ദുബായ്: അവിഹിത ബന്ധത്തിൽ കുഞ്ഞിന് ജന്മം നൽകിയ മലയാളി നഴ്‌സിനും കാമുകനായ ദുബായിലെ പ്രമുഖ വ്യവസായിക്കും തടവ് ശിക്ഷയും നാട്ടുകടത്തലും. ദുബായ് ക്രിമിനൽ കോടതിയുടേതാണ് വിധി. അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിന് വേണ്ടി വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്ന് വ്യക്തമാകുകയും ചെയ്തതോടെയാണ് ഇരുവർക്കും ആറ് മാസം വീതം തടവും നാടുകടത്തലും കോടതി വിധിച്ചത്. കുഞ്ഞിന് വ്യാജ രേഖകളുണ്ടാക്കി ഹെൽത്ത് അഥോറിറ്റിയെ കബളിപ്പിച്ചത് നഴ്‌സാണെന്ന് വ്യക്തമായതോടെ ഇവർക്ക് ഒരു വർഷഥ്‌തെ അധിക തടവും വിധിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശിയും മംഗലാപുരത്ത് സ്ഥിരതാമസവുമാക്കിയ യുവതിയാണ് കുടുങ്ങിയത്. യുവതിയുടെ ഭർത്താവ് നൽകിയ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസ് കോടതിയിലെത്തിയപ്പോൾ ഭർത്താവിന്റെ വാദങ്ങൾ അംഗീകരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഡിഎൻഎ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. മംഗലാപുരത്ത് താമസമാക്കിയ ജേക്കബ് ജോണാണ് നഴ്‌സിന്റെ ഭർത്താവ്. 1999 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് സന്ദർശക വിസയിൽ ഭാര്യയെ ദുബൈയിലേക്ക് കൊണ്ടു വന്നു. ആരോഗ്യ മേഖലയിൽ യുവതിക്ക് ജോലി ലഭിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.

വിവാഹംകഴിഞ്ഞ് ദുബായിൽ വന്ന യുവതി പിന്നീട് ഭർത്താവുമായി അകലുകയായിരുന്നു. യുവതി വഴിവിട്ട ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തിയതിനെതുടർന്ന് ഭർത്താവ് ഭാര്യയോട് ജോലി മതിയാക്കി നാട്ടിലേക്ക് തിരികെ പോകാൻ പറഞ്ഞു. എന്നാൽ അനുസരിക്കാതെ യുവതി ദുബൈയിൽ തുടരുകയായിരുന്നെന്ന് ഇത് സംബന്ധിച്ച കേസിൽ പറയുന്നു. യുവതി വേർപിരിഞ്ഞ് താമസം തുടങ്ങുകയും ജേക്കബ് ജോൺ ബ്രൂണെ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി ജോലി നോക്കുകയുംചെയ്തു. ഇതിനിടെയാണ് ഭാര്യ തന്റെ അഭാവത്തിൽ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതായി ഭർത്താവ് അറിഞ്ഞത്.

ഭാര്യക്ക് താനറിയാതെ ഒരു കുഞ്ഞ് ജനിച്ചെന്നും പിതാവായി തന്റെ പേര് കാണിച്ച് ജനന സർട്ടിഫിക്കറ്റ് ദുബൈ ഹെൽത്ത് അഥോറിറ്റിയിൽ നിന്ന് കരസ്ഥമാക്കിയെന്നുമറിഞ്ഞ ഭർത്താവ് വീണ്ടും ദുബൈയിൽ എത്തുകയും അഡ്വ. ഷംസുദ്ദീൻ കരിനാഗപ്പള്ളി മുഖേന നിയമനടപടിക്ക് തുടക്കം കുറിച്ചു. ആശുപത്രി രേഖകളും ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം പബ്ലിക് പ്രോസിക്യൂഷനിൽ പരാതി സമർപ്പിച്ചതോടെ പ്രോസിക്യൂട്ടർ റാശിദിയ പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞിന്റെ പിതാവിനെ കോടതി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് ഒരു മലയാളി വ്യവസായിയാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ദുബൈ ക്രിമിനൽ കോടതി വ്യഭിചാരകുറ്റത്തിന് യുവതിക്കും യുവാവിനും ആറുമാസം വീതം ജയിൽ ശിക്ഷ വിധിച്ചു.

അനുകൂലവിധി ലഭിച്ചതിനെത്തുടർന്ന്, ഭാര്യയുടെ കാമുകനെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനുള്ള ശ്രമത്തിലാണ് ജേക്കബ് ജോൺ. തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടാക്കുകയും തനിക്ക് മാനഹാനിയുണ്ടാക്കുകയും ചെയ്ത കേസിൽ 20 ലക്ഷം ദിർഹമാണ് ഇയാൾ ആവശ്യപ്പെടുന്നത്.