- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീർ ഭീകരരുമായി ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ച സൈനികരിൽ കൊട്ടാരക്കര ഒടനാവട്ടം സ്വദേശി വൈശാഖും; മൃതദേഹം ചൊവ്വാഴ്ച കൊട്ടാരക്കരയിലെത്തും; സൈന്യത്തിൽ ചേർന്നിട്ട് നാലുവർഷം മാത്രം; വീട്ടിലെത്തി മടങ്ങിയത് ഓണത്തിന്
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
കൊല്ലം കുടവട്ടൂർ വെളിയം ആശാമുക്കിലെ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ എച്ച്. വൈശാഖ് ആണ് വീരമൃത്യു വരിച്ചത്. 24 വയസ്സായിരുന്നു. വൈശാഖ് സൈന്യത്തിൽ ചേർന്നിട്ട് നാലു വർഷം മാത്രമെ ആയിട്ടുള്ളു. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ധീര ജവാന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലെത്തും.
വീരമൃത്യു വരിച്ച മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശുകാരനുമാണ്. പഞ്ചാബ് കബൂർത്തലിൽ നിന്നുള്ള ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിങ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിങ്, റോപ്പർ സ്വദേശി ഗജ്ജൻ സിങ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാലു പേർ. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.
പൂഞ്ച് ജില്ലയിലെ സുരാൻഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷൻ തിങ്കളാഴ്ച രാവിലെ നടത്തിയത്.
തിരച്ചിലിനിടയിൽ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.
നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളിൽ അടുത്ത കാലത്തായി ഭീകര പ്രവർത്തനങ്ങൾ ഏറി വരികയാണെന്നും കേണൽ കൂട്ടിച്ചേർത്തു.കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്), കരസേന, സ്പഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) എന്നീ സേനകൾ സംയുക്തമായി പൂഞ്ചിൽ നടത്തിയ സൈനിക നീക്കത്തിൽ മെന്ദർ പ്രവിശ്യയിലെ ഭീകരരുടെ ഒരു ഒളിത്താവളം തകർക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങളിൽ എകെ47, ചൈനീസ് നിർമ്മിത പിസ്റ്റളുകൾ, ചൈനീസ് ഗ്രനേഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സർക്കാർ സ്കൂളിൽ രണ്ട് അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൾ സതീന്ദർ കൗർ, അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സർക്കാർ സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ