മസ്‌കറ്റ്: മസ്‌കറ്റിനടുത്ത് ജിഫ്‌നൈനിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്തെിയ മലയാളി ദമ്പതികളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനായ വിജേഷ് (36), ഭാര്യ മൃദുല (26) എന്നിവരാണ് മരിച്ചത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം സെക്രട്ടറി പി.എം. ജാബിർ പറഞ്ഞു. അതിനാൽ, പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുപോവുക. കഴിഞ്ഞ ഒമ്പതിനാണ് ഇവരെ താമസസ്ഥലത്ത് ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് മരിച്ചനിലയിൽ കണ്ടത്തെിയത്. ഏറെ ദുരൂഹതകൾ ഉയർത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം വേണമെന്ന നിലപാടിലായിരുന്നു മസ്‌ക്കറ്റ് പൊലീസ്. എന്നാൽ ഉന്നത ഇടപെടലിലൂടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കി. ഇതോടെ വിജേഷിന്റേയും മൃദുലയുടേയും കൊലയിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ രക്ഷപ്പെടും. ഇനി ആത്മഹത്യയാണെങ്കിൽ പോലും അത് അസ്വാഭാവിക മരണമാണ്. അതുകൊണ്ട് തന്നെ സംശയം ഒഴിവാക്കാൻ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് നല്ലതുമായിരുന്നു. എന്നിട്ടും അതൊഴിവാക്കാൻ നടന്ന കളികളിൽ ഒമാനിലെ മലയാളി സമൂഹത്തിനും പ്രതിഷേധമുണ്ട്.

മെയിൻ സ്വിച്ചിൽനിന്നുള്ള വയർ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികൾ. രണ്ട് വയസ്സുള്ള ഇവരുടെ മകൻ ദീപാനന്ദ് സംഭവത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാൽ പിന്നീച് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. രണ്ടര വയസുകാരി കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭർത്താവും കുട്ടിയും കാലുകളിൽ ഇലക്ട്രിക് വയറുകൾ ഇൻസുലേഷൻ മാറ്റി ചെമ്പുകമ്പികൾ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇൻസുലേഷൻ മാറ്റിയ ചെമ്പ് കമ്പികൾ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭർത്താവും കെട്ടിപിടിച്ച് കിടക്കുകയയിരുന്നു.

ഷോക്കേറ്റാണ് മരിച്ചതെങ്കിൽ കുട്ടി രക്ഷപെടില്ല. മാത്രമല്ല ദമ്പതിമാർക്ക് ഷോകേറ്റാൽ കുട്ടിക്കും ബാധിക്കും. അവർ ഒന്നാകെ കെട്ടിപിടിച്ചായിരുന്നു കിടന്നത്. ഷോകേറ്റായുരുന്നു മരിച്ചതെങ്കിൽ ചിത്രത്തിലെ ദൃശ്യങ്ങൾ പ്രകാരം കുട്ടിയുടെ കാലിൽ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകൾ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാൽ മുറിയിൽ വയറുകൾ കത്തിയതിന്റെ പുകയും മാംസത്തിൽ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയിൽ ലൈൻ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാർ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തിൽ അവർ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകൾ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്. ഇതൊക്കെ മറുനാടൻ മലയാളിയിൽ വാർത്തയായതോടെ സോഷ്യൽ മീഡിയ ഒന്നാകെ വിഷയം ഏറ്റെടുത്തു. ഇതിനിടെയാണ് സമ്മർദ്ദ തന്ത്രത്തിലൂടെ പോസ്റ്റ് മോർട്ടം ഒഴിവാക്കിയത്. ഇതിലൂടെ വിഷം അകത്തു ചെന്നാണോ മരണം സംഭവിച്ചതെന്ന സംശയ ദൂരികരണത്തിനുള്ള സാധ്യതയും അവസാനിച്ചു.

വിജേഷിന്റെ ജ്യേഷ്ഠൻ അജേഷ് പറഞ്ഞിരുന്നത് താൻ വന്നപ്പോൾ കുട്ടി തറയിൽ മാറി കിടക്കുകയായിരുന്നു എന്നാണ്. എന്നാൽ പുറത്തുവന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഈ സാഹചര്യത്തിൽ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു സൂചന. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. താൻ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടൻ അജേഷ് എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ ഇരുവരും മരിച്ചിരുന്നു. മാറി തറയിൽ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ മൊഴിയിലെ വൈരുദ്ധ്യങ്ങൾക്ക് പോസ്റ്റ് മോർട്ടത്തിലൂടെ ഉത്തരം കണ്ടെത്താമെന്നായിരുന്നു മസ്‌ക്കറ്റ് പൊലീസിന്റെ പ്രതീക്ഷ. അതിനെയാണ് ഉന്നത സ്വാധീനത്തിലൂടെ അട്ടിമറിക്കപ്പെട്ടതെന്ന ആരോപണമാണ് ഒമാനിലെ മലയാളി സമൂഹം ഉയർത്തുന്നത്.

ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയിൽ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിയില്ല. ഇടയ്ക്ക് തലവേദന കലശലായതിനെത്തുടർന്ന് വിജേഷ് നാട്ടിലേയ്ക്ക് പോയിരുന്നു. എന്നാൽ പിന്നീട് രോഗത്തെപ്പറ്റി അന്വേഷിച്ച സഹോദരനോട് പോലും ഒന്നും പറയാൻ വിജേഷ് തയ്യാറായിരുന്നില്ല. വിജേഷിന് എന്തെങ്കിലും അസുഖമുണ്ടായിരിക്കാമെന്നും അതാകും ആത്മഹത്യയക്ക് കാരണമെന്നുമാണ് ആദ്യ വിലയിരുത്തലുകൾ എത്തിയത്. നാട്ടിൽ പുതുതായി വീട് പണികഴിപ്പിക്കുകയും കാർ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ വിജേഷും മൃദുലയും എന്തിന് മരിച്ചുവെന്നത് അവ്യക്തം. ഇതേ തുടർന്നുള്ള അന്വേഷണങ്ങളാണ് ഫോട്ടോകളിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇവരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടയുടൻ തന്നെ പ്രവാസികളുടെ സമ്മർദ്ദ ജീവിതവും ആത്മഹത്യയുമെന്ന വിഷയത്തിൽ ഒമാനിലെ ചില സംഘടനാ പ്രവർത്തകർ പ്രതികരിച്ചിരുന്നു. അവർ സത്യം പുറത്തുവരാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇന്ത്യയിൽ ആത്മഹത്യാക്കേസുകളിൽ പോസ്റ്റ്‌മോർട്ടം പതിവാണ്. ഇതൊക്കെ അറിയാവുന്നതവാരാണ് അട്ടിമറിക്ക് കൂട്ടു നിന്നത്. അതിനിടെ കേരളത്തിൽ മൃതദേഹം എത്തിച്ച ശേഷം പോസ്റ്റ് മോർട്ടം നടത്തണമെന്ന അഭിപ്രായം മൃദുലയുടെ ചില ബന്ധുക്കൾക്കുണ്ട്. ഇവർ പരസ്യമായി തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ട സാഹചര്യം ഉയരും. ഇതിനെ അട്ടിമറിക്കാനും സമര്ത്ഥമായ കരുനീക്കങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ൽ വിവാഹം കഴിച്ചു. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പൽിങ്, വയറിങ് ജോലികൾ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോൺസർഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി ആർക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയതും.