ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോഷണ ശ്രമത്തെ തുടർന്ന് ദമ്പതികൾ കൊല്ലപ്പെട്ടതാകാമെന്നാണ് സൂചന. നർമദ നഗറിൽ താമസിക്കുന്ന മലയാളികളായ ജികെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്.

പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതികളെ കുറിച്ച് ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. മോഷണ ശ്രമത്തിനിടെ ദമ്പതികൾ കൊല്ലപ്പെട്ടതാണെന്നണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ രാത്രിയാവാം ഇവർ കൊല്ലപ്പെട്ടതെന്ന് കരുതുന്നു. രാവിലെ വീട്ടുവേലക്കാർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്ന ദമ്പതികളെ കാണുന്നത്. ഗോമതിയുടെ സ്വർണമാലയും വളയും നഷ്ടപ്പെട്ടിരുന്നു.

വ്യോമസേന മുൻ ഉദ്യോഗസ്ഥനാണ് ജി.കെ നായർ. സർക്കാർ ആശുപത്രിയിലെ നഴ്സ് ആയിരുന്നു ഭാര്യ ഗോമതി. മൂന്ന് പെൺമക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

മക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.