- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പോരാട്ടത്തിൽ രക്തസാക്ഷിയായി ഒരു മലയാളി നഴ്സു കൂടി; കോഴിക്കോട് സ്വദേശിനി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു; രമ്യ റജുലാലിന്റെ അന്ത്യം റുസ്താഖ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയവേ; ആദരാജ്ഞലി അർപ്പിച്ച് യുഎൻഎ
മസ്‌കത്ത്: കോവിഡ് പോരാട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ഗൾഫ് നാടുകളിൽ അടക്കം ഇവർ കോവിഡ് പോരാട്ടത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിരവധി ആരോഗ്യ പ്രവർത്തകർ കോവിഡിന് കീഴടങ്ങുകയും ചെയ്തു. ഇന്നലെ ഒമാനിലും കോവിഡ് പോരാട്ടത്തിൽ ഒരു മലയാളി രക്തസാക്ഷിയായി.
ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സാണ് മരണപ്പെട്ടത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാൽ ആണ് ഞായറാഴ്ച രാത്രി ഏഴരയോടെ മരിച്ചത്. റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. റുസ്താഖ് ഹോസ്പിറ്റിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്. കുടുംബ സമേതം റുസ്താഖിലാണ് താമസിച്ചിരുന്നത്. നേരത്തെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും രമ്യ നഴ്‌സായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കോവിഡ് ബാധിതയായി വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. Multiple Cerebral Haemorrhage, Acute Renal Failure നെ തുടർന്ന് ഡയാലിസിസും ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമായി. രമ്യയുടെ നിര്യാണത്തിൽ യുഎൻഎ അനുശോചനം രേഖപ്പെടുത്തി.
ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരാണ് ഇതിനോടകം മരണപ്പെട്ടത്. ഡോ. രാജേന്ദ്രൻ നായർ, സിനാവ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ ബ്ലെസി തോമസ് എന്നിവരാണ് നേരത്തെ മരിച്ചവർ.
മറുനാടന് മലയാളി ബ്യൂറോ