നിനച്ചിരിക്കാതെയാണ് ചിലരെ കാണാതാകുന്നത്. ജീവിതമാർഗം തേടി മണലാരണ്യത്തിലേക്ക് പോകുന്നവരെ കാണാതാകുന്ന വാർത്തകൾക്ക് ഏറെ പുതുമയൊന്നുമില്ല. എന്നെങ്കിലുമൊരിക്കൽ തിരിച്ച് വരുമെന്ന് കരുതി അവരെ കാത്ത് കാത്തിരിക്കുന്ന പ്രിയപ്പെട്ടവർ പോലും കാണാതാകുന്നവരെ കാലാന്തരത്തിൽ മറക്കുകയാണ് പതിവ്. ഇത്തരത്തിൽ 40 വർഷം മുമ്പ് കടലിനക്കരെ നിന്ന് കാണാതായ ഒരു പ്രവാസിയായിരുന്നു ബാപ്പുട്ടിയെന്ന മലയാളി. എന്നാൽ ഇദ്ദേഹത്തിന്റ കഥയ്‌ക്കൊരു അപൂർവമായ ട്വിസ്റ്റുണ്ട്. അതായത് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് യുഎഇയിൽ വച്ച് കാണാതായ ഇദ്ദേഹത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. അവിശ്വസനീയമായ ഈ പുനസമാഗമത്തിന്റെ കഥ ആഘോഷിക്കുകയാണിപ്പോൾ അറബ് മാദ്ധ്യമങ്ങൾ.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായിലെ ഒരു ആശുപത്രിക്കിടക്കിയിൽ വച്ച് കുടുംബക്കാർ ബാപ്പുട്ടിയെ കണ്ടെത്തിയത്. കേരളത്തിലെ ഈ ഗ്രാമീണൻ ഇത്രയും കാലം ഈ മണലാരണ്യത്തിൽ എവിടെ മറഞ്ഞിരിക്കുകയായിരുന്നുവെന്ന ചോദ്യമാണ് ഏവരുടെയും മനസ്സിലുയരുന്നത്. ഈ കഥ വിശ്വസിക്കാൻ താൻ ഇപ്പോഴും പാടുപെടുകായാണെന്നാണ് ബാപ്പുട്ടിയുടെ മരുമകനായ എംപി ഹനീഫ പറയുന്നത്. തന്റെ ഉമ്മയുടെ ഇളയ സഹോദരനായ ബാപ്പുട്ടി വർഷങ്ങൾക്കു മുമ്പാണ് തൃശൂരിലെ ചാവക്കാട്ട് നിന്ന് ഗൾഫിലേക്ക് പോയതെന്ന് ഹനീഫ ഓർക്കുന്നു. ഗൾഫിലേക്ക് പോകുന്നതിന് മുമ്പുള്ള ചെറിയ സംഭവങ്ങൾ പോലും ബാപ്പുട്ടി തന്നോട് പങ്ക് വച്ചതായി ദുബായിലുള്ള ഹനീഫ പറയുന്നു. അതിന് പുറമെ കുടുംബാംഗങ്ങളുടെ പേരുകളും അദ്ദേഹത്തിന് ഇപ്പോഴും ഓർത്ത് പറയാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്തു കൊണ്ടാണ് ബാപ്പുട്ടി ഇത്രയും വർഷം കുടുംബാംഗങ്ങളിൽ നിന്നും മറഞ്ഞിരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഹനീഫ പറയുന്നു. 1974 75 കാലഘട്ടത്തിൽ മുംബൈയിൽ നിന്ന് കപ്പൽ മുഖാന്തിരമാണ് ബാപ്പുട്ട് ദുബായിലേക്ക് പോയതെന്നാണ് ഹനീഫ പറയുന്നത്. നിയമാനുസൃതമായ വിസയും അദ്ദേഹത്തിനുണ്ടായിരുന്നു. ദുാബയിലെത്തി രണ്ട് വർഷം വരെ കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവുമില്ലാതാകുകായിരുന്നുവെന്നും ഹനീഫ പറയുന്നു.

ദുബായിലുള്ള അബ്ദുൾഗഫൂർ, ഖാലിദ് എന്നീ സഹോദരന്മാരിലൂടെയാണ് ഹനീഫയ്ക്ക് തന്റെ അമ്മാവനെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 23 വർഷങ്ങൾക്കു മുമ്പാണ് താൻ ആദ്യമായ ബാപ്പുട്ടിയെ കണ്ടുമുട്ടിയതെന്നാണ് അബ്ദുൾ ഗഫൂർ പറയുന്നത്. അതിന് മുമ്പെ സഹോദരൻ ഖാലിദിന് ബാപ്പുട്ടിയെ അറിയാമായിരുന്നു. ട്രാൻസ്‌പോർട്ട് ബിസിനസ്സ് നടത്തുന്ന ഈ സഹോദരന്മാർ ബാപ്പുട്ടി ജോലിക്ക് നിൽക്കുന്ന വീടിന്റെ ഉടമസ്ഥനായ അറബിയെ ഇരുവരും സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. ദുബായിലെ ഹോർ അൽ അൻസ് മേഖലയിലായിരുന്നു ഈ വീട്.

തങ്ങളുടെ സാന്നിധ്യം ബാപ്പുട്ടിക്ക് സന്തോഷം പകർന്നിരുന്നുവെന്ന് അബ്ദുൾ ഗഫൂർ പറയുന്നു. എന്നാൽ മലപ്പുറത്തുകാരനായ അബ്ദുള്ളയാണ് താനെന്നാണ് ബാപ്പുട്ടി തങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. എപ്പോഴും അറബിയുടെ വീട്ടിനകത്ത് കഴിയാനായിരുന്നു ബാപ്പുട്ടിക്ക് താൽപര്യമെന്നും ദുബായിയുടെ ഇന്നത്തെ വളർച്ചയെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിയില്ലെന്നും അബ്ദുൾ ഗഫൂർ പറയുന്നു. ഈ അവിശ്വസനീയമായ കണ്ടെത്തലിൽ പ്രവാസികളും സ്വദേശികളും അത്ഭുതം കൂറുകയാണിപ്പോൾ. തന്റെ അജ്ഞാതവാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ബാപ്പുട്ടി കൃത്യമായ മറുപടി പറയുന്നില്ലെന്നാണ് റിപ്പോർട്ട്.