തിരുവനന്തപുരം: നാട്ടിലെ കഷ്ടപാടുകൾക്ക് അറുതിവരുത്താനായി കടൽ കടന്ന് അക്കരെയെത്തി ജീവിതം പച്ചപിടിപ്പിച്ചവർ നിരവധിയാണ്. മലയാളിയും ഗൾഫും തമ്മിലുള്ള ഈ ബന്ധത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. എന്നാൽ ജോലി നഷ്ടപ്പെട്ട് വിദേശത്ത് ജയിലിലും പിന്നീട് ഉടുതുണിയൊഴികെ മറ്റെല്ലാം അവിടെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദുരനുഭവമാണ് കൊല്ലം ഓയൂർ സ്വദേശി മുഹമ്മദ് റാഫിക്ക് പറയാനുള്ളത്. സ്വദേശിവൽകരണം തന്നെയാണ് പ്രധാന വില്ലൻ. ജോലി നഷ്ടപെട്ട് ഭക്ഷണമില്ലാതെ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത ജയിലിൽ കഴിഞ്ഞ ദിവസങ്ങളും മുഹമ്മദ് റാഫി മറുനാടനോട് വിശദീകരിക്കുന്നു. സ്വദേശവൽകരണത്തിന്റെ ഭാഗമായി മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ സൗദിയിൽ ആട് ജീവിതം നയിക്കുകയാണെന്നാണ് റാഫിയുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കാനാവുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ റാഫി എട്ട് വർഷങ്ങൾക്ക് മുൻപാണ് 22ാം വയസ്സിൽ ആദ്യമായി സൗദിയിലേക്ക് ജോലി തേടി പോയത്. ആദ്യം പെട്രോൾ പമ്പിലും പിന്നീട് ഡ്രൈവറായും ജോലി ചെയ്തു. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് റാഫി ജോലി ചെയ്ത വീട്ടിലെ അറബിയുടെ ഭാര്യ റാഫിയെ മർദ്ദിച്ചത് മുതലാണ് കഷ്ടകാലം തുടങ്ങിയത്. റിയാദിലെ ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റാഫി. കാറിൽ എ.സി ഓൺ ചെയ്തുവെന്ന് ആരോപിച്ച് മുതലാളിയുടെ ഭാര്യ റാഫിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇതേ കാരണം പറഞ്ഞ് അറബിയും മക്കളും വീണ്ടും മർദ്ദിക്കാനെത്തി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഇനി ഇവിടെ നിനക്ക് ജോലിയില്ലെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.

ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ അറബി പരാതി നൽകുകയും ചെയ്തു. പിന്നീട് ഒരു ബന്ധുവിന്റെ കൂടെ താമസിച്ചു. റിയാദിൽ തന്നെ ജോലി ചെയ്തിരുന്ന വല്യുമ്മയുടെ മകന്റെയൊപ്പം നാല് മാസത്തോളം താമസിച്ചു. പിന്നീട് അയാൾ നാട്ടിലേക്ക് പോയതോടെ താമസം മറ്റൊരു സുഹൃത്തിന്റെയൊപ്പമാക്കി. അവിടെ മൂന്ന് മാസം താമസിച്ചുവരുന്നതിനിടയിലാണ് പൊലീസും അറബിയും ചേർന്ന് താമസ സ്ഥലത്തെ വാതിൽ ചവിട്ടി പൊളിച്ച് ശേഷം മുഹമ്മദ് റാഫിയെ പിടികൂടി ജയിലിലേക്ക് കൊണ്ട് പോവുകയായിരുന്നു.

സുഹൃത്തിന്റെ റൂമിൽ താമസിക്കുന്ന കാലത്ത് ഭക്ഷണവും വെള്ളവും പോലും അവരുടെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് ലഭിച്ചതെന്ന് മുഹമ്മദ് റാഫി മറുനാടൻ മലയാളിയോട് പറഞ്ഞു.ഇാെ സമയത്തെ വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു. എന്നാൽ വീട്ടുടമയായ അറബി കുറച്ച് കാലത്തെ സാവകാശം നൽകിയതോടെയാണ് അൽപ്പം ആശ്വാസം ലഭിച്ചത്. ജോലി നഷ്ടപ്പെട്ട മാസം ജോലി ചെയ്തത് വരെയുള്ള ശമ്പളം പോലും ലഭിച്ചില്ലെന്നും റാഫി പറയുന്നു. രണ്ട് വർഷത്തിലൊരിക്കൽ പുതുക്കി നൽകുന്ന ഇക്കാമയുള്ളവരെ പോലും അനധികൃതമായി പിടികൂടി ജയിലിലേക്കും പിന്നീട് നാട്ടിലേക്കും കയറ്റി വിടുകയാണ്.

ജോലി ചെയ്ത കാലത്തെ ശമ്പളം പോലും ലഭിക്കാത്തതിനെ തുടർന്ന് ലേബർ കോടതിയിൽ റാഫി പരാതി നൽകിയെങ്കിലും അതുകൊണ്ടും നേട്ടമുണ്ടായില്ല. പാസ്പോർട്ട് ഉൾപ്പടെ പിടിച്ചെടുത്ത ശേഷം വെള്ള പേപ്പറിൽ സീലും വിസ ക്യാൻസൽ ചെയ്തതിന്റെ മുദ്രയും പതിപ്പിച്ചാണ് നാട്ടിലേക്ക് വിടുന്നത്. പിന്നെ നാട്ടിലെത്തിയിട്ട് വേണം പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ. ഇനി അഞ്ച് വർഷത്തേക്ക് സൗദിയിൽ പോകാൻ കഴിയുകയുമില്ല.അതാണ് ഇത്തരത്തിൽ നാട്ടിലേക്ക് തിരികെ കയറ്റി വിടുന്നവർക്കുള്ള നിയമം.

പൊലീസ് പിടികൂടിയ ശേഷം റിയാദിലും ബുറൈദയിലുമുള്ള ജയിലിലാണ് 13 ദിവസം കഴിഞ്ഞതെന്ന് റാഫി പറയുന്നു. താൻ കഴിഞ്ഞത് ജയിലിലെ ഒരു സെല്ലായി ഉപയോഗിക്കുന്ന ഒരു ഹാളിലാണ്. ഇവിടെ ഏകദേശം 700ൽ പരം ആളുകളെയാണ് പാർപ്പിച്ചത്. മൂന്ന് നേരം ഭക്ഷണം നൽകുമായിരുന്നുവെങ്കിലും 700 പേർക്ക് താമസിക്കാൻ പാകമായിരുന്നില്ല ആ ഹാൾ. നിൽക്കാനോ തിരിയോനോ കഴിയാത്ത അവസ്ഥയാണ്. കിടന്ന് കഴിഞ്ഞാൽ ഇഷ്ടിക അടുക്കി വെച്ചത് പോലെ ഞെരുക്കത്തിലാണ് മനുഷ്യർക്ക് അതിനുള്ളിൽ കഴിയേണ്ട്ി വന്നത്. രാത്രി കഴിക്കാൻ നൽകിയത് കുബ്ബൂസും പരിപ്പ് കറിയുമാണെന്നും റാഫി പറയുന്നു.

13 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഒരു സംഘം ഉദ്യോഗസ്ഥർ അടുതെത്തി പഴയ അറബിയുടെ അടുത്തേക്കാണോ അതോ നാട്ടിലേക്ക് പോകാനാണോ താൽപര്യം എന്ന് ചോദിച്ചത്, അറബിയുടെ അടുത്തേക്ക് പോയിട്ട് പ്രയോജനമില്ലാത്തിനാലും ഒരിക്കൽ ജോലി നഷ്ടപെട്ടാൽ പിന്നൊന്ന് തരപ്പെടുത്തുന്നത് എളുപ്പമല്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയും ഞായറാഴ്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയുമായിരുന്നു.വെറുംകൈയോടെയാണ് നാട്ടിലേക്ക് എത്തിയത്. കൈയിൽ കാശില്ലാത്തതിനാൽ മാസങ്ങളോളം മാറിയിടാൻ പോലും വേഷമില്ലാചതെ നടന്നുവെന്നും റാഫി പറയുന്നു.

30 വയസ്സുണ്ട് ഇപ്പോൾ റാഫിക്ക്. നാട്ടിൽ നിന്നും കടം വാങ്ങിയും മറ്റുമാണ് ഗൾഫിലേക്ക് പോയത്. ഇനിയും അതിന്റെ കടം പോലും തീർന്നിട്ടില്ലെന്നും റാഫി മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് റാഫി താമസിക്കുന്നത്. സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു. തനിക്ക് മാത്രമല്ല ഇത്തരമൊരു അനുഭവമെന്നും നിരവധിപേർ ഇതേ ഗതിയിൽ കഴിയുകയാണെന്നും റാഫി പറയുന്നു. സ്വദേശി വൽക്കരണത്തിന്റെ പേര് പറഞ്ഞ് കൈയിൽ ഇക്കാമ ഉള്ളവരെ പോലും പിടികൂടുന്ന പ്രവണതയുണ്ടെന്നും ചെറിയ ജോലികൾ ചെയ്ത് അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നും റാഫി പറയുന്നു.