ന്യൂഡൽഹി: ലിബിയയിലെ ഷെൽ ആക്രമണത്തിൽ മലയാളിയയാ സുനുവും മകനും കൊല്ലപ്പെടുന്നു. തൊട്ട് പിന്നാലെ വിദേശ കാര്യമന്ത്ര സുഷമ്മാ സ്വരാജിന്റെ ട്വീറ്റും. ലിബിയിലുള്ള ഇന്ത്യാക്കാർ എത്രയും വേഗം മടങ്ങണമെന്നാണ് ആവശ്യം. സാവിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന 26 ഇന്ത്യക്കാർ കുടുങ്ങി കിടക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. അവരോട് അപകടമേഖലയിൽ നിന്ന് ദൂരെ പോകാനും മന്ത്രി അഭ്യർത്ഥിച്ചു. അടിയന്തര ഘട്ടങ്ങളിൽ ട്വിറ്ററിലൂടെ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സുഷമ വിശദീകരിച്ച് പോലെയല്ല കാര്യങ്ങൾ. നൂറുകണക്കിന് പേരാണ് ലിബിയയിൽ ഇപ്പോഴുമുള്ളത്. ഇവരുടെയെല്ലാം ജീവിതം ആശങ്കയിലുമാണ്. ഇവരെ രക്ഷിക്കാൻ എന്തു ചെയ്യണമെന്നതിൽ കേന്ദ്ര സർക്കാരിനും വ്യക്തമായ ദിശാബോധമില്ല.

യാഥാർത്ഥത്തിൽ ലിബിയയിലെ ഒഴുപ്പിക്കലിന്റെ പ്രശ്‌നങ്ങളും സർക്കാരിന്റെ വാഗ്ദാന ലംഘനവുമാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. ആഭ്യന്തര സംഘർഷം തുടങ്ങിയപ്പോൾ കേന്ദ്ര സർക്കാർ ഒഴിപ്പിക്കൽ നടത്തി. ട്രോപ്പോളിയിലുള്ളവർക്കായിരുന്നു ഇതിന്റെ ഗുണം കിട്ടിയത്. എന്നാൽ ആഭ്യന്തര സംഘർഷം രൂക്ഷമായ മേഖലകളിലുള്ളവർ ഇക്കാര്യം അറിഞ്ഞതു പോലുമുണ്ടായിരുന്നില്ല. അറിഞ്ഞവർക്ക് ട്രിപ്പോളി വരെ എത്താനും കഴിഞ്ഞിരുന്നില്ല. ഇതിനൊപ്പമാണ് വാഗ്ദാന ലംഘനമെത്തിയത്. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്ക് എല്ലാ സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ നോർക്കയുടെ 2500 രൂപയ്ക്ക് അപ്പുറം ഒന്നും ആർക്കും കിട്ടിയില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി മടങ്ങിയെത്തിയ നേഴ്‌സുമാർ. ഈ സത്യം മനസ്സിലാക്കിയ യുദ്ധ മേഖലയിലുള്ളവർ ദാരിദ്രത്തിന്റെ കഷ്ടത അനുഭവിക്കാൻ നാട്ടിലേക്ക് മടങ്ങിയില്ലെന്നതാണ് യാഥാർത്ഥ്യം.

അതുകൊണ്ട് തന്നെ ലിബിയയിലും സിറിയയിലും ഇറാഖിലുമെല്ലാം മലയാളികൾ ഇപ്പോഴും ഉണ്ട്. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചവരാണ് ഇതിൽ ഭൂരിഭാഗവും. സർക്കാർ അപകടമേഖലയിലേക്ക് പോകരുതെന്ന് നിരന്തരം ആവശ്യപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് ഇവർ പോകുന്നുവെന്നത് ഭീകരമായ അവസ്ഥുടെ പ്രതിഫലനമാണ് നേഴ്‌സിങ് മേഖലയിലെ സംഘടനാ നേതാവ് ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു. പാവപ്പെട്ട വീടുകളിലെ കുട്ടികൾ മാത്രമേ ഇത്തരം മേഖലയിൽ ജോലിക്ക് പോകൂ. വിദ്യാഭ്യാസ വായ്പ എടുത്ത് ജപ്തി ഭീഷണി നേരിടുന്ന 60,000 പേർ കേരളത്തിലുണ്ട്. എസ്‌ബിറ്റിയെ പോലുള്ള ബാങ്കുകൾ തിരിച്ചടവ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം റിലയൻസ് പോലുള്ള കുത്തകകൾക്ക് നൽകി. ഇതോടെ ജീവിക്കാൻ വേണ്ടി വിദ്യാഭ്യാസ ലോണെടുത്ത പാവങ്ങൾക്ക് നിൽക്കക്കള്ളിയില്ലാതെയായി-ജാസ്മിൻ ഷാ വിശദീകരിച്ചു.

ലോണിന്റെ തിരിച്ചെടുവിനായി ഭീഷണിയാണ് ബാങ്കുകൾ നടത്തുന്നതെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ലബിയിയിലും മറ്റും ജോലി ചെയ്യുന്നവർ അവിടെ തന്നെ തുടരുന്നു. ലോൺ തിരിച്ചടയ്ക്കണമെങ്കിൽ അത് ചെയ്‌തേ മതിയാകൂ എന്നതാണ് അവസ്ഥ. സിറിയയിലും ലിബിയയിലുമെല്ലാം നേഴ്‌സുമാർക്ക് താരതമ്യേന ചെറിയ ശമ്പളമാണുള്ളത്. മറ്റ് രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നിയമങ്ങൾ കുടുപ്പിച്ച്. പല പരീക്ഷകളും പാസായാൽ മാത്രമേ അവിടെ ജോലി കിട്ടൂ. ഇതോടെ പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സിറിയയും ലിബിയയും ഇറാക്കുമെല്ലാമായി ഏകാശ്രയം. അതുതന്നെയാണ് അവിടെ നിന്നും മടങ്ങാൻ മലയാളി നേഴ്‌സുമാരെ മടിപ്പിക്കുന്നതും. സർക്കാരിന്റെ വാഗദാന ലംഘനമാണ് ഈ അവസ്ഥയുണ്ടാക്കിയത്.

ലിബിയയിൽ നിന്ന് മടങ്ങിയത്തുമ്പോൾ പലർക്കും പ്രതീക്ഷയായിരുന്നു. എല്ലാവർക്കും ജോലി ഉറപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പരസ്യമായി പറഞ്ഞു. എന്നാൽ ആർക്കും ഒന്നും കിട്ടിയില്ല. വന്നവരെല്ലാം ദുരിതത്തിലായി. പലരും ലിബിയയിലേക്ക് തന്നെ തിരിച്ചു മടങ്ങി. ഇവരെ ബോധവൽക്കരിക്കാൻ സർക്കാരും ഉണ്ടായില്ല. സംഘർഷ മേഖലയിലേക്കുള്ള നേഴ്‌സുമാരുടെ യാ്ത്രയെ വിമാനത്താവളത്തിൽ തടയണമായിരുന്നു. അത് കേന്ദ്ര സർക്കാരും നടത്തിയില്ല. ഇതോടെ ബോംബുകൾ പറന്നുവീഴുന്ന നാട്ടിൽ മലയാളികളായ മാലാഖമാർ വീണ്ടും എത്തി തുടങ്ങി. ഇതും ഇപ്പോൾ ആശങ്കയുണ്ടാക്കാൻ കാരണമായെന്ന് ജാസ്മിൻ ഷാ പറയുന്നു. ഇവർക്ക് ജോലി നൽകി ഇവിടെ പുനരധിവസിപ്പിച്ചിരുന്നുവെങ്കിൽ ഈ സാഹചര്യം ഒഴിയുമായിരുന്നു.

ഇറാഖിൽ ഐസിസ് പിടിയിലായി മടങ്ങിയെത്തി നാൽപ്പതോളം നേഴ്‌സുമാരെ സർക്കാർ സഹായിച്ചു. ജോലി ഉറപ്പാക്കുകയും ചെയ്തു. മാദ്ധ്യമ ശ്രദ്ധ മൂലമായിരുന്നു ഇത്. എന്നാൽ ലിബിയയിൽ നിന്നും സിറിയയിൽ നിന്നും മടങ്ങിയെത്തിയവരുടെ വിഷയം ഏറെ നാൾ പൊതു സമൂഹം ചർച്ചയാക്കിയില്ല. അതുകൊണ്ട് തന്നെ വാഗ്ദാനമെല്ലാം പാഴ് വാക്കായി. തമിഴ്‌നാട്ടിൽ എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. നേഴ്‌സിങ് മേഖലയിലെ കരാർ ജോലികളെല്ലാം ജയലളിത സർക്കാർ മടങ്ങിയെത്തിയവർക്ക് നൽകി. ഈ മാതൃക ഉമ്മൻ ചാണ്ടി സർക്കാരും പാലിച്ചിരുന്നുവെങ്കിൽ ലിബിയയിലേക്ക് മലയാളികൾ വീണ്ടും പോകില്ലായിരുന്നുവെന്ന് ജാസ്്മിൻഷാ പറയുന്നു.

നിലവിലെ ആശങ്ക എങ്ങനെ മറികടക്കണമെന്ന് ആർക്കും അറിയില്ല. ലിബിയയിലും മറ്റും എംബസി പ്രവർത്തനവുമില്ല. ആകെയുള്ള ട്വിറ്റർ മാത്രമാണ്. അതിലൂടെ കാര്യങ്ങൾ സുഷമ്മയെ അറിയിച്ചാലും എങ്ങനെ ഇവരെ നാട്ടിലെത്തിക്കുമെന്ന ചോദ്യം ബാക്കി. മടങ്ങിയെത്തിയാൽ അവർക്ക് താങ്ങും തണലുമാകാൻ ആരും ഉണ്ടാകില്ല. പുനരധിവാസമെന്നത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. അത് നടപ്പാക്കാതെ വരുമ്പോൾ പാവപ്പെട്ട വീടുകളിലെ നേഴ്‌സുമാർ പിന്നേയും ലിബിയയിലേക്കും സിറിയയിലേക്കും ഇറാക്കിലേക്കും വിമാനം കയറേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം.