മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ മലയാളി നഴ്‌സ് കുത്തേറ്റു് മരിച്ചു. ഇവിടെ സലാലയിൽ കുടുംബ സമേതം താമസിക്കുന്ന അങ്കമാലി കറുകുറ്റി സ്വദേശിനിയായ ചിക്കു റോബർട്ട് (28) ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വീട്ടിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ലിൻസൺ തോമസിനൊപ്പം സലാലയിൽ താമസിക്കുന്ന ചിക്കു ഇവിടെ ബദർ അൽസാമ ഗ്രൂപ്പ് ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു.

അഞ്ച് മാസം ഗർഭണി കൂടിയായിരുന്നു ചിക്കു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. കവർച്ചാ ശ്രമത്തിനിടെ കുത്തേറ്റുവെന്നാണ് സൂചനകൾ. ഇന്നലെ രാത്രി 10 മണിക്കായിരുന്നു ചിക്കുവിന് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. എന്നാൽ ഡ്യൂട്ടിക്ക് കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് ഫോണിൽ വിളിച്ചു. എന്നാൽ ഫോൺ എടുക്കാതിരുന്നതോടെ ലിൻസൻ ഫ്‌ലാറ്റിൽ വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ചിക്കുവിനെയാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചെവി അറുത്ത് ആഭരണങ്ങൾ കവർന്ന നിലയിലായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കവർച്ചാ ശ്രമത്തിനിടെ കുത്തേറ്റ് രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇവർ താമസിക്കുന്നതിന് സമീപിച്ച് പാക്കിസ്ഥാനി കുടുംബങ്ങളാണുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു പാക്കിസ്ഥാനിയെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. എന്നാൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കറുകുറ്റി മാമ്പ്ര തെക്കയിൽ അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകളാണ് ചിക്കു. എട്ട് മാസം മുമ്പാണ് ചങ്ങാശേരി മാടപ്പള്ളി ആഞ്ഞിലപറമ്പിൽ ലിൻസണുമായുള്ള ചിക്കുവിന്റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി സലാലയിലെ ആശുപത്രിയൽ ജോലി നോക്കുകയാണ് ചിക്കു. ഭർത്താവ് ലിൻസനും ബദർ അൽസാമ ആശുപത്രിയിലാണ് ജോലി. സാബിയാണ് ചിക്കുവിന്റെ മാതാവ്, സഹോദരി: സയന.

നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് സലാലയിലെ ബദർ അൽസാമ ഗ്രൂപ്പ് ആശുപത്രി. ചിക്കുവിന്റെ ദാരുണമായ മരണം എല്ലാവർക്കും ഞെട്ടൽ സമ്മാനിച്ചിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് അങ്കമാലിയിലുള്ള ചിക്കുവിന്റെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടവും മറ്റു നടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.