- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് സെക്രട്ടറിയെ വിസ്മയിപ്പിച്ച ഗുജറാത്ത് മോഡലിൽ മലയാളി മികവും; വിദ്യാഭ്യാസ മേഖലയിലെ നേട്ടത്തിന് പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വപാടവം; ഇന്ത്യയിലെ ആദ്യത്തെ ഡേറ്റ അധിഷ്ഠിത പൊതുവിദ്യാഭ്യാസ മാതൃകയെന്ന നേട്ടം ഗുജറാത്ത് കൈവരിച്ചത് മലയാളിയായ വിനോദ് റാവു പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം
തിരുവനന്തപുരം: ഗുജറാത്തിലെ ഡാഷ് ബോർഡ് മോഡൽ പഠിക്കാനുള്ള സന്ദർശനത്തിനിടെ കേരള ചീഫ് സെക്രട്ടറി വി.പി.ജോയിയെ വിസ്മയിപ്പിച്ച നിരവധി നേട്ടങ്ങളാണ് ഗുജറാത്തിലുണ്ടായിരുന്നത്. അതിൽ എടുത്ത് പറയേണ്ടുന്ന ഒന്ന് പൊതുവിദ്യാഭ്യാസ മേഖലയിലെ കലയിലെ നേട്ടങ്ങളാണ്.എന്നാൽ ഈ നേട്ടങ്ങൾക്ക് പിന്നിൽ ഒരു മലയാളിക്കരുത്തുണ്ട് എന്നതാണ് കൗതുകകരം.ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ചേർത്തല സ്വദേശി വിനോദ് റാവുവിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാസമീക്ഷ കേന്ദ്രമാണു ചീഫ് സെക്രട്ടറി സന്ദർശിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ഡേറ്റ അധിഷ്ഠിത പൊതുവിദ്യാഭ്യാസ മാതൃകയെന്ന വിശേഷണമുള്ള കേന്ദ്രം നിലവിൽ വന്നതു വിനോദ് റാവു പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ ശേഷമാണ്. ഈ മികവിന് പ്രധാനമന്ത്രിയുടെ എക്സലൻസ് പുരസ്കാരം വിനോദിനെ തേടിയെത്തി.3 മുതൽ 12 വരെയുള്ള വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഹാജർ ഓൺലൈൻ വഴി വിദ്യാസമീക്ഷ കേന്ദ്രത്തിൽ ലഭിക്കും. ഇതോടെ അദ്ധ്യാപകരുടെ ഹാജർനില മെച്ചപ്പെട്ടെന്നാണു വിലയിരുത്തൽ. സ്ഥിരമായി ജോലിക്കെത്താത്ത 600 അദ്ധ്യാപകരെ പിരിച്ചുവിട്ടു.
പത്താം ക്ലാസിൽ മാത്രം കേന്ദ്രീകൃത മൂല്യനിർണയം എന്ന രീതി മാറ്റി മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ കേന്ദ്രീകൃതമായി വിലയിരുത്തുന്നു. വിദ്യാഭ്യാസ ഇൻസ്പെക്ടർ സ്കൂളിൽ എത്തി കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥന്റെ ടാബിൽ ജിപിഎസ് ടാഗിങ് ഉണ്ട്. സംസ്ഥാനത്തെ ഏതു വിദ്യാഭ്യാസ ഇൻസ്പെക്ടറുമായും വിഡിയോ കോളിലൂടെ ബന്ധപ്പെടാനാകും.
മൊബൈൽ ആപ് വഴി കുട്ടികളെ പഠിപ്പിക്കാൻ ഗുജറാത്ത് എജ്യുക്കേഷൻ ടെക്നോളജീസ് എന്ന കമ്പനിയും ആരംഭിച്ചു. സർക്കാർഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു സൗജന്യമായും സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു ചെറിയ വാർഷിക ഫീസ് നിരക്കിലും സേവനം നൽകുന്നു.
ഡേറ്റ അധിഷ്ഠിതമായി സ്കൂളുകളെ വിലയിരുത്തുന്ന സോഫ്റ്റ്വെയർ കേരളവുമായി പങ്കിടുന്നതു സന്തോഷകരമാണെന്നു ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചു. 12ാം ക്ലാസ് വരെ ചേർത്തല പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ പഠിച്ച വിനോദ് റാവു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നാണ് ഇംഗ്ലിഷിൽ എംഎ എടുത്തത്. ഭാര്യ നിമിഷ തൃശൂർ സ്വദേശിനിയാണ്.
മറുനാടന് മലയാളി ബ്യൂറോ