കോഴിക്കോട്: കേരളത്തിൽ നിന്നും പോയി ഐസിസിൽ ചേർന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വച്ച് ഡ്രോൺ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇയാൾ അടക്കം 11 പേരെയാണ് പടന്നയിൽ നിന്നും നേരത്തെ കാണാതായിരുന്നത്. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം കാസർകോട് പടന്ന സ്വദേശി ഹഫീസുദ്ദീൻ (25) ആണ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്.

കാസർകോട് പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സന്ദേശത്തിൽ പറയുന്നു. പടന്ന സ്വദേശിയായ പൊതുപ്രവർത്തകനും ബന്ധുക്കള്ൾക്കുമാണ് സന്ദേശം കിട്ടിയത്. ഇന്ന് രാവിലെയാണ് അടുത്ത ബന്ധുക്കൾക്കും സന്ദേശം നൽകിയത്. 'ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങൾ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,' എന്നാണ് സന്ദേശം.

മറ്റൊരു പടന്ന സ്വദേശിയായ അഷ്ഫാഖ് മജീദ് എന്നയാളാണ് ടെലഗ്രാം വഴി ഈ സന്ദേശം അറിയിച്ചത്. ഞങ്ങളെല്ലാം ശഹീദ് ആകാൻ കാത്തിരിക്കുന്നു എന്ന സന്ദേശവും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ഇവിടെ ഖബറടക്കുകയും ചെയ്തത്. പടന്നയിൽ നിന്ന് 11 പേരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാണാതായ മലയാളി സംഘത്തിലെ പ്രധാനിയാണ് ഫഹീസ്. കൂട്ടത്തിൽ പ്രായം കുറഞ്ഞ വ്യക്തിയായ ഇയാൾ നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ നാട്ടിലേക്ക് എത്തിയ ഇളാൾ പൊടുന്നനേ തീവ്രവിശ്വാസിയായി മാറുകയായിരുന്നു. അടിച്ചുപൊളിച്ചു ജീവിച്ചിരുന്ന ഇയാൾ താടി വളർത്തി തീവ്രവിശ്വാസിയായി മാറിയത് വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരുന്നു.

എന്നാൽ, തീവ്ര ആശയം കേന്ദ്രങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഹാഫിസിന് ഉണ്ടായിരുന്നത്. ഇതിനിടെ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഏതാനും മാസങ്ങൾ മാത്രമായിരുന്നു ഇവർ ഒരുമിച്ച കഴിഞ്ഞത്. ഇതിന് ശേഷമാണ് ഇയാൾ ഐസിസിൽ ചേരാൻ പോയത്. നാട്ടിൽ ഉള്ള വേളയിൽ തന്നെ ഭാര്യയിൽ ജിഹാദി ആശയങ്ങൾ കുത്തി നിറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, നല്ല മതബോധത്തിലാണ് തങ്ങൾ വളർന്നതെന്ന് പറഞ്ഞ് ഭാര്യയും വീട്ടുകാരും എതിർക്കുകയായിരുന്നു.

കാണാതായവർക്കുള്ള ഐസിസ് ബന്ധം നേരത്തെ എൻഐഎ സ്ഥിരീകരിച്ചിരുന്നാണ്. അതേസമയം ഫഫീസ് കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ എൻഐഎ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച വിവരം എൻഐഎ തിരക്കി വരുന്നതേയുള്ളൂ. ഇതേക്കുറിച്ച് പരിശോധിക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ തങ്ങൾ ഉള്ളത് ഐസിസ് ക്യാമ്പിലാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. യുദ്ധ കേന്ദ്രങ്ങൾക്ക് അകലെ സമാധാന പരമായാണ് ജീവിതം നയിക്കുന്നതെന്ന സന്ദേശമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്.

ക്ലിനിക്ക് തുടങ്ങിയും വിവാഹം കഴിച്ചും മലയാളി സംഘം അഫ്ഗാനിസ്ഥാനിലെ ഐസിസ് സ്വാധീന മേഖലയിൽ കഴിയുന്നതായാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്ന വിവരം. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും പാലക്കാട്ട് നിന്നും ഏഴ് മാസം മുമ്പ് കാണാതായ ദമ്പതികൾ അടക്കം 21 പേരാണ് ഐസിസ് ക്യാമ്പിൽ എത്തിയതായി നേരത്തെ സ്ഥിരീകരിച്ചത്. കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ കഴിഞ്ഞ ജൂലൈ മാസത്തിൽ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് ശബ്ദ ശന്ദേശം അയച്ചിരുന്നു. പിന്നീട് ഏറെ കാലം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസങ്ങളിലായി ബന്ധുക്കളെ വിളിച്ചിരുന്നു. തുടർന്ന് സ്ഥിരമായി ഇവർ ബന്ധുക്കളെ വിളിച്ചിരുന്നതായും വിശേഷങ്ങൾ കൈമാറിയിരുന്നതായുമുള്ള വിവരമാണ് പുറത്തുവന്നത്.

എംബിബിഎസ് ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരം. ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്. അതേസമയം സംഘത്തിൽ ബാച്ചിലേഴ്സ് ആയി ഉണ്ടായിരുന്നതിൽ മൂന്നു പേർ ഇവിടെ വച്ച് വിവാഹിതരായി. അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെതത്തിയ യുവതികളെയാണ് മലയാളി യുവാക്കൾ വിവാഹം കഴിച്ചത്. ഇതുസംബന്ധമായ വിവരംങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അഷ്ഫാഖ് മജീദ് അടക്കമുള്ളവരാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ഇവർ നാട്ടിലെ അടുത്ത ബന്ധുക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് യാക്കരയിലെ ബെക്സൺ എന്ന ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ വച്ച് പ്രസവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഫാത്തിമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായുള്ള സന്ദേശം പാലക്കാട്ടെ വീട്ടിലേക്കു അയച്ചിരുന്നു. ഭർത്താവിനും ഭർതൃ സഹോദരൻ യഹി യക്കും ഒപ്പം നിമിഷ ഫാത്തിമ നാടുവിട്ടപ്പോൾ ഗർഭിണിയായിരുന്നു.

കാസർകോട് നിന്ന് കാണാതായ അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം കഴിഞ്ഞ മൂന്ന് മാസമായി എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈയിടെ വിദേശത്തുള്ള സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്)അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചും നിരന്തരമായി ഫെയിസ്ബുക്ക് പോസ്റ്റുകളിടുന്ന സമീറലി എന്ന ഐഡിക്കു പിന്നിൽ സജീർ അബ്ദുള്ള മംഗലശേരിയാണെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പ്രധാനികളിലൊരാളും ഐസിസിന്റെ ഇന്ത്യൻ തലവനുമാണ് കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയായ സജീർ എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സമീറലിക്കു പിന്നിൽ സജീർ അബ്ദുള്ളയാണെന്നുള്ള വ്യക്തമായ തെളിവ് എൻ.ഐ.എക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ അഫ്ഗാനിലെ ഐസിസ് ക്യാമ്പിലാണെന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതിസന്ധിയിലാക്കുന്നു.