക്കപ്പലായ എമറാൾഡ് സ്പിരിറ്റിന്റെ ക്യാപ്റ്റൻ കൂത്താട്ടുകുളം കരിമ്പന ഇരുപൂളുംകാട്ടിൽ ജോയിമോൻ പൗലോസാണ് പസഫിക് മഹാസമുദ്രത്തിൽ യുവാവിന് രക്ഷകനായത്. കപ്പിത്താനെ അഭിനന്ദിച്ച് യുഎസ് തീരരക്ഷാ സേനയും രംഗത്തെത്തി.
എൻജിൻ ഇല്ലാത്ത ബോട്ടിൽ കടലിൽ തുഴഞ്ഞു യാത്ര ചെയ്യുകയായിരുന്നു ആരോൻ എന്ന സാഹസികൻ.ആഴ്ചകളോളമാണ് ഇയാൾ ദിശതെറ്റി കടലിൽ അലഞ്ഞത്.കാബോ സാൻ ലൂക്കാസിൽ നിന്ന് മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള യാത്രക്കിടെ പ്രതികൂല കാലാവസ്ഥയിൽ ആരോനിന്റെ വഞ്ചി നിയന്ത്രണം തെറ്റി സഞ്ചാരപാത വിട്ടു പോകുകയായിരുന്നു. കടലിൽ ദിശയറിയാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതോടെ ഭക്ഷണവും വെള്ളവും തീർന്നു. ശേഖരിച്ചു വച്ച മഴവെള്ളം മാത്രം കുടിച്ച് 2 ആഴ്ചയോളം കഴിഞ്ഞു.
ഡിസംബർ 29നു ഉച്ചയ്ക്ക് 12.30ന് യുഎസ് കോസ്റ്റ്ഗാർഡ് റസ്ക്യു കോഓർഡിനേഷൻ സെന്ററിൽ നിന്ന് ജോയിമോന് വിളിയെത്തി. പസഫിക് തീരത്തു നിന്ന് 160 കിലോമീറ്റർ അകലെ എൻജിൻ ഇല്ലാത്ത വള്ളത്തിൽ ഒരാൾ അവശനായി കിടക്കുകയാണെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. തുടർന്ന് കപ്പൽ അങ്ങോട്ട് തിരിച്ചു വിട്ടു. വഞ്ചിയിൽ ഏറെ അവശനായ നിലയിലായിരുന്നു ആരോൻ.
15 മീറ്റർ ഉയരമുള്ള കപ്പൽ ഡെക്കിൽ നിന്ന് 7 കവറുകളിലായി ഭക്ഷണവും പഴങ്ങളും വെള്ളവും അത്യാവശ്യ മരുന്നുകളും വഞ്ചിയിലേക്ക് ഇറക്കിക്കൊടുത്തു. ആദ്യത്തെ പൊതികൾ നെഞ്ചോടു ചേർത്ത് കുറച്ചു നേരം കുനിഞ്ഞിരുന്ന ആരോനിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതായി ജോയിമോൻ പറഞ്ഞു. ഭക്ഷണവും വെള്ളവും കഴിച്ച് ആരോഗ്യം വീണ്ടെടുത്ത ആരോൻ കപ്പൽസംഘത്തിന് കൈവീശി നന്ദി പറഞ്ഞ് യാത്ര തുടർന്നു
രക്ഷാ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് യുഎസ് കോസ്റ്റ്ഗാർഡ് സേർച്ച് ആൻഡ് റസ്ക്യു സ്പെഷലിസ്റ്റ് ഡഗ്ലസ് ഡബ്ല്യു. സാംപിന്റെ ഇമെയിൽ പിറ്റേന്നു തന്നെ ജോയിമോന് ലഭിച്ചു. കപ്പലിലെ ഏക മലയാളിയാണ് ജോയിമോൻ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6 പേരാണുള്ളത്. ബാക്കിയെല്ലാവരും ഫിലിപ്പീൻസുകാർ. 1987ൽ മറൈൻ നോട്ടിക്കൽ ഓഫിസറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 15 വർഷമായി സിംഗപ്പൂർ കമ്പനിയുടെ കപ്പലിൽ ക്യാപ്റ്റനാണ്.
മറുനാടന് മലയാളി ബ്യൂറോ