തൊടുപുഴ: ബെംഗളൂരുവിൽ ലോറിയിൽ നിന്നു വീണ് മലയാളിയായ ഡ്രൈവർ മരിച്ചു. തൊടുപുഴ കൈതക്കോട് അമ്പാനപ്പിള്ളിൽ ഷംസുദ്ദീന്റെ മകൻ സുധീർ (27) ആണു മരിച്ചത്. ബെംഗളൂരുവിൽ നിന്ന് തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റഎ ഡ്രൈവറായിരുന്നു സുധീർ.

കഴിഞ്ഞ ദിവസവും പതിവു പോലെ തൊടുപുഴയിൽ നിന്നു പച്ചക്കറി കയറ്റുന്നതിനു ലോറിയുമായി എത്തിയതായിരുന്നു സുധീർ. ലോറിയിൽ ലോഡ് കയറ്റിയതിനു ശേഷം മുകളിൽ നിന്നു പടുത കെട്ടുന്നതിനിടയിൽ ലോറി മെല്ലെ നീങ്ങി. ബാലൻസ് തെറ്റിയ സുധീർ റോഡിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പോസ്റ്റുമോർട്ടം ഇന്നുനടക്കും. നാലു വർഷമായി ബെംഗളൂരുവിൽ നിന്നു തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുധീർ.

ഒഴിവുദിവസങ്ങളിൽ തൊടുപുഴ ടൗണിൽ ഓട്ടോ ഓടിച്ചിരുന്നു. കബറടക്കം തൊടുപുഴ കാരിക്കോട് നൈനാരു പള്ളി കബർസ്ഥാനിൽ പിന്നീട്. മാതാവ്: സുലൈഖ. ഭാര്യ: ഫൗസിയ. ഒരു വയസ്സുള്ള കുഞ്ഞുണ്ട്.