- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം ക്ലാസ്സുവരെ പഠിച്ച മൂകനു ബധിരനുമായ ഒരു ഇടുക്കിക്കാരൻ ഇന്ന് ഡിസ്‌കവറി ചാനലിൽ; അവതാരകൻ സാക്ഷാൽ ഹൃത്വിക് റോഷൻ; സ്വന്തം വിമാനം നിർമ്മിച്ച് പറത്തിയ അത്ഭുതത്തിന്റെ കഥ കേൾക്കാൻ കാത്ത് ലോകമെമ്പാടുമുള്ള മലയാളികൾ
ഇടുക്കി: ഡിസ്‌കവറി ചാനലിലെ സൂപ്പർഹീറോസ് എന്ന പരിപാടി ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഇഷ്ടപരിപാടികളിൽ ഒന്നാണ്. ബോളിവുഡ് താരം ഹൃത്വിക് റോഷൻ അവതാരകനായി എത്തുന്ന ആ ഷോയിലെ ഇന്നത്തെ എപ്പിസോഡ് മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്നതാണ്. അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ കൊയ്യുന്ന അംപരിമിതരെ അവതരിപ്പിക്കുന്ന പരിപാടിയിലേക്ക്, ബധിരനും മൂകനുമ
ഇടുക്കി: ഡിസ്‌കവറി ചാനലിലെ സൂപ്പർഹീറോസ് എന്ന പരിപാടി ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഇഷ്ടപരിപാടികളിൽ ഒന്നാണ്. ബോളിവുഡ് താരം ഹൃത്വിക് റോഷൻ അവതാരകനായി എത്തുന്ന ആ ഷോയിലെ ഇന്നത്തെ എപ്പിസോഡ് മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്നതാണ്. അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ കൊയ്യുന്ന അംപരിമിതരെ അവതരിപ്പിക്കുന്ന പരിപാടിയിലേക്ക്, ബധിരനും മൂകനുമായ സജി തോമസ് കടന്നുവരുന്നത് സ്വന്തമായി രൂപകൽപന ചെയ്ത വിമാനത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാനാണ്.
ഇടുക്കി ജില്ലയിലെ തട്ടക്കുഴയിലെ അഴകനാൽ വീട്ടിൽ തോമസിന്റെയും മേരിയുടെയും മകനായ സജി ജന്മനായ ബധിരനും മൂകനുമാണ്. ഏഴാം ക്ലാസ്സിൽ പഠിപ്പ് നിർത്തേണ്ടിവന്നെങ്കിലും സജിയുടെ സ്വപ്‌നങ്ങൾ ആകാശത്തോളം ഉയർന്നുനിന്നു. ശബ്ദങ്ങളില്ലാ്ത ലോകത്ത് ജീവിച്ചതുകൊണ്ടാവാം, യന്ത്രങ്ങളുടെ മനസ്സറിയുന്നതിലായിരുന്നു സജിക്ക് കമ്പം. ഏത് യന്ത്രത്തിന്റെയും പ്രവർത്തന രീതി മനസ്സിലാക്കാൻ സജിക്ക് ചെറിയ സമയം മതിയായിരുന്നു. വിമാനവും കീഴടങ്ങിയത് അങ്ങനെയാണ്.
വ്യോമയാന രംഗത്തെ വിദഗ്ധരെപ്പോലും അതിശയിപ്പിച്ച വിമാനമാണ് സജി കഴിഞ്ഞവർഷം നിർമ്മിച്ചത്. കന്യാകുമാരിയിലെ മണിമുത്താറിൽ റിട്ടയേർഡ് വിങ് കമാൻഡർ എസ്. കെ. ജെ. നായരുടെ ഏവിയേഷൻ അക്കാദമിയിലാണ് സജി നിർമ്മിച്ച വിമാനമുള്ളത്.അംഗപരിമിതനായ യുവാവ് സ്വന്തമായി ഒരു വിമാനം നിർമ്മിച്ച് പറപ്പിച്ചതിനെ എസ്്. കെ. ജെ. നായരെപ്പോലെയുള്ള വിദഗ്ദ്ധർ പറയുന്നത് അവിശ്വസനീയം എന്നാണ്. എന്നാൽ, കേരളത്തിന്റെ ശാസ്ത്രസാങ്കേതികരംഗം ഈ ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്തെ പാടേ അവഗണിച്ചു.
വീട്ടിലെ സാഹചര്യങ്ങളും വൈകല്യങ്ങളുമാണ് സജിയെ ക്‌ളാസ് മുറികളിൽ നിന്നും അകറ്റിയത്. ഏഴാം ക്ലാസ്സിനപ്പുറം പഠിക്കാനായിട്ടില്ലെങ്കിലും ഇപ്പോൾ വലിയ സ്വപ്‌നങ്ങളുള്ള എൻജിനിയർമാർ സജിയെ കാണാനെത്തുന്നു. എയറോനോട്ടിക് എൻജിനീയറിങ്ങിൽ വലിയ സ്വപ്നം കാണുന്നവർ സജിയെ മാതൃകയാക്കുന്നു. വെള്ളിയാമറ്റത്തെ കുന്നിന്മുകളിൽ പറന്നിറങ്ങിയ ഹെലിക്കോപ്ടർ കണ്ട് അത്തരത്തിലൊന്ന് നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സജിയുടെ ജീവിതം അവർക്കിന്ന പാഠപുസ്തകമാണ്.
റബർതോട്ടങ്ങളിൽ മരുന്നു തളിക്കാൻ വന്നതായിരുന്നു ആ ഹെലിക്കോപ്ടർ. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന സജിക്ക് ഈ വലിയ പക്ഷി ആവേശമായി മാറി. പിന്നീട് വിമാനം സ്വന്തമായി നിർമ്മിക്കാനുള്ള സ്വപ്‌നം മനസ്സിൽക്കൊണ്ടുനടന്നു. ഹെലികോപ്റ്റർ പറത്താൻ വന്ന പൈലറ്റുമാരോടു ചങ്ങാത്തം കൂടിയ സജി രണ്ടുതവണ അതിൽക്കയറി യാത്ര ചെയ്യുകയും ചെയ്തു.
ടെലിവിഷൻ റിപ്പയറെന്ന നിലയ്ക്ക് പേരെടുത്ത സജി അങ്ങനെ സമാഹരിച്ച തുകയുമായാണ് ഹെലിക്കോപ്ടറിന്റെ പൈലറ്റുമാരെ കാണാനെത്തിയത്. മുംബൈയ്ക്ക് നാടുവിട്ട സജിയുടെ കൈയിലുണ്ടായിരുന്നത്് . അന്നു റബർതോട്ടത്തിൽകണ്ട പൈലറ്റുമാരുടെ മേൽവിലാസം മാത്രം. സജിയുടെ ആഗ്രഹം പോലെ അവർ മുംബൈയിലെ വിമാനകമ്പനികളിലൊക്കെ സജിയെ കൊണ്ടുപോയി. വിമാനത്തെ സംബന്ധിച്ച് പുസ്തകങ്ങൾ കൊടുത്തു. യന്ത്രഭാഗങ്ങൾ വാങ്ങാൻ സഹായിച്ചു.
അയൽക്കാരിയായ മരിയയുമായുള്ള വിവാഹശേഷം സജി വിമാനനിർമ്മാണമെന്ന സ്വപ്‌നവുമായി വീണ്ടും രംഗത്തിറങ്ങി. വീടിനു മുമ്പിൽ ഒരു പണിപ്പുരയുണ്ടാക്കി. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റു. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഇതിനുവേണ്ടി മാറ്റിവച്ചു. പക്ഷേ, അതൊന്നും തികയുമായിരുന്നില്ല. ഒടുവിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വൈമാനികൻ കൂടിയായ രാജീവ് ഗാന്ധിയുടെ സഹായം തേടാനാൻ തീരുമാനിച്ചു. സജിക്ക് സഹായവും ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്‌തെങ്കിലും അതിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.
പക്ഷേ, തന്റെ സ്വപ്‌നങ്ങളെ കൈവിടാൻ സജി ഒരുക്കമായിരുന്നില്ല. അക്കാലത്താണ് വിങ് കമാൻഡർ എസ്. കെ. ജെ. നായരെ പരിചയപ്പെടുന്നത്. സജിയെക്കുറിച്ച് അറിഞ്ഞപ്പോൾ, സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തിനും ആവേശമായി. സജിയെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു. അങ്ങനെ ആദ്യവിമാനം സജിയുടെ പണിപ്പുരയിൽനിന്ന് പുറത്തിറങ്ങി. എന്നാൽ, അതിന് ചില പോരായ്മകൾ ഉണ്ടായിരുന്നു. പറത്താനുമായില്ല. എന്നൽ, അത് ഒരു എൻജിനീയറിങ് കോളജ് കുട്ടികൾക്ക് പഠിക്കാനായി വാങ്ങി. ഏഴാംക്‌ളാസുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി.
ഒരു ഹെലികോപ്റ്റർ എന്ന സ്വപ്നത്തിലേക്ക് സജി മുന്നേറിയത് ഈ പണവുമായാണ്. ഒപ്പം എസ്. കെ. ജെ. നായരുടെ പിന്തുണയും. 15 വർഷം നീണ്ട കഠിനമായ ശ്രമത്തിനൊടുവിൽ ആ സ്വപ്‌നം സഫലമായി. സജിയുണ്ടാക്കിയ വിമാനം എസ്. കെ. ജെ. നായർ പറത്തിക്കാണിച്ചപ്പോഴാണ് ലോകം ഈ കണ്ടുപിടിത്തത്തിൽ അത്ഭുതം കൂറിനിന്നത്. തൊടുപുഴയിൽ പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം പിന്നീട് മണിമുത്താറിലെ അക്കാദമിയിലേക്ക് കൊണ്ടുപോയി.
ഉടുമ്പന്നൂർ പഞ്ചായത്തു വച്ചു നൽകിയ ചെറിയ വീട്ടിലാണ് ഈ പ്രതിഭയുടെ ജീവിതം. കാക്കനാട്, ഒരു കമ്പനിയിൽ സജിക്ക് ജോലിയുണ്ട്. മരിയയും അച്ഛന്റെ ഗവേഷണങ്ങൾക്ക് സഹായിയായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ജോഷ്വയുംഒപ്പമുണ്ട്. ഇംഗ്ലീഷിൽ വലിയ അവഗാഹമൊന്നും ഇല്ലെങ്കിലും സജി ഇംഗ്ലീഷ് പുസ്തകങ്ങളാണ് സംശയനിവാരണത്തിന് ഉപയോഗിക്കുന്നത്. ഒരു സ്വപ്‌നം പോലെ സജിയുടെ ജീവിതം ഡിസ്‌കവറി ചാനലിലൂടെ ലോകമറിയുകയാണ്.