തൊടുപുഴ: തൊടുപുഴ സ്വദേശിയായ മലയാളി യുവാവിനെ ഹൈദരാബാദിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരിമണ്ണൂർ പന്നൂർ പറയംനിലത്ത് അരുൺ പി. ജോർജിനെ (38)നെയാണ് ഹൈദരാബാദിലെ രാംനഗറിൽ ജോലിസ്ഥലത്തോടു ചേർന്നുള്ള വാടകവീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണു കഴുത്തിൽ വെട്ടേറ്റനിലയിലാണ് അരുണിന്റെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. രണ്ടു മലയാളികളുൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ നാട്ടിലേക്കു പുറപ്പെടാനിരുന്നതാണ് അരുണെന്നു കോൺഫെഡറേഷൻ ഓഫ് തെലുഗു റീജൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബെഞ്ചമിൻ പറഞ്ഞു. നാട്ടിലേക്കു വിമാനടിക്കറ്റ് ബുക്കു ചെയ്തിരുന്ന അരുൺ എത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ സുഹൃത്തുക്കളെ വിവരം അറിയിച്ചു.

പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതായതോടെ സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോൾ വീടു പുറത്തുനിന്നു പൂട്ടിയനിലയിലായിരുന്നു. വീട്ടുടമയുടെ സഹായത്തോടെ തുറന്നുനോക്കിയപ്പോൾ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും വിരലടയാളവും ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മുറിയിലെ ചുവരിൽ ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

രാംനഗറിലെ ജെകെ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ പ്രിന്റിങ് മെഷീൻ ഡിസ്ട്രിബ്യൂട്ടറായിരുന്നു അരുൺ. ഭാര്യ ചെപ്പുകുളം മുതുപ്ലാക്കൽ ജെസ്ലിനൊപ്പം കഴിഞ്ഞ ഒരുവർഷമായി ഇദ്ദേഹം ഹൈദരാബാദിലുണ്ട്. ജെസ്ലിൻ ആറുമാസം മുൻപാണു നാട്ടിലേക്കു മടങ്ങിയത്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്‌കാരം ഇന്നു 2.30നു പള്ളിക്കാമുറി ലിറ്റിൽ ഫ്‌ലവർ പള്ളിയിൽ. പറയംനിലത്തു പി.എസ്.ജോർജിന്റെയും എൽസമ്മയുടെയും മകനാണ് അരുൺ.