- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം പാസാക്കി രണ്ടാം ദിവസം മലയാളിയെ അറസ്റ്റ് ചെയ്യാൻ മാത്രം ഉത്തരവാദിത്തം ഓസ്ട്രേലിയക്കുണ്ടോ? പ്രേമം ഡൗൺലോഡ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത സിനിമാ വിതരണം ഏറ്റെടുത്തയാളുടെ കുബുദ്ധിയെന്ന് സൂചന
തിരുവനന്തപുരം: മലയാളം പത്രങ്ങളെ കബളിപ്പിക്കാൻ ആർക്കും നിസ്സാരമായി കഴിയും. നാസയുടെ ശാസ്ത്രജ്ഞനായ കോട്ടയത്തെ അരുണിന്റെ വാർത്ത പെട്ടെന്ന് മറക്കാൻ കഴിയുമോ? അത്തരം ഒരു ഗൂഢാലോചനയും കബളിപ്പിക്കലും ആണ് പ്രേമം ഡൗൺലോഡ് ചെയ്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ മലയാളി അറസ്റ്റിലായി എന്ന വാർത്ത സൂചിപ്പിക്കുന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്
തിരുവനന്തപുരം: മലയാളം പത്രങ്ങളെ കബളിപ്പിക്കാൻ ആർക്കും നിസ്സാരമായി കഴിയും. നാസയുടെ ശാസ്ത്രജ്ഞനായ കോട്ടയത്തെ അരുണിന്റെ വാർത്ത പെട്ടെന്ന് മറക്കാൻ കഴിയുമോ? അത്തരം ഒരു ഗൂഢാലോചനയും കബളിപ്പിക്കലും ആണ് പ്രേമം ഡൗൺലോഡ് ചെയ്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ മലയാളി അറസ്റ്റിലായി എന്ന വാർത്ത സൂചിപ്പിക്കുന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ട് ഇനിയും പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഓസ്‌ട്രേലിയൻ പാർലമെന്റ് രണ്ട് ദിവസം മാത്രം മുമ്പ് പാസാക്കിയ ഒരു നിയമത്തിന്റെ പേരിൽ ഒരു മലയാള സിനിമയ്ക്ക് വേണ്ടി നടപടി എടുക്കും എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇത് വ്യാജ ആരോപണം ആണ് എന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
മെൽബണിൽ എൻജിനീയറായ പാല സ്വദേശി അനീഷ് ജേക്കബ്(28) ആണ് അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നത്. ഓസ്‌ട്രേലിയൻ പൈറസി നിയമപ്രകാരം 20,000 ഡോളർ വരെ പിഴ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചുമത്തിയാണ് അനീഷിനെ അറസ്റ്റു ചെയ്തതെന്നാണ് മലയാളം മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ. ഇതിനോടൊപ്പം തന്നെ ഓസ്‌ട്രേലിയ,ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ സിനിമാ ഡൗൺലോഡിംഗിന്റെ പേരിൽ പിടിയിലാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പൈറസി നിയമം വിദേശ രാജ്യങ്ങളിൽ ശക്തമാണ്. ഈ നിയമത്തിന്റെ ഗൗരവമറിയാതെയാണ് ഇന്റർനെറ്റിൽ നിന്നും മലയാളികൾ സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതെന്നും ഇത്തരക്കാരെയെല്ലാം പൊലീസ് നിരീക്ഷിക്കുകയാണെന്ന വിധത്തിലും മാദ്ധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളിയും ഈ വാർത്ത നൽകിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രേമത്തിന്റെ സെൻസർബോർഡ് കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് ഡൗൺലോഡ് ചെയ്തു കണ്ടു എന്ന കുറ്റത്തിനാണ് അനീഷിനെ അറസ്റ്റു ചെയ്തതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ മലയാളം പത്രങ്ങളിൽ വന്ന വാർത്തയിൽ ആരുടെ പരാതിയിന്മേലാണ് അറസ്റ്റു നടന്നതെന്ന കാര്യം വ്യക്തമല്ല. കൂടാതെ അറസ്റ്റിന് ഇടയാക്കിയത് ഇതു തന്നെയാണോ എന്ന കാര്യത്തിലും ഉറപ്പില്ല. അതുകൊണ്ട് തന്നെ തന്നെയാണ് ഈ വാർത്തയുടെ നിജസ്ഥിതിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രേമം ഇപ്പോൾ സൂപ്പർഹിറ്റായി ഓടുകയാണ്. വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്ന മലയാള സിനിമകളുടെ ചരിത്രത്തിൽ റെക്കോർഡ് ഇടാനുള്ള ഒരുക്കത്തിൽ ഇരിക്കുമ്പോഴാണ് വൻതോതിൽ പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിലും മറ്റും എത്തിയത്. ഇതോടെ സിനിമയ്ക്ക് ആൾ എത്തുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിൽ വ്യാജ സിനിമ കാണുന്നവരെ പേടിപ്പെടുത്താനായി സിനിമയുടെ ഓസ്‌ട്രേലിയൻ വിതരണം ഏറ്റെടുത്തവർ ഉണ്ടാക്കിയ വ്യാജ വാർത്തയാണ് ഇതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. എന്നാൽ ഈ ആരോപണത്തിന്റെ നിജസ്ഥിതി ഇനിയും ബോധ്യപ്പെടേണ്ടതുണ്ട്. എന്നാൽ ഇങ്ങനെ ഒരു അറസ്റ്റ് വിവരം മലയാളി പത്രങ്ങളിൽ അല്ലാതെ മറ്റൊരിടത്തും ഇല്ല എന്നതാണ് വാസ്തവം. വളരെ വിവാദമായ ഒരു ബിൽ പാസാക്കിയ ശേഷം നടന്ന ആദ്യ അറസ്റ്റ് എന്ന നിലയിൽ മെൽബണിലെ പ്രാദേശിക പത്രങ്ങൾ എങ്കിലും ഈ വാർത്ത വരേണ്ടതാണ്. ഇതൊക്കെയാണ് വാർത്ത വ്യാജം ആണെന്ന ആരോപണത്തിന്റെ പൊരുൾ.
നേരത്തെ ഇന്ത്യയിൽ ചിത്രത്തിന്റെ വ്യാജകോപ്പി പ്രചരിക്കുന്നതിന് എതിരായി നിർമ്മാതാവ് അൻവർ റഷീദ് ആന്റി പൈറസി സല്ലിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഓസ്‌ട്രേലിയയിൽ നിന്ന് മലയാളി യുവാവിനെ അറസ്റ്റു ചെയ്‌തെന്ന വാർത്ത പുറത്തുവന്നത്. ഓസ്‌ട്രേലിയൻ പൈറസി നിയമപ്രകാരം 20,000 ഡോളർ വരെ തടവു ലഭിക്കുന്ന നിയമം പാസാക്കിയത് ഇക്കഴിഞ്ഞ ജൂൺ 22നാണ്. 2015 മാർച്ചിലാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ ഇതിനുള്ള നീക്കം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ ആറ് ചർച്ചകൾ നടന്നു. പിന്നീട് സെനറ്റിലും ആറ് തവണ വിശദമായ വിശകലനങ്ങൾക്കൊടുവിലാണ് ജൂൺ 22 നിയമം പാസാക്കിയത്.
പ്രസ്തുത നിയമപ്രകാരം അംഗീകാരമില്ലാത്ത സൈറ്റുകളിൽ നിന്നും നിയമം ലംഘിച്ച് ഡൗൺലോഡ് ചെയ്താൽ പിഴ നൽകണമെന്നാണ് നിർദ്ദേശം. ഇങ്ങനെ കോപ്പിറൈറ്റ് ലംഘിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും നിർദ്ദേശമുണ്ട്. എന്നാൽ, യുട്യുബിൽ സിനിമ കണ്ടതിന്റെ പേരിൽ അറസ്റ്റു ചെയ്യണമെന്ന നിർദ്ദേശം ഇല്ലതാനും. ഇതിനിടെയാണ് മലയാളിയെ അറസ്റ്റു ചെയ്‌തെന്ന വിധത്തിൽ വാർത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോഴാണ് മലയാളി യുവാവിനെ അറസ്റ്റു ചെയ്ത വാർത്ത വ്യാജമാണെന്ന ആരോപണത്തിലേക്ക് വരുന്നത്.
നിരവധി മലയാളികൾ വസിക്കുന്ന ഓസ്‌ട്രേലിയയിൽ വാർത്തകൾ അറിയാൻ മലയാളികൾ ആശ്രയിക്കുന്നത് വെബ്‌സൈറ്റുകളെയാണ്. സോഷ്യൽ മീഡിയകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. ഇന്ത്യൻ പൈറസി സെല്ലിന്റെ നിയമങ്ങൾ അനുസരിക്കേണ്ട ബാധ്യതയും ഓസ്‌ട്രേലിയക്കാർക്കില്ല. എന്നാൽ അവിടുത്തെ കോപ്പിറൈറ്റ് നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ് താനും. ഒന്നുകിൽ മറ്റേതെങ്കിലും പരാതിയിൽ അറസ്റ്റു ചെയ്ത സംഭവം 'പ്രേമ'ത്തിന്റെ വിതരണം ഏറ്റെടുത്തവർ കോപ്പിറൈറ്റ് പ്രശ്‌നത്തിന്റെ പേരിലാക്കി പ്രചരിപ്പിച്ചതാകാമെന്നാണ് വിലയിരുത്തൽ.