ലണ്ടൻ: നാല് ദിവസം മുമ്പ് മോണ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലയാളി നഴ്‌സ് ബ്രിട്ടനിൽ വച്ച് മരണമടഞ്ഞു. ഇടുക്കി ജില്ലയിെല കട്ടപ്പന സ്വദേശിനിയും ലണ്ടനിലെ ബെക്‌സ്ഹിൽ ഓൺ സീയിലെ സീനിയർ കെയററുമായ 30 കാരിയായ ജോസി ആന്റണി എന്ന യുവതിയാണ് ഇന്നു രാവിലെ മരണമടഞ്ഞത്. നാല് ദിവസം മുമ്പ് മോണ വേദയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഏഴ് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിലാണ് ജോസി യുകെയിൽ എത്തിയത്. ബെക്‌സ്ഹിലിലെ ഒരു കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്യുകയായിരുന്നു ജോസി. വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസിൽ തിരസ്‌ക്കരിച്ചതിനെ തുടർന്ന് അപ്പീൽ നൽകിയിരിക്കയായിരുന്നു. ഭർത്താവ് ചാംസ് ജോസഫും നാലു വയസായ ഏക മകൾ ഒലിവിയ ചാസും കേരളത്തിലാണ്. ജോസിയുടെ രോഗ ബാധയെ തുടർന്ന് യുകെയിലേയ്ക്ക് വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം എത്തിയത്. കട്ടപ്പന പാറത്തോട് പാപ്പച്ചന്റെ മകളാണ് ജോസി.

ഏതാനും ആഴ്ചകളായി മോണവേദനയും പല്ലുവേദനയുമായി ജോലിക്ക് പോകാതെ അവധി എടുത്ത് കഴിയുകയായിരുന്നു ജോസി. ജിപിവൈഇയെ കാണുകയും ഹാസ്റ്റിങ് എൻഎച്ച്എസ് ആശുപത്രിയിൽ പോയി ചികിത്സ തേടുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമ്പോഴേയ്ക്കും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ച ശേഷമായിരിക്കും നാട്ടിലേയ്ക്ക് പോകുന്ന കാര്യം ആലോചിക്കുന്നത്.

ജോസി അസുഖം ബാധിച്ച് ആശുപത്രിയിൽ ആണ് എന്നറിഞ്ഞപ്പോൾ മുതൽ സഹായവുമായി ഈസ്റ്റ്‌ബോണിലെ മലയാളി സമൂഹം രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ തന്നെ ഇടപെട്ട് നടത്തിവരുന്നു. എംബസ്സി വഴി ആരെങ്കിലും യുകെയിലേയ്ക്ക് എത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.