ആലപ്പുഴ: ഇനി ആഷിഖിനെ വിളിക്കാൻ അച്ഛനുണ്ടാവില്ല. ദിവസവും രാവിലെ ഡ്യൂട്ടിക്ക് പുറപ്പെടുന്നതിനുമുമ്പു മകനെയും ഭാര്യയെയും വിളിച്ച് വിശേഷം തിരക്കിയാണ് സുരേഷ് തന്റെ ദിവസം തുടങ്ങിയിരുന്നത്. ഇതും വൈകുന്നേരവും ആവർത്തിക്കും. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സുരേഷ് വിളിക്കാതിരുന്നതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോഴാണ് മഞ്ഞുമല വീണ് മരിച്ച ജവാന്മാരിൽ സുരേഷും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. കാവാലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കുന്നുമ്മ നാൽപതിൽച്ചിറ വീട്ടിൽ പരേതനായ റിട്ട. പട്ടാളക്കാരൻ ഭാസുരന്റെ മകൻ എൻ.ബി. സുരേഷാ (37)ണ് അരുണാചൽപ്രദേശിൽ മഞ്ഞുമല ഇടിഞ്ഞുവീണു മരിച്ചത്. പ്രകൃതിയുടെ താണ്ഡവത്തിൽ പൊലിഞ്ഞത് ഒരു നാടിന്റെ അഭിമാനവും ഒരു കുടുംബത്തിന്റെ അത്താണിയും.

നാട്ടിലെത്തി മടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോഴാണ് സുരേഷിന് അത്യാഹിതമുണ്ടായത്. ആസാമിലെ ഗ്രഫിൽ ജവാനായിരുന്ന സുരേഷ് മൂന്നുമാസം മാത്രമേ ആയുള്ളൂ അരുണാചലിൽ എത്തിയിട്ട്. ഡ്യൂട്ടിയിൽ പ്രവേശിച്ചശേഷം ലീവ് എടുത്ത് സുരേഷ് നാട്ടിലെത്തിയിരുന്നു. പിന്നീടാണ് കഴിഞ്ഞമാസം മടങ്ങിയത്. നേരത്തെ ന്യൂമോണിയ ബാധിച്ച് ആറുമാസമായി ചികിൽസയിലായിരുന്ന സുരേഷ് അസുഖം ഭേദമായതിനെ തുടർന്നാണ് തിരികെ പോയത്. കൊച്ചിയിലെ അമൃതയിലായിരുന്നു ചികിൽസ . ഏകദേശം പത്തു ലക്ഷത്തോളം രൂപ സുരേഷിന്റെ ചികിൽസയ്ക്കായി ചെലവിട്ടിരുന്നു. ന്യുമോണിയ കടുത്ത് കരളിനെ ബാധിച്ച സാഹചര്യത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയ്ക്കുശേഷമാണ് സുരേഷ് അമൃതയിലെത്തുന്നത്. ഏറെ പ്രതീക്ഷകളുമായാണ് സുരേഷ് ഇക്കുറി പട്ടാളക്യാമ്പിലേക്ക് മടങ്ങിയത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറായ ഇദ്ദേഹം നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിലിരിക്കുമ്പോൾ മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് അറിയുന്നത്. സഹപ്രവർത്തകനും ഹരിപ്പാട് സ്വദേശിയുമായ അനീഷാണ് വിവരം വീട്ടുകാരെ അറിയിച്ചത്. മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. നാളെ വീട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.അമ്മ: ലീലാമണി. ഭാര്യ: ആശ. മകൻ: ആഷിഖ് (അമ്പാടി-4).