രു രാജ്യത്തിനകത്തുള്ള വിഭവങ്ങൾ അതിന്റെ ഉള്ളിൽ ത്തന്നെ ക്രയവിക്രയം ചെയ്തല്ല മറിച്ച് രാജ്യത്തിന് പുറത്തു നിന്നും പണവും വിഭവങ്ങളും രാജ്യത്തിനകത്തേക്ക് കൊണ്ടുവന്നാണ് നാം വികസനം സാധ്യമാക്കേണ്ടത്. ആ അർത്ഥത്തിൽ ഇന്ന് വികസനത്തിന് ചുക്കാൻ പിടിക്കുന്നത് മനുഷ്യ വിഭവത്തിന്റെ കയറ്റുമതിയിലാണ്. ഇന്ത്യയുടെ വികസനത്തിൽ ഏറ്റവും പ്രധാന വരുമാനമാർഗമാണ്,ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്തു അയക്കുന്ന പണം. അതിൽത്തന്നെ മുഖ്യപങ്കു ഇന്ത്യൻ നഴ്‌സുമാർ വിദേശ രാജ്യങ്ങളിൽ ജോലിചെയ്തയക്കുന്ന പണമാണെന്നു എല്ലാവർക്കുമറിയാം. വിദേശരാജ്യങ്ങളിൽ മനുഷ്യവിഭവത്തിൽ ഏറ്റവും മൂല്യമുള്ള ഒന്നായി ഇന്ന് നഴ്‌സിങ് മാറിയിരിക്കുന്നു.ബഹുമാനപെട്ട മുൻ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാം കേരള വികസനത്തിന് വേണ്ടി നിർദ്ദേശിച്ച 10 കാര്യങ്ങളിൽ ഒന്നാണ് നഴ്‌സിങ് മേഖലയുടെ പ്രോത്സാഹനം. ഇന്ത്യൻ നഴ്‌സുമാരുടെ പ്രത്യകിച്ചും കേരളത്തിലെ നഴ്‌സുമാരുടെ വിദ്യഭ്യാസയോഗ്യതയും പ്രാഗല്ഭ്യവും അർപ്പണമനോഭാവവും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ വലിയ സാധ്യതയാണ് കേരളത്തിന് ഈ രംഗത്ത് പ്രതീക്ഷിക്കാവുന്നത്. ഒരർത്ഥത്തിൽ കേരളവികസനത്തിന്റെ നെടുത്തൂണുകളാകാൻ കേരള നഴ്‌സുമാർക്ക് കഴിയും.

ഏതാണ്ട് 10 വർഷം മുൻപുവരെ സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകൾ നഴ്‌സുമാരെ മോശമായ കണ്ണുകൾ കൊണ്ടാണ് കണ്ടിരുന്നത് എന്നതായിരുന്നു വസ്തുത. പലവിധ രോഗങ്ങളാലും അപകടങ്ങളാലും ആശുപത്രിയിലെത്തിയിരുന്ന രോഗികളുടെ വേദനയിൽ പങ്കുചേർന്നു, അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിച്ചിരുന്ന നഴ്‌സുമാരെ വിവാഹക്കമ്പോളത്തിൽ ആർക്കും വേണ്ടാത്ത അവസ്ഥയുണ്ടായിരുന്നു. എല്ലാ മേഖലയിലും ഉണ്ടായിരുന്ന മൂല്യച്യുതികൾ പോലെ മാത്രമേ നഴ്‌സിങ് മേഖലയിലും ഉണ്ടായിരുന്നുള്ളു എങ്കിലും അക്കാലത്തു പൊതുവെ നഴ്‌സിങ് മേഖലയെ മോശമായി കണ്ടിരുന്നത് നീതീകരിക്കാനാവുന്നതായിരുന്നില്ല.

പക്ഷെ പതുക്കെ സ്ഥിതി മാറി. യൂറോപ്യൻ രാജ്യങ്ങളിലും മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലും നഴ്‌സുമാരുടെ പ്രാധാന്യവും പ്രതിഫലവും വർധിച്ചു. ഈ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന യുവാക്കൾ നഴ്‌സിങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ പഠിച്ചിറങ്ങിയ നഴ്‌സുമാരെ വിവാഹം ചെയ്യാനും അവരെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ജോലി നേടിക്കൊടുത്തു ജീവിതം ഭദ്രമാക്കാനും അവരിന്ന് മുന്നിലാണ്. വിദേശത്ത് ഏറ്റവും പ്രതിഫലസാധ്യതയുള്ള ജോലി നഴ്‌സിങ് ആണ് എന്ന തിരിച്ചറിവ് മൂലം ഇന്ന് നഴ്‌സുമാർക്ക് വിവാഹവേദിയിൽ വൻസ്വീകാര്യതയാണുള്ളത്. പക്ഷെ പ്രവാചകന് സ്വന്തം നാട്ടിൽ വിലയില്ല എന്നു പറയുന്നത് പോലെ നഴ്‌സുമാർ ഇന്ത്യക്കകത്ത് ഇന്നും പൊതുവെ അവഗണിക്കപ്പെട്ടവരാണ്. നഴ്‌സിങ് മേഖലയിൽ ജോലി ചെയ്യുന്നവർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.

1) മാറിവരുന്ന സർക്കാരുകളുടെ നയങ്ങളും അപക്വമായ നിയമങ്ങളും.

മിക്കവാറും നഴ്‌സിങ് പഠനത്തിനെത്തുന്നത് നിർധന കുടുംബത്തിലുള്ളവരോ ഇടത്തരം കുടുംബത്തിലുള്ളവരോ ആണ്. ലോണെടുത്തും കടം വാങ്ങിയും എങ്ങിനെയെങ്കിലും ദീർഘകാല കോഴ്‌സും പ്രവർത്തനപരിചയവും കഴിഞ്ഞിറങ്ങുന്ന നഴ്‌സുമാരിൽ വിരലിലെണ്ണാവുന്നർക്ക് മാത്രമേ സർക്കാർ ജോലി ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവർ സ്വകാര്യമേഖലയിലേക്ക് തള്ളപ്പെടുന്നു. കൂലിവേലക്കാർക്കുപോലും ഇന്ന് ന്യായമായ ശമ്പളം ലഭിക്കുമ്പോൾ കഴിവും പ്രാഗല്ഭ്യവും അർപ്പണബോധവുമുള്ള നഴ്‌സുമാർക്ക് സ്വകാര്യമേഖലയിൽ അർഹമായ ശമ്പളം ലഭിക്കുകയില്ല. ഭരണത്തിലുള്ള സർക്കാരിന് ഇതറിയാമെങ്കിലും സ്വകാര്യമേഖലയിലെ ആശുപത്രിമുതലാളിമാരെ പിണക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഒരു തരത്തിലുമുള്ള പരിശോധനക്കും തയ്യാറാവുകയുമില്ല. ഇനി അഥവാ ഏതെങ്കിലും നിയമം അവരെ സഹായിക്കാനായി ഉണ്ടാക്കിയാൽ ത്തന്നെ അത് തിരിച്ചടിക്കാറാണ് പതിവ്.

ഉദാഹരണത്തിന് ഇപ്പോഴത്തെ ഇന്ത്യസർക്കാർ, വൻ പ്രതിഫലം കൈപ്പറ്റി വിദേശ റിക്രൂട്ടിങ് നടത്തുന്ന മധ്യവർത്തികളെ ഒഴിവാക്കി, മൂന്ന് സർക്കാർ ഏജൻസിയെ ഏല്പിച്ചു കൊണ്ട് നഴ്‌സുമാരുടെ എമിഗ്രേഷൻ തടഞ്ഞത് മാത്രം പരിശോധിച്ചാൽ മതി. ഫലത്തിൽ ഇതു നഴ്‌സുമാരുടെ മൊത്തം റിക്രൂട്ട്‌മെന്റ് തടഞ്ഞ അവസ്ഥയുണ്ടാക്കി. സർക്കാർ ഏജൻസികൾ അവസരത്തിനൊത്തു ഉയർന്നതുമില്ല ഒപ്പം സ്വകാര്യമേഖലയെ തടയുകയും ചെയ്തു. ഇതോടെ സങ്കീർണമായ ഇന്ത്യൻ നഴ്‌സുമാരുടെ റിക്രൂട്ടിങ്ങിൽ നിന്നും പല മധ്യ പൂർവേഷ്യൻ രാജ്യങ്ങളും പിൻവാങ്ങിയത് ഇന്ത്യൻ നഴ്‌സുമാരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തി. അത്തരം ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഫിലിപ്പീൻസിൽ നിന്നാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്,ഇന്ത്യൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. കടം വാങ്ങി കൊടുത്തിട്ടെങ്കിലും വിദേശജോലി നേടാനുള്ള വഴി ഇന്ന് അടഞ്ഞിരിക്കയാണ്. ഇന്ന് ഏതെങ്കിലും വിധത്തിൽ സ്വകാര്യ റിക്രൂട്ടിങ് ഏജൻസി മുഖാന്തിരം ജോലി വാങ്ങിയാൽ ത്തന്നെ അവരുടെ കാശിനുപുറമെ വൻതുക എമിഗ്രേഷൻ ഏജന്റിന് 'ചവുട്ടിക്കയറ്റാൻ 'കൂടി കൊടുക്കേണ്ടിവരുന്നു. ഇനി എത്ര നിവേദനം കൊടുത്താലും ഇത്തരം തല തിരിഞ്ഞ നിയമങ്ങൾ ഒരു കാരണവശാലും സർക്കാർ പുനഃപരിശോധിക്കുകയും ഇല്ല.

2) കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോൾ തോളത്ത് കയറുന്ന വൻകടബാധ്യതയുടെ മാറാപ്പ്

പാവപ്പെട്ടവരും, ഇടത്തരം കുടുംബത്തിൽ നിന്നും വരുന്നവരുമായ നഴ്‌സിങ് വിദ്യാർത്ഥികൾ, വലിയ വിദ്യാഭ്യാസലോണിന്റെയും മറ്റു കൈകടങ്ങളുടെയും സഹായത്തോടെയാണ് മിക്കവാറും കോഴ്‌സ് പൂർത്തിയാക്കുക. സർക്കാർ മേഖലയിൽ നഴ്‌സിങ് പഠനത്തിന് സാധ്യത വളരെ വിരളമാണ്. അഥവാ മനപ്പൂർവം സർക്കാർ ഈ മേഖലയെ സ്വകാര്യ അറവുകാർക്ക് ഏല്പിച്ചുകൊടുത്തിരിക്കയാണ്. കേരളത്തിനകത്തും പുറത്തും നഴ്‌സിങ് കോളേജ് നടത്തുക വൻബിസിനസ് ആണ്. പല കോളേജുകൾക്കും അർഹമായ സൗകര്യങ്ങളോ ഹോസ്പിറ്റൽ പരിശീലനത്തിനുള്ള സൗകര്യങ്ങളോ ഇല്ലെങ്കിലും ഭരണത്തിലിരിക്കുന്നവരുടെ ഒത്താശയോടെ നിലനിൽക്കാൻ ബുദ്ധിമുട്ടില്ല. കോളേജിന്റെ നിലക്കും വിലക്കും അനുസരിച്ചു കോളേജ് ഫീസും ഹോസ്റ്റൽ ഫീസും തോന്നിയതുപോലെ ഈടാക്കുന്നു. അതുകൊണ്ടുത്തന്നെ പഠിച്ചിറങ്ങുന്ന നഴ്‌സുമാർക്ക് ഈ വൻവിദ്യാഭ്യാസലോണിന്റെയും മറ്റു കടങ്ങളുടെയും ബാധ്യത ഉടനെ ഏറ്റെടുക്കേണ്ടിവരുന്നു. കിട്ടുന്ന ശമ്പളമാകട്ടെ പലിശപോലും കൊടുക്കാൻ തികയുകയും ഇല്ല.

സർക്കാർ ഫീസിൽ പഠിച്ചിറങ്ങുന്ന ഡോക്ടർമാരും എൻജിനീയർമാരും അനവധിയാണ് പക്ഷെ സർക്കാർ അവർക്കു നൽകിയ ഇളവിന് പകരമായി അവർ ഒരു വർഷത്തെ സാമൂഹ്യസേവനം പോലും ചെയ്യാൻ വിമുഖത കാട്ടുമ്പോൾ ഭീമമായ ഫീസുകൊടുത്തു പഠിച്ചിറങ്ങിയ നഴ്‌സുമാരാകട്ടെ സ്വന്തം നാട്ടിൽ വെറും 3500 മുതൽ 15000 രൂപ വരെയുള്ള ശമ്പളസ്‌കെയിലിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.

3) തൊഴിൽ ദാതാക്കളുടെ തൊഴിൽപരമായ ചൂഷണങ്ങൾ

നഴ്‌സുമാർക്ക് സ്വകാര്യമേഖലയിൽ ജോലി നൽകുന്ന ആശുപത്രി സ്ഥാപനങ്ങൾ, തങ്ങളുടെ ബിസിനസ്സ് വളർച്ചക്ക് ഏറ്റവുമധികം ചൂഷണം ചെയ്യുന്നത് നഴ്‌സുമാരെയാണ്. 8 മണിക്കൂർ ജോലിയെന്നത് നഴ്‌സുമാർക്ക് സ്വപ്നം മാത്രമാണ്. ഈ മേഖലയിൽ രാത്രിസമയജോലി ഇന്ത്യയിൽ പലപ്പോഴും 12 മുതൽ 14 മണിക്കൂറാണ്.അധികജോലി വേതനമോ മറ്റു അലവൻസുകളോ ലഭിക്കില്ല എന്നുമാത്രമല്ല നാമമാത്രമായ ശമ്പളവും ആണ് ലഭിക്കുക. വേണ്ടത്ര നഴ്‌സുമാരെ മനപ്പൂർവം നിയമിക്കാതെ ഉള്ളവരെ വച്ചു വലിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്.ഇതുമൂലം ജോലിസമയത്ത് ഒന്നിരിക്കാനോ എന്തെകിലും കഴിക്കാനോ അവസരമില്ലാതെ നഴ്‌സുമാർ അവശരാകുന്നത് പതിവാണ്.

4) ശക്തവും അംഗീകൃതവുമായ നഴ്‌സിങ് സംഘടനകളുടെ അഭാവം.

മറ്റു മേഖലകളിൽ ഉള്ളതുപോലെ തൊഴിലാളി യൂണിയനുകളോ ശക്തമായ സംഘടനകളോ നഴ്‌സിങ് മേഖലയിൽ ഇല്ല. ഏതാണ്ട് ഒന്ന് രണ്ടു വർഷം മുൻപ് പല സ്ഥാപനങ്ങളും നഴ്‌സുമാരെ അകാരണമായി പിരിച്ചുവിടുകയും ജോലിസമയം കൂട്ടുകയും ശമ്പളവർദ്ധനവ് നടപ്പാക്കാതെ പീഡിപ്പിക്കുകയും ചെയ്തപ്പോൾ, ആ നിർണ്ണായകമായ സാഹചര്യത്തിൽ മാത്രമാണ് സംഘടിച്ചു ചൂഷണത്തെ എതിർക്കേണ്ടതിന്റെ ആവശ്യകത നഴ്‌സുമാർക്ക് ബോധ്യമായതുതന്നെ.

ഈ രംഗത്തെ മഹാഭൂരിപക്ഷം സ്ത്രീകളായതിനാലും കർശനമായ വേതനവ്യവസ്ഥകൾ ഉള്ളതിനാലും ആശുപത്രി മാനേജ്‌മെന്റുകൾ വളരെ ശക്തരും സ്വാധീനമുള്ളവരും ആയതുകൊണ്ടും നഴ്‌സുമാർക്ക് ശക്തമായ സംഘടന രൂപീകരിക്കാനും എല്ലാ നഴ്‌സുമാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. മിക്കവാറും ആശുപത്രികൾ നഴ്‌സുമാരുടെ സർട്ടിഫിക്കറ്റ് വാങ്ങിവച്ചു ബോണ്ട് സമ്പ്രദായം ഇന്നും തുടരുന്നത് നഴ്‌സുമാരെ ഭയപ്പെടുത്തുന്നു. ഒറ്റപ്പെട്ട സമരങ്ങളെ പൊലീസിനെയും ചിലപ്പോഴെല്ലാം ഗുണ്ടകളെയും ഇറക്കി നേരിടുന്നതും കേരളം കാണുകയുണ്ടായി. നഴ്‌സുമാരുടെ ആനുകാലിക പ്രശ്‌നങ്ങളിൽ ഇടപെടുന്ന ശക്തമായ നഴ്‌സിങ് സംഘടന ചൂഷണത്തിന് അറുതി വരുത്താൻ എല്ലാ രാജ്യങ്ങളിലും അനിവാര്യമാണ്.

5) മേലധികാരികളുടെ മാനസിക പീഡനം

നഴ്‌സുമാർ ജോലി ചെയ്യുന്നത് കർശനമായ മേൽനോട്ടത്തിന് വിധേയമായാണ്. ചെറിയ തെറ്റുകൾ പോലും തിരഞ്ഞുപിടിച്ച് ചോദ്യം ചെയ്യപ്പെടുകയും അതിനു വിശദീകരണവും കാരണം കാണിക്കൽ വരെ നല്‌കേണ്ടിവരികയും ചെയ്യും. പലപ്പോഴും രോഗികളുടെയും കൂടെയുള്ളവരുടെയും ഡോക്ടർമാരുടെയും പരാതികളിൽ ബലിയാടാകേണ്ടി വരുന്നതും നഴ്‌സുമാർ തന്നെ.ഉത്തരവാദിത്ത്വപെട്ട മേലധികാരികളുടെയും സൂപ്പർവൈസർമാരുടെയും ശകാരം ഇവർക്ക് നിത്യാഭ്യാസങ്ങളാണ്. രോഗം വന്നാൽ ലീവ് കിട്ടണമെങ്കിൽ പോലും കർശനമായ വ്യവസ്ഥകൾ നിലവിലുണ്ട്.രോഗികൾക്ക് ആശുപത്രികളിൽ വരുന്നതിനു സമയമോ പ്രത്യക ദിവസമോ ഇല്ലാത്തതിനാൽ പലപ്പോഴും നഴ്‌സുമാർക്ക് കുടുംബത്തോടൊപ്പം പൊതു അവധികളോ ആഘോഷദിവസങ്ങളോ ലഭിക്കാറില്ല. എന്നാലും ആരോടും പരാതിയില്ലാതെ ത്യാഗത്തിന്റെ ആൾ രൂപങ്ങളായി നഴ്‌സുമാർ മാറുന്നു.

6) രോഗികളുടെയും അവരുടെ കൂടെ നിൽക്കുന്നവരുടെയും മോശം പെരുമാറ്റം.

ആശുപത്രികളിൽ രോഗികൾക്ക് സ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നഴ്‌സുമാരാണ്. രോഗികൾക്ക് അണുബാധയേൽക്കാതെ നോക്കാനായി സന്ദർശകരെ നിയന്ത്രിക്കേണ്ടതും നഴ്‌സുമാർ തന്നെയാണ്. ഇതിന്റെ കൃത്യമായ ലക്ഷ്യം മനസ്സിലാവാത്ത സന്ദർശകർ നഴ്‌സുമാരോട് കയർത്തു സംസാരിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. രോഗിക്ക് അസുഖം കൂടിയാലോ ഡോക്ടർ താമസിച്ചാലോ ചീത്ത കേൾക്കേണ്ടതും നഴ്‌സുമാരാണ്. രോഗികളും കൂടെയുള്ളവരും ലൈംഗികമായ ലക്ഷ്യത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും അസാധാരണമല്ല. ഇവിടെയെല്ലാം ക്ഷമാപൂർവം പെരുമാറാൻ നഴ്‌സുമാർക്കു മാത്രമേ കഴിയൂ.

7) സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യത

നഴ്‌സുമാർ ജോലി ചെയ്യുന്നത് എന്നും രോഗികൾക്കൊപ്പമാണെന്നു ഓർക്കണം. കടന്നു വരുന്ന രോഗികൾ പലരും മാരകമായ സംക്രമികരോഗങ്ങൾ പിടിപെട്ടവരാകാം. ഇവരെ പരിചരിക്കുന്ന നഴ്‌സുമാർക്ക് ഇവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ കഴിയില്ല. രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും വായുവിലൂടെയും ഇത്തരം രോഗങ്ങൾ നഴ്‌സുമാർക്കും അവരിലൂടെ കുടുംബത്തിലുള്ളവർക്കും ലഭിക്കാൻ സാധ്യത ഏറെയാണ്.രോഗസാധ്യത ഏറ്റവും കൂടുതൽ ഉള്ള മേഖലയാണ് നഴ്‌സിങ് എങ്കിലും രോഗികളുടെ കുടുംബാംഗങ്ങൾ പോലും അറച്ചു മാറിനിൽക്കുമ്പോൾ മുഖം ചുളിക്കാതെ സ്‌നേഹത്തോടെ പരിചരിക്കുന്ന നഴ്‌സുമാർ അക്ഷരാർത്ഥത്തിൽ വെള്ളയുടുപ്പിട്ട മാലാഖാമാരാണെന്നു പറയാതെ വയ്യ.

8) മാറി മാറി വരുന്ന ജോലിസമയങ്ങൾ സൃഷ്ടിക്കുന്ന മാനസിക -ശാരീരിക ക്ലേശങ്ങൾ

നഴ്‌സുമാരുടെ ജോലിസമയം ഇടവിട്ട് മാറിക്കൊണ്ടിരിക്കും അത് 'രാവിലെ, വൈകിട്ട്, രാത്രി' എന്നിങ്ങനെ തുടർച്ചയായി ദിവസങ്ങളുടെ ഇടവേളയിൽ മാറുന്നത് ശരീരത്തിലെ ജൈവക്ലോക്കിന്റെ താളം തെറ്റിക്കുന്നു.രാത്രിജോലി വരുന്നത് കൃത്യമായ ഉറക്കത്തെയും ബാധിക്കുന്നു. ഇതിനുപുറമെ സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ, കുട്ടികളുടെ പഠനം, അടുക്കള എന്നിവയിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വിശ്രമമില്ലാത്ത ജോലിഭാരം പലപ്പോഴും നഴ്‌സുമാർക്ക് സമ്മാനിക്കുക നടുവേദന, തലവേദന,കൈകാൽ കഴപ്പ് തുടങ്ങിയ അവസ്ഥകളാണ് എങ്കിലും ഒന്നും മുടങ്ങാതെ ഒരു എണ്ണയിട്ട ഒരു യന്ത്രം കണക്കെ നഴ്‌സുമാർ ജോലിചെയ്യുന്നു.

ഒരു ഡോക്ടറെ പോലെ ത്തന്നെ സമൂഹത്തിൽ നിലയും വിലയും ആദരവും ലഭിക്കേണ്ടവരാണ് നിശ്ചയമായും നഴ്‌സുമാർ. പക്ഷെ അർഹിക്കുന്ന അംഗീകാരം അവർക്കു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഒരു നഴ്‌സിന്റെ ഭർത്താവ് എന്നനിലയിൽ ഞാൻ എന്റെ ഭാര്യയുടെ തൊഴിലിനെ ബഹുമാനിക്കുന്നു.അവൾ മൂലം എനിക്കുണ്ടായ സാമ്പത്തികമായ നേട്ടത്തെയും എന്റെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിലുള്ള അറിവിനും ശ്രദ്ധക്കും വൃത്തിബോധത്തിനും ഞാൻ നേരിട്ട് ഗുണഭോക്താവാണ്.ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ അവരനുഭവിക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് അവരുടെ ജീവിതത്തിൽ നിന്ന് മനസ്സിലായതുകൊണ്ടാണ്.രോഗിയായി ജീവിതത്തിലെ അഹങ്കാരമെല്ലാംവെടിഞ്ഞു നാളെ ഞാനും ശയ്യാവലംബിയാകുന്നത് വിദൂരമല്ല എന്ന ഓർമയിൽ, നിറഞ്ഞ പുഞ്ചിരിയോടെ നമ്മെ പരിചരിക്കുന്ന നന്മനിറഞ്ഞ, സ്വയം എരിഞ്ഞു ലോകത്തിനു പ്രകാശമാകുന്ന, വെളുത്ത മെഴുകുതിരികളായ എല്ലാ നഴ്‌സുമാർക്കും ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ അർപ്പിക്കുന്നു.