ട്രിപ്പളി: ലിബിയയിൽ ഷെല്ലാക്രമണത്തിൽ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു. കുറവിലങ്ങാട് വെളിയന്നൂർ വന്ദേമാതരം തുളസിഭവനിൽ വിപിന്റെ ഭാര്യ സുനു വിപിൻ (29), ഏകമകൻ പ്രണവ് (ഒന്നരവയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ലിബിയയിലെ സബ്രാത്തയിൽ് ആക്രമണം ഉണ്ടായത്. വിപിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ജോലിചെയ്യുന്ന ആശുപത്രിയുടെ ഫ്‌ളാറ്റിലായിരുന്നു സുനുവും മകനും. ഇവരിരുന്ന മുറിക്കുള്ളിലേക്ക് ഷെൽ പതിക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ആക്രമണത്തിൽ കെട്ടിടസമുച്ചയത്തിലുണ്ടായിരുന്ന മറ്റ് പലരും മരിച്ചിട്ടുള്ളതായി പറയുന്നു. സുനുവും വിപിനും കഴിഞ്ഞ മൂന്നുവർഷമായി ലിബിയയിലായിന്നു. അഭ്യന്തരപ്രശ്‌നങ്ങളെ തുടർന്ന് അടുത്തമാസം നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. രേഖകളും ശമ്പളകുടിശികയും ലഭിക്കാത്തതിനെ തുടർന്നാണ് യാത്ര നീണ്ടുപോയത്.

2012ലാണ് വിപിനും സുനുവും വിവാഹിതരാകുന്നത്. ഇരുവരും ലിബിയയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ലിബിയയിലുള്ള മലയാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് അധികൃതർ.