ഷാർജ: ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്‌സ് മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ (എബനേസർ ഓട്ടോ) മകൾ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്‌സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്ദയിലാണ് സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവും നാല് വയസ്സുള്ള മകളും നാട്ടിലാണ്. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.