- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നഴ്‌സുമാരുടെ ഗൾഫ് സ്വപ്നം കരിഞ്ഞുണങ്ങുന്നു; ജനറൽ നഴ്‌സുമാരുടെ തൊഴിൽ കരാറുകൾ പുതുക്കാതെ സൗദി ഒഴിവാക്കുന്നു; മറ്റ് രാജ്യങ്ങളും സൗദിയുടെ പാതയിൽ; രണ്ട് വർഷത്തിനകം ജോലി നഷ്ടമാകുന്നത് അഞ്ച് ലക്ഷം മലയാളികൾക്ക്
കൊച്ചി: നഴ്‌സിങ് പഠിച്ച് ഗൾഫിലെ ആശുപത്രിയിൽ മികച്ച ശമ്പളത്തിൽ ജോലിക്ക് പ്രവേശിക്കുക എന്നത് മലയാളി നഴ്‌സുമാരുടെ സ്വപ്‌നമാണ്. എന്നാൽ, ഈ ഗൾഫ് സ്വപ്‌നങ്ങൾക്ക് മേലും കരിനിഴൽ വീഴ്‌ത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി ഡിപ്ലോമക്കാരായ നഴ്‌സുമാരെ സൗദി ഒഴി
കൊച്ചി: നഴ്‌സിങ് പഠിച്ച് ഗൾഫിലെ ആശുപത്രിയിൽ മികച്ച ശമ്പളത്തിൽ ജോലിക്ക് പ്രവേശിക്കുക എന്നത് മലയാളി നഴ്‌സുമാരുടെ സ്വപ്‌നമാണ്. എന്നാൽ, ഈ ഗൾഫ് സ്വപ്‌നങ്ങൾക്ക് മേലും കരിനിഴൽ വീഴ്‌ത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി ഡിപ്ലോമക്കാരായ നഴ്‌സുമാരെ സൗദി ഒഴിവാക്കുന്നതാണ് മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്ക് തിരിച്ചടിയായത്. ഇതോടെ സൗദിയിൽ നിന്നും ജോലി നഷ്ടമായ നഴ്‌സുമാരുടെ ഒഴുക്ക് നാട്ടിലേക്ക് തുടങ്ങിയിട്ടുണ്ട്. വിദേശികളായ ജനറൽ നഴ്‌സുമാരെ പിരിച്ചു വിടുന്നതോടെ സൗദിയിൽ നിന്ന് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാർ മടങ്ങാനൊരുങ്ങുകയാണ്.
ഡിപ്ലോമക്കാരായ ജനറൽ നഴ്‌സുമാരുടെ തൊഴിൽ കരാറുകൾ പുതുക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്ക് വിജ്ഞാപനം നൽകിയിട്ടുണ്ട്. രണ്ട് മാസത്തിൽ താഴെ കരാർ കാലാവധി ബാക്കിയുള്ള നഴ്‌സുമാർക്കാണ് ഉടനെ പിരിച്ചു വിടുമെന്ന അറിയിപ്പ് കിട്ടിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് മലയാളി നഴ്‌സുമാർ അടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ്.
സൗദിക്ക് പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളും ജനറൽ നഴ്‌സുമാരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. നിയമം പൂർണമായി നടപ്പാകുന്നതോടെ രണ്ട് വർഷത്തിനകം ഗൾഫിൽ നിന്ന് അഞ്ച് ലക്ഷത്തോളം മലയാളി നഴ്‌സുമാർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങേണ്ടി വരുമെന്നാണ് കണക്കുകൾ.
ലോകാരോഗ്യ സംഘടനയുടെ പുതിയ ആരോഗ്യ നയം നടപ്പാക്കുന്നതാണ് ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മലയാളി നഴ്‌സുമാരുടെ ഭാവി തകർക്കുന്നത്. ജനറൽ നഴ്‌സിങ് ഡിപ്ലോമയുള്ള നഴ്‌സുമാരെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന് സൗദിയിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശ മന്ത്രാലയത്തിന്റെയും കീഴിലുള്ള ആശുപത്രികളിൽ നഴ്‌സിങ് ബിരുദധാരികൾക്ക് മാത്രമാകും ഇനി അവസരമുണ്ടാകുന്നത്. ബിരുദധാരികൾക്കു തന്നെ രണ്ട് വർഷത്തിനു മേൽ പ്രവൃത്തി പരിചയമുണ്ടെങ്കിൽ മാത്രമാകും ഗൾഫ് രാജ്യങ്ങളിൽ ഇനി ജോലി ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളും പുതിയ നിയമം കർശനമായി നടപ്പാക്കണമെന്നാണ് സൗദി സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇമൈഗ്രേറ്റ് പദ്ധതിയിലൂടെ പുതിയ റിക്രൂട്ട്‌മെന്റുകളിൽ ബിരുദധാരികളായ നഴ്‌സുമാരെ മാത്രമാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ സ്വദേശിവത്കരണം ശക്തമാക്കുന്ന 'നിതാഖാത് പദ്ധതി'ക്ക് സഹായകരമാകുന്നതാണ് നഴ്‌സിങ് രംഗത്തെ പുതിയ നിയമവും. സ്വദേശികളായ നഴ്‌സുമാർക്ക് പരമാവധി അവസരം നൽകാനാണ് സൗദി സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്വദേശികൾക്ക് വൈദ്യശാസ്ത്ര രംഗത്ത് മികച്ച പഠനത്തിന് അവസരമൊരുക്കുന്നതിന് വിവിധ ഗൾഫ് രാജ്യങ്ങൾ തമ്മിൽ കരാറുണ്ടാക്കാനും ധാരണയായിട്ടുണ്ട്.
യുദ്ധകലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ബാഗ്ദാദ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ അവസരം നഷ്ടമായി ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. അതിനിടെയാണ് സൗദിയിലും തൊഴിൽനഷ്ടം ഉണ്ടായിരിക്കുന്നത്. ഇത് മലയാളികളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചയാണ്.