- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ ഭയക്കാതെ സൗത്താംപ്ടണിൽ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം; നിയന്ത്രണങ്ങൾ പാലിച്ചു പങ്കാളികളായത് 30 അതിഥികൾ; നാട്ടിൽ നടക്കേണ്ടിയിരുന്ന വിവാഹം യുകെയിലേക്ക് എത്തിയപ്പോൾ തിരഞ്ഞെടുത്തത് സ്വാതന്ത്ര്യ ദിനം; രാഹുലും ഐശ്വര്യയും ഒന്നായതു സൗത്താംപ്ടണിലെ ആദ്യ മലയാളി വിവാഹത്തിലൂടെ; ചെറുക്കനും പെണ്ണും തിളങ്ങിയത് ലാളിത്യം നിറഞ്ഞ വിവാഹ വേഷത്തിൽ
ലണ്ടൻ: ഒരു വർഷം മുൻപേ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച യുകെ മലയാളി യുവാവിന്റെയും യുവതിയുടെയും വിവാഹം കോവിഡ് നിയന്ത്രണങ്ങൾക്കു മുൻപിലും ഗംഭീരമായ ആഘോഷമായി. ജീവിതം ഇനി ഇങ്ങനെയൊക്കെ എന്ന പാഠം ഓരോ ദിവസവും പുതുതായി പഠിച്ചു കൊണ്ടിരിക്കുന്നവർക്കിടയിൽ തിരുവല്ല സ്വദേശി മാത്യുവിന്റെ പുത്രി ഡോ. ഐശ്വര്യയുടെയും ഷാജിയുടെ മകൻ രാഹുലിന്റെയും വിവാഹം പുതിയ അനുഭവമായി മാറുകയാണ്.
കഴിഞ്ഞ വർഷം തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തീരുമാനിച്ചു ശനിയാഴ്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ വീട്ടുകാർ നടത്തിയത്. കോവിഡ് നിയന്ത്രണം മൂലം ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു പങ്കെടുക്കാൻ അനുവാദം എന്നത് ഒരർത്ഥത്തിൽ ബ്രിട്ടീഷുകാരുടെ വിവാഹങ്ങളെ തികച്ചും ഓർമ്മിപ്പിക്കുന്നതായി.
നൂറു കണക്കിന് ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്ന മലയാളി വിവാഹങ്ങൾക്ക് താത്ക്കാലിക അവധി നൽകാൻ കോവിഡ് കാരണമായതിന്റെ ആശങ്ക പങ്കിടുന്നവർക്ക് രാഹുലിന്റെയും ഐശ്വര്യയുടെയും വിവാഹം നൽകുന്ന ആശ്വാസം ചെറുതല്ല. ഇവരുടെ മാതൃക പിന്തുടർന്ന് കൂടുതൽ വിവാഹങ്ങൾ യുകെ മലയാളികൾക്കിടയിൽ ഉണ്ടാകും എന്ന സൂചനയും ലഭിക്കുന്നുണ്ട്.
സാധാരണ വർഷങ്ങളിൽ യുകെയിൽ ഇന്ത്യൻ വിവാഹ സീസണായ ആഗസ്റ്റിൽ നൂറു കണക്കിന് വിവാഹങ്ങൾ നടക്കേണ്ടതാണ്. എന്നാൽ വലിയ ആൾക്കൂട്ട സാന്നിധ്യം ഒഴിവാക്കണം എന്ന ഒറ്റക്കാരണത്താൽ പലരും വിവാഹം മാറ്റിവയ്ക്കുകയാണ്. ഇപ്പോൾ ഇത്തരത്തിൽ കുറച്ചു ആളുകളുമായി നടക്കുന്ന ഇന്ത്യൻ വിവാഹങ്ങൾ ഇതിനകം ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം പ്ലാൻ ചെയ്ത വിവാഹം ആയിരുന്നെങ്കിലും നാട്ടിൽ വച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂടി സാന്നിധ്യത്തിൽ വിവാഹം നടത്താൻ ആയിരുന്നു ഇരു വീട്ടുകാരുടെയും ആഗ്രഹമെന്നും വധുവിന്റെ പിതാവ് മാത്യു കൂട്ടിച്ചേർത്തു. എന്നാൽ സാഹചര്യങ്ങൾ അനുകൂലം അല്ലാത്തതിനാൽ ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതോടെയാണ് വിവാഹത്തിലേക്ക് ഇരു കൂട്ടരും എത്തുന്നത്. മുൻപ് ഏതാനും സൗത്താംപ്ടൺ കുടുംബങ്ങളിലെ കുട്ടികൾ നാട്ടിൽ എത്തി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും യുകെയിൽ ഒരു വിവാഹം നടക്കുന്നത് സൗത്താംപ്ടൺ മലയാളികൾക്കിടയിൽ ആദ്യമായാണ് എന്ന് കരുതപ്പെടുന്നു.
ഏതാനും മാസം മുൻപ് വരെ ലണ്ടനിൽ ജോലി ചെയ്തിരുന്ന ഡോ. ഐശ്വര്യ ഇപ്പോൾ സൗത്താംപ്ടണിൽ ജിപി ആയാണ് സേവനം ചെയ്യുന്നത്. സൗത്താംപ്ടൺ കൗണ്ടി കൗൺസിൽ ഓഫീസിൽ മാനേജീരിയൽ വിഭാഗത്തിലാണ് രാഹുൽ ജോലി ചെയ്യുന്നത്. വർഷങ്ങളായി അടുത്തറിയുന്ന രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഒന്നുചേരൽ കൂടിയാണ് ഈ വിവാഹം വഴി സാധ്യമായിരിക്കുന്നത്. ഒന്നിച്ചു പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതൽ അറിയുന്നവരാണ് വധൂവരന്മാരും കുടുംബവും.
നാട്ടിൽ വിവാഹം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും തനി കേരളീയ രീതികളിൽ തന്നെയാണ് ചടങ്ങുകൾ നടന്നത്. തലേ ദിനം വധുവിന്റെ വീട്ടിൽ കൂട്ടുകാരും അടുപ്പക്കാരും ഒക്കെ ചേർന്ന് മൈലാഞ്ചി കല്യാണവും ബോളിവുഡ് ഡാൻസും ഒക്കെയായി അടിപൊളി സ്റ്റൈലിൽ തന്നെ ആയിരുന്നു ഒരുക്കങ്ങൾ.
വെളുത്ത ഗൗണിൽ തിളങ്ങി എത്തിയ കല്യാണ പെണ്ണിന് മന്ത്രകോടിയായി ലഭിച്ചത് ചെറി റെഡ് പട്ടുസാരി. എന്നാൽ വധൂവരന്മാരന്മാരുടെ വേഷവിതാനത്തിലും മറ്റും ആഡംബരഭ്രമം കടന്നു കൂടിയില്ല എന്നതും ശ്രദ്ധേയമായി. വിവാഹം കഴിഞ്ഞു കല്യാണപ്പെണ്ണ് ചെറി റെഡ് പട്ടുസാരിയിൽ തിളങ്ങിയപ്പോൾ കല്യാണ ചെക്കനും സാദാ ഷർട്ടിലും പാന്റിലും കല്യാണ വേഷത്തെ ഒതുക്കിയെടുത്തു.
ആളുകളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ കല്യാണ പെണ്ണിനും ചെക്കനും അകമ്പടിക്കാരായി അടുത്തകാലത്ത് മലയാളി വിവാഹങ്ങളിൽ സ്ഥാനം പിടിക്കാറുള്ള കുട്ടിക്കൂട്ടങ്ങൾ ഒക്കെ ഈ വിവാഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുക ആയിരുന്നു. വിവാഹ ശേഷം ഹോട്ടലിൽ വൈകിട്ട് നടന്ന സൽക്കാരത്തിലും അതിഥികളുടെ എണ്ണം ക്രമപ്പെടുത്തിയിരുന്നു.