- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡോ യുക്രൈൻ റഷ്യ യുദ്ധമോ തടസ്സമായില്ല; 30 ദിവസത്തിനുള്ളിൽ റോഡ് മാർഗം 13 രാജ്യങ്ങൾ സന്ദർശിച്ച് മലയാളി ദമ്പതികൾ; ദുബായിൽ നിന്ന് ആരംഭിച്ച് കാറിൽ 8800 കിലോമീറ്റർ ചുറ്റിയ ദമ്പതികൾ യാത്ര അവസാനിപ്പിച്ചത് ഫിൻലാൻഡിൽ; യാത്രാ മോഹികളെ കൊതിപ്പിക്കുന്ന അപൂർവ്വ യാത്രയുടെ കഥ
ദുബായ്: ഒരു വൺഡേ ടുറിന് പോലും ഒരുപാട് ചിന്തിക്കുന്നവർ ഉള്ള നാടാണ് നമ്മുടേത്.യാത്രാ മോഹികൾ എന്നവകാശപ്പെടുന്നവരിൽ പോലും ഒരു യാത്രക്കിറങ്ങുമ്പോൾ ഇത്തരം ആശങ്കൾ കാണാറുണ്ട്.പക്ഷെ യാത്ര ചെയ്യണം എന്ന അതിയായ ആഗ്രഹമുണ്ടെങ്കിൽ ദ ദുബായിലെ ഈ മലയാളി ദമ്പതികളെ കണ്ടുപഠിക്കണം.ദുബായിലെ ഗൾഫ് ഫസ്റ്റ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും തൃശൂർ ചാവക്കാട് സ്വദേശിയുമായ ജമീൽ മുഹമ്മദ്, ഭാര്യ നിഷ ജമീൽ എന്നിവരാണ് ഈ മാതൃക.
വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം നിറവേറ്റാൻ ഇവർക്കു മുന്നിൽ കോവിഡോ, യുക്രെയ്ൻ യുദ്ധമോ തടസ്സമായില്ല.ദുബായിൽ നിന്ന് റോഡുമാർഗം കിഴക്കൻ യൂറോപ്പ് അടക്കം 13 രാജ്യങ്ങൾ സാഹസികമായി സഞ്ചരിച്ചാണ് ഇവർ യാത്രാ മോഹികൾ ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചത്. 30 ദിവസം കൊണ്ട് 8,800 കിലോമീറ്ററാണ് ഇവർ ലാൻഡ് ക്രൂയിസർ വാഹനത്തിൽ സഞ്ചരിച്ചത്.ദുബായിൽ നിന്ന് ഇറാൻ വഴി, തുർക്കി, ബൾഗേറിയ, സെർബിയ, റൊമേനിയ, ഹംഗറി, സ്ലോവാക്യ, ചെചിയ, പോളണ്ട്, ലാറ്റ്‌വിയ, ലിത്വാനിയ, അസ്റ്റോണിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ യാത്ര പൂർത്തിയാക്കിയത്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാർ ഈസ്റ്റ്, മഗ്രിബ് രാജ്യങ്ങൾ ഉൾപ്പെടെ ഇതിനകം 65 രാജ്യങ്ങൾ സന്ദർശിച്ച ജമീലും നിഷയും ലോക സഞ്ചാരം ഇഷ്ട വിനോദമായിക്കാണുന്നവരാണ്. ആദ്യമായാണ് ദുബായ് രജിസ്റ്റ്രേഷൻ വാഹനത്തിൽ മുഴുസമയം ഡ്രൈവ് ചെയ്ത് പൂർണമായും റോഡുമാർഗം യാത്ര പോകുന്നത്. സാഹസികവും എന്നാൽ കൗതുകകരവുമായ യാത്ര വഴി ജനങ്ങൾ, നഗരങ്ങൾ, സംസ്‌കാരങ്ങൾ, ജീവിതരീതികൾ, വികസനപ്രവർത്തങ്ങൾ, പ്രകൃതി ഭംഗി, അതിർത്തികൾ, വ്യത്യസ്തമായ നിയമങ്ങൾ, ജനങ്ങളുടെ ജീവിത വീക്ഷണങ്ങൾ, തൊഴിൽ സംരംഭങ്ങൾ, മ്യൂസിയങ്ങൾ, ആരാധാനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെല്ലാം നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചതായി ഇരുവരും പറഞ്ഞു.
നേരത്തെ വിമാനമാർഗം പോയി, അവിടങ്ങളിലെത്തിയാൽ ഡ്രൈവ് ചെയ്തു പോകുന്ന പതിവായിരുന്നുവെന്നും ജമീൽ പറഞ്ഞു. യാത്രയിൽ ഓരോ രാജ്യത്തിന്റെയും തലസ്ഥാന നഗരിയിൽ പ്രവേശിക്കുക എന്ന സ്വപ്നവും സാക്ഷാത്കരിച്ചതായി അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഡ്രൈവ് ചെയ്യാൻ പ്രയാസമായിരിക്കും എന്ന് കരുതി ഒട്ടേറെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പക്ഷേ, എല്ലാ ധാരണകളും തിരുത്തി, അതിമനോഹരമായ റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇറാനിൽ വരവേറ്റത്.
ശിരസ്, ഇസ്ഫഹാൻ, തെഹ്‌റാൻ, തബ്രീസ് തുടങ്ങിയ സാംസ്‌കാരിക നഗരങ്ങളിലൂടെ സഞ്ചരിക്കാനായി. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലൂടെയും ഇസ്താൻബൂളിലൂടെയും സഞ്ചരിച്ചാണ് ബൾഗേറിയയിൽ പ്രവേശിച്ചത്. ആദ്യമായാണ് അവരുടെ റോഡിൽ ഒരു ദുബായ് രജിസ്റ്റ്രേഷൻ വാഹനം കാണുന്നതെന്ന കൗതുകം പലരും പങ്കുവച്ചു. ബൾഗേറിയയുടെ തലസ്ഥാന നഗരിയിൽ, ചിതൽ പുറ്റുകളിൽ മനുഷ്യർ താമസിച്ചിരുന്ന പ്രദേശങ്ങൾ കാണാനായി. ബാൽക്കൻ രാജ്യങ്ങളിൽ അഴിമതിയും കൈക്കൂലിയും വളരെ കൂടുതലാണ്.
ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയ വഴിയാണ് സെർബിയയിൽ എത്തിയത്. സെർബിയക്കാർ ഇംഗ്ലീഷ് സംസാരിക്കില്ല എന്നതിനാൽ പൊലീസ് സ്റ്റേഷനിലടക്കം പരിഭാഷകനെ വെക്കേണ്ടി വന്നു. ഹങ്കറി മുതലാണ് ഷെങ്കൻ വീസയുടെ വാലിഡിറ്റി തുടങ്ങുന്നത്. റൊമേനിയൻ അതിർത്തിയിൽ യുക്രെയ്‌നിൽ നിന്നുള്ള അഭയാർഥികളുടെ പ്രവാഹമായിരുന്നു. യുക്രെയ്‌നും ഹങ്കറിയും നേരിട്ട് അതിർത്തി പങ്കിടാത്തതിനാൽ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ജനങ്ങളുടെ തിരക്ക് കാരണം അതിർത്തി കടക്കാൻ സമയമെടുത്തു.
പതിനാലാം നൂറ്റാണ്ടിൽ മരിച്ച 70,000 പേരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിർമ്മിച്ച ബോൺ ചർച്ച് പ്രാഗിലെ പ്രധാന കാഴ്ചയാണ്. യൂറോപ്പിലെ ഏറ്റവും പുരാതനമായ കാനോസ് നഗരം ലിത്വാനിയയിലാണ്. ലാറ്റ്‌വിയയിൽ എത്തിയാൽ യൂറോപ്പിന്റെ ലാൻഡ് സ്‌കേപ് മാറുന്നതായി കാണാം. ബാൾട്ടിക് സമുദ്ര തീരത്തിലൂടെ നീണ്ട ഡ്രൈവ് പ്രത്യേക അനുഭവമാണ്. ഫിൻലൻഡ് ആയിരുന്നു യാത്രയുടെ ലക്ഷ്യ കേന്ദ്രം.
മലയാളികൾ ഉൾപ്പെടെ അപൂർവം ഇന്ത്യക്കാർ അവിടെ സ്ഥിര താമസക്കാരാണ്. പല രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കളെയും കസ്റ്റമേഴ്‌സിനെയും നേരത്തെ തന്നെ ബന്ധപ്പെട്ട് ഒരുക്കങ്ങൾ നടത്തിയതിനാൽ യാത്രയിൽ വലിയ സഹായമായതായി ജമീൽ പറഞ്ഞു.
2014 മുതലുള്ള ഒരു സ്വപ്നമായിരുന്നു ദുബായ് രജിസ്റ്റ്രേഷൻ വാഹനത്തിൽ ദീർഘ സഞ്ചാരം നടത്തുക എന്നത്. അത് സാക്ഷാത്കകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ജമീലും നിഷയും.
കൂടുതൽ രാജ്യങ്ങളിലൂടെ സെൽഫ്-ഡ്രൈവ് യാത്രക്ക് പദ്ധതിയിടുന്നതായും ഇരുവരും പറഞ്ഞു. താമസം ഉൾപ്പെടെ കൃത്യമായ പ്ലാനിങ്ങോട് കൂടിയായിരുന്നു യാത്ര. ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു. ദുബായിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഖദീജ ഹനാൻ ജമീൽ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഐഷ ദനീൻ ജമീൽ എന്നിവർ മക്കളാണ്.
മറുനാടന് മലയാളി ബ്യൂറോ