കൊച്ചി: കുടുംബങ്ങൾക്കും യുവാക്കൾക്കുമെല്ലാം ഒരു പോലെ ഇഷ്ടപ്പെട്ട സിനിമയാണ് ഫഹദ് ഫാസിലും അമല പോളും നായികാനായകന്മാരായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രം. ചെറുപ്പത്തിലേ സായിപ്പന്മാരായ ദമ്പതികൾ ദത്തെടുക്കപ്പെട്ട് വിദേശത്ത് പോയ ശേഷം വർഷങ്ങൾക്ക് ശേഷം തിരികേ കേരളത്തിൽ മാതാപിതാക്കളെ തേടിയെത്തുന്ന യുവതിയുടെ കഥയായിരുന്നു ഈ സത്യൻ അന്തിക്കാട് ചിത്രം പറയുന്നത്.

ഈ യുവതി കേരളത്തിൽ എത്തിയ ശേഷം മാതാപിതാക്കളെ ഒരു കോൺഗ്രസ് നേതാവിന്റെ സഹായത്തോടെ കണ്ടെത്തുന്നു എന്നതാണ് സിനിമാക്കഥ. ഇങ്ങനെ സിനിമാക്കഥ പോലൊരു സംഭവത്തെ കുറിച്ചുള്ള വാർത്തകൾ നേരത്തെ മലയാള പത്രങ്ങളുടെ താളുകളിൽ രംഗത്തുണ്ട്.

സുനിത ചിലമ്പുംകുന്നേൽ എന്ന ബെൽജിയം സ്വദേശിനിയായ മലയാളി യുവതിയുടെ ജീവിത കഥയാണ് അടുത്തകാലത്ത് പ്രാദേശിക പത്രങ്ങളുടെ താളുകളിൽ ഇടം പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മാതാവിനെ തേടി എത്തിയ സുനിതയുടെ ജീവിതം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുകയാണ്. തിരിച്ചിലിന് ഒടുവിൽ മാതാവിനെ കണ്ടെത്തിയ യുവതി ഇപ്പോൾ തിരയുന്നത് സ്വന്തം പിതാവിനെയാണ്. ബെൽജിയൻ പൗരത്വമുള്ള സുനിത മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിലെ ഒരു ഓർഫണേജിൽ നിന്നും ദത്തെടുക്കപ്പെട്ടവളാണ്.

രണ്ടര വയസാകും മുൻപ് എറണാകുളം സെന്റ് തെരേസാസ് അനാഥാലയത്തിൽ നിന്ന് ബെൽജിയം ദമ്പതിമാർ ദത്തെടുത്ത് വളർത്തിയതാണ് സുനിതയെ. 18 മാസമായപ്പോൾ അമ്മ കോട്ടയത്തെ സെന്റ് ജോസഫ് ഓർഫനേജിൽ കൊണ്ടു ചെന്നാക്കുകയായിരുന്നു. ഇവിടെ നിന്ന് സെന്റ് തെരേസാസിലേക്ക് മാറ്റി. ഷീജ എന്നായിരുന്നു അന്നത്തെ പേര്. ഈ പേര് മാറ്റിയാണ് സുനിതയെന്ന് പേരിട്ടത്. സുനിതയ്ക്ക് രണ്ടര വയസായപ്പോഴാണ് ബെൽജിയൻ ദമ്പതികൾ കേരളത്തിൽ എത്തിയത്. ഇവർ സുനിതയെ ദത്തെടുത്ത് ബെൽജിയത്തിലേക്ക് കൊണ്ടുപോയി. എന്നാൽ, വർഷങ്ങൾക്ക് സ്വന്തം വേരുകളെ കുറിച്ചുള്ള ചിന്ത സുനിതയെ വേട്ടയാടി. തുടർന്നാണ് ഇവർ കേരളത്തിലേക്ക് എത്തിയത്. 


2011ലായിരുന്നു സുനിതയുടെ ആദ്യ കേരളാ സന്ദർശനം. ആ വരവിന്റെ ഉദ്ദേശ്യം സ്വന്തം അമ്മയെ അറിയുക എന്നതായിരുന്നു. 1979ലാണ് തതാൻ ജനിച്ചതെന്നും അമ്മ ആരാണെന്നും കണ്ടെത്താനും സുനിതയ്ക്ക് ഈ വരവിലൂടെ സാധിച്ചു. കോൺവെന്റിൽ നിന്നുള്ള രേഖകളാണ് അമ്മയെ കണ്ടെത്താൻ സുനിതയ്ക്ക് സഹായകമായത്. മുണ്ടക്കയത്തിന് സമീപം പുലിക്കുന്നിൽ താമസിക്കുന്ന സുഭദ്രയാണ് അമ്മയെന്ന് സുനിതയ്ക്ക് ബോധ്യമായി. സുഭദ്രയുടെ ആദ്യവിവാഹത്തിൽ ജിഷ എന്ന സഹോദരിയുണ്ടെന്നും ബോധ്യമായി.

അമ്മയെ കാണാൻ സാധിച്ചെങ്കിലും അച്ഛനാരാണെന്ന് മാത്രം സുനിതയ്ക്ക് അറിയാൻ സാധിച്ചില്ല. ഇത്തരം ചോദ്യങ്ങളിൽ നിന്നും വ്യക്തമായ ഉത്തരം നൽകാതെ അമ്മ ഒഴിഞ്ഞു മാറി. മാതാവിനെ അധികം വേദനിപ്പിക്കാൻ മടിയായതു കൊണ്ട് കൂടുതൽ ചോദ്യങ്ങളിലേക്ക് സുനിത കടന്നതുമില്ല. കഴിഞ്ഞവർഷവും സുനിത പിതാവിനെ തിരഞ്ഞ് കേരളത്തിലെത്തി. എന്നാൽ, അന്ന് പത്രങ്ങളിൽ സുനിതയെ കുറിച്ചുള്ള വാർത്തകൾ വന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇതേ തുടർന്ന് സുനിത സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴിയും ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. 

അച്ഛന്റെ പേര് ചെല്ലപ്പൻ എന്നു മാത്രമാണ് സുനിതയ്ക്ക് നിലവിൽ അറിവുള്ളത്. അച്ഛൻ ആരാണെന്നോ ഇപ്പോൾ എവിടെയുണ്ടെന്നോ അമ്മ പറയുന്നില്ല. പിതാവ് ഹോട്ടൽ ജീവനക്കാരനാണെന്നും പൊറോട്ട മേക്കർ ആണെന്നും ആരോ പറഞ്ഞുള്ള അറിവും സുനിതയ്ക്കുണ്ട്. നേരത്തേ പാലക്കാട് ആയിരുന്നുവെന്നും ഇപ്പോൾ കൊല്ലം ചിന്നക്കടയിലാണെന്നും പറഞ്ഞു കേൾക്കുന്നു. ഇത്രയും അറിയാവുന്ന കാര്യങ്ങളുടെ സാഹചര്യത്തിൽ അന്വേഷണം നടത്തിയരുന്നു സുനിത. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഫലമുണ്ടായിട്ടില്ല. തുടർന്ന് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പിതാവിനെ തിരയാനുള്ള ശ്രമത്തിലാണ് അവർ.



നല്ലൊരു ചിത്രകാരി കൂടിയാണു സുനിത. ചിത്രകല തന്നെയാണു ജീവിതോപാധി. ബെൽജിയം പൗരനും വാസ്തുശിൽപ്പിയുമായ മാർട്ടിനെ വിവാഹം ചെയ്ത് അവിടെ തന്നെയാണ് സുനിതയുടെ താമസം. അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് മാർട്ടിനും കൈത്താങ്ങായിരുന്നു. പിതാവിനെ തേടി ഇനിയും എത്താൻ തന്നെയാണ് അവരുടെ തീരുമാനം. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വഴിയുള്ള അന്വേഷണത്തിലൂടെ പിതാവിനെ കണ്ടെത്താൻ സാധിക്കുമെന്നും അവർ കരുതുന്നു.