ലണ്ടൻ: മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പിടിയിലായ മലയാളിയായ അരവിന്ദൻ ബാലകൃഷ്ണനെതിരെ ലൈംഗിക പീഡനമുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ. സ്വന്തം മകളെ 30 വർഷത്തോളം തടവിൽ പാർപ്പിക്കുകയും ആറോളം അനുയായികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് അന്വേഷണോദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

തന്നെ ദൈവമായി കണ്ട് ആരാധിച്ചില്ലെങ്കിൽ തടവിൽക്കിടന്ന് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി അനുയായികളെ തന്റെ വരുതിക്ക് നിർത്തുകയാണ് അരവിന്ദൻ ചെയ്തതെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മർദനവും നിരന്തരമായ ലൈംഗിക പീഡനവും നടത്തി അനുയായികളായ യുവതികളെ അടിമകളെപ്പോലെ ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്.

തനിക്ക് മറ്റുള്ളവരുടെ മനസ്സുവായിക്കാനുള്ള ശേഷിയുണ്ടെന്നും അവരെ നിയന്ത്രണത്തിൽനിർത്താനുള്ള മാന്ത്രികശക്തിയുണ്ടെന്നും 'കോമ്രേഡ് ബാല' എന്നറിയപ്പെട്ടിരുന്ന അരവിന്ദൻ യുവതികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അനുയായികളിലൊരാളായ യുവതി പ്രസവിച്ച മകളെയാണ് 30 വർഷത്തോളം തടവിൽപാർപ്പിച്ചത്. എല്ലാവരുടെയും സ്വത്തെന്ന നിലയ്ക്കാണ് ഈ കുട്ടിയെ വളർത്തിയത്. കുഞ്ഞിനെ മുലയൂട്ടാൻ അതിന്റെ അമ്മയെ അനുവദിച്ചിരുന്നില്ല. കുഞ്ഞ് വലുതായിട്ടും അതിന്റെ അമ്മയാരെന്ന് വെളിപ്പെടുത്തിയുമില്ല.

കോമ്രേഡ് എന്നാണ് എല്ലാവരും ഈ കുട്ടിയെ വിളിച്ചിരുന്നത്. സ്‌കൂളിലയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. 30 വർഷത്തിനിടെ ചുരുക്കം സമയങ്ങളിൽ മാത്രമാണ് വീടുവിട്ട് പുറത്തുപോകാൻ അനുവാദം കൊടുത്തിരുന്നത്. പുറത്തിറങ്ങിയാൽ സ്വയം കത്തിയമരും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ പൂട്ടിയിട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ സൗത്ത്‌വാക്ക് ക്രൗൺ കോടതിയെ അറിയിച്ചു.

അനുയായികളായ യുവതികളെ പേടിപ്പിച്ചും ഏകാന്ത വാസത്തിന് വിധേയയാക്കിയും ആക്രമിച്ചുമാണ് ഇയാൾ കീഴ്‌പ്പെടുത്തിയിരുന്നതെന്ന് പ്രോസിക്യൂട്ടർ റോസിന കോട്ടേജ് പറഞ്ഞു. കൊല്ലപ്പെടുമെന്ന് അവർ ഭയന്നരുന്നു. അതുകൊണ്ടുതന്നെ കോമ്രേഡ് ബാലയ്ക്ക് വഴങ്ങാൻ അവർ അനുസരണയോടെ ഊഴം കാത്തുനിൽക്കുകയായിരുന്നുവെന്നും കോടതിയിൽ പ്രോസിക്യൂട്ടർ പറഞ്ഞു.

എന്നാൽ, ലൈംഗികാരോപണങ്ങളും മകളോട് ക്രൂരത കാട്ടിയതുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അരവിന്ദൻ നിഷേധിച്ചു. ഇന്ത്യയിൽനനിന്നും അറുപതുകളിൽ കുടിയേറിയയാളാണ് അരവിന്ദൻ. ഇയാളുടെ ടാൻസാനിയക്കാരി ഭാര്യ ചന്ദയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1976-ൽ ബ്രിക്സ്റ്റണിൽ മാവോ സെതൂങ് മെമോറിയൽ സെന്റർ ആരംഭിച്ചതോടെയാണ് ദമ്പതികൾ പൊലീസിന്റെ കണ്ണിൽപെടുന്നത്. ചർച്ചകളും സിനിമകളും എല്ലാ വൈകുന്നേരങ്ങളിലും സംഘടിപ്പിച്ചിരുന്നു. ഇതിനും രണ്ടുവർഷം മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി നാഷണൽ എക്‌സിക്യുട്ടീവിൽനനിന്നും ഇയാളെ പുറത്താക്കിയിരുന്നു എന്നും സൂചനനയുണ്ട്.

തുടക്കത്തിൽ ഒട്ടേറെ അനുയായികളുണ്ടായിരുന്നെങ്കിലും പിന്നീട് അത് ആറുപേരായി ചുരുങ്ങി. ഭാര്യ ചന്ദ പട്ട്‌നി ഉൾപ്പെടെ ആറുപേരും സ്ത്രീകളായിരുന്നു. അരവിന്ദനോട് അങ്ങേയറ്റം വിധേയത്വം പുലർത്തിയിരുന്ന സംഘമായി ഇവർ മാറി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.