കൊച്ചി: കൊച്ചിയിലെ പടിയത്ത് ഹെൽത്ത് കെയർ സ്ഥാപനം വഴി കോംഗോയിലേക്ക് പോയ നാല് നഴ്‌സുമാരെ ഇന്ത്യൻ എംബസിയും കൈവിട്ട നിലയിൽ. ജോബി ചാക്കോ, പ്രിൻസി ചാക്കോ, സിൻസി മാത്യു, ഡിനോയ് മിഖായേൽ എന്നിവരാണ് ആശുപത്രി മാനേജ്മെന്റിന്റെ ക്രൂരതയിൽ നാട്ടിലേക്ക് തിരിച്ചുവരാനാകാതെ കോംഗോയിൽ കുടുങ്ങി കിടക്കുന്നത്. മലയാളിയായ ഡോ.ഹസീബ് റഹ്മാൻ പടിയത്തിന്റെ ഉടമസ്ഥതയിൽ കോംഗോയിലെ കിൻഷാസായിലെ പടിയത്ത് മെഡിസിറ്റിയിലെ നഴ്‌സുമാർക്കാണ് മലയാളി തന്നെ പണി കൊടുത്തത്.

എറണാകുളം കളമശേരിയിലെ പടിയത്ത് ഹെൽത്ത് കെയർ വഴിയാണ് നാലു പേരും കോംഗോയിലേക്ക് പോയത്. രണ്ടു വർഷത്തെ കരാർ ഒപ്പിട്ട ഇവർ തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റും പാസ്‌പോർട്ട് ഏജൻസിയിലെ സീനിയർ എക്‌സിക്യൂട്ടിവ് ആയ വിഷ്ണുവിനെ ഏൽപിച്ചു.

കോംഗോയിലെത്തിയ ഇവർക്ക് ദുരിതത്തിന്റെ നാളുകളായിരുന്നു. പിടിച്ചു നിൽക്കാനാകാതെ വന്നതോടെ ഇവർ മൂന്നു മാസത്തെ മൂൻകൂർ നോട്ടീസോടു കൂടി രാജികത്ത് നൽകി. രാജികത്ത് അംഗീകരിച്ചതോതടെ കൈവശമുണ്ടായിരുന്ന പണം ഉപയോഗിച്ച് തിരിച്ച ഇന്ത്യയിലേക്ക ടിക്കറ്റും എടുത്തു. നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എമിഗ്രേഷനിൽ എത്തിയപ്പോഴാണ് തങ്ങളുടെ പക്കൽ ഉണ്ടായിരുന്നത് സന്ദർശക വിസയാണെന്ന് മനസിലാകുന്നത്. പിന്നീട് ആശുപത്രിയിലെ മറ്റു ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഡോക്ടർമാരുടെ ഉൾപ്പെടെ പലരും സന്ദർശക വിസയിലാണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞത്.

തുടർന്ന് കഴിഞ്ഞ മാസം 24ന് മാനേജ്‌മെന്റിനെ ഇവർ സമീപിച്ചു. നാട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. തുടർന്ന് മാനേജ്‌മെന്റ് ഇക്കാര്യം സമ്മതിച്ചു. വിസാ പ്രശ്‌നങ്ങൾ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഇടപെട്ട് പരിഹരിക്കാമെന്ന ഉറപ്പിൽ വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോൾ 1500 ഡോളർ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനു വഴങ്ങാതെ മാനേജ്‌മെന്റ് പ്രതിനിധികൾ വീണ്ടും ഇവരെ ആശുപത്രിയിലേക്ക് കൂട്ടികൊണ്ടു പോയി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസിലായതോടെ പിറ്റെ ദിവസം ഇവർ ഇന്ത്യൻ എംബസിയിൽ രേഖാ മൂലം പരാതി നൽകി. നാലുപേരെയും തിരിച്ചെത്തിക്കുമെന്നും അതുവരെയുള്ള എല്ലാ ചെലവുകളും നോക്കി കൊള്ളാമെന്നും എംബസി ഉദ്യോഗസ്ഥർ പരാതി നൽകി.

ഇതിനിടെ മാനേജ്‌മെന്റുമായി ഇവർക്ക് യാതൊരു പ്രശ്‌നങ്ങളില്ലെന്ന് എംബസി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എഴുതി നൽകുകയും ചെയ്തു. നാട്ടിലെത്താനുള്ള ആഗ്രഹത്തിൽ ഇവർ എഴുതി കൊടുക്കുകയും ചെയ്തു. എന്നാൽ എംബസി അധികൃതർ ഉറപ്പ് കൊടുത്തിട്ട് ആഴ്ചകൾ പിന്നിട്ടും ഇവരുടെ ദുരിതം അവസാനിക്കുന്നില്ല. എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകിയ എംബസിയുടെ ഭാഗത്ത് നിന്നും അനുകൂലനിലപാട് ഇല്ലാത്തതിനാൽ ആശങ്കയിലാണ് നാലു പേരും. എന്നാൽ ഇപ്പോൾ ഇവരുടെ പേടി ആഫ്രിക്കൻ രാജ്യമായ കോംഗോ അല്ല. മറിച്ച് എന്തും ചെയ്യാൻ മടിക്കാത്ത മലയാളിയായ ഡോ. ഹസീബ് റഹ്മാൻ പടിയത്തിനെയാണ്. നാലുപേരെയും കള്ളക്കേസിൽ കുടുക്കുമെന്ന വ്യക്തമായ സൂചനയും മാനേജ്‌മെന്റ് പ്രതിനിധികൾ നൽകി. മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന പലർക്കും സമാന അനുഭവങ്ങൾ ഉണ്ടായെന്നറിഞ്ഞതോടെ എല്ലാവരും പ്രതീക്ഷയറ്റ് ഇരിക്കുകയാണ്. ജോബി ചാക്കോയുടെ ഭാര്യയെ ഫോണിൽ വിളിച്ച് ഡോ. ഹസീബ് റഹ്മാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം, പാസ്‌പോർട്ട് ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങിളിൽ പരാതി നൽകിയിരുന്നു. പൊലീസിൽ പരാതി ലഭിച്ചതോടെ റിക്രൂട്ടിങ് ഏജൻസിയായ കൊച്ചിയിലെ പടിയത്ത് ഹെൽത്ത് കെയർ പൊലീസ് റെയ്ഡ് ചെയ്യുകയേും നിരവധി സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും പിടിച്ചെടുക്കുകയും നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാട്ടിലേക്ക് തിരിച്ചു പോകാനുള്ള യാത്രാരേഖകൾ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി കയറിയിറങ്ങുകയാണ് കോംഗോയിൽ കുടുങ്ങിയ നാലുപേരും. 2014 ജൂൺ മുതലാണ് ജോബി ചാക്കോ കോംഗോയിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. ജോബിയുടെ ഭാര്യ ഒക്ടോബർ മുതലും ജോലി ചെയ്യാൻ ആരംഭിച്ചു. മാനേജ്‌മെന്റിനെതിരെ എംബസിയിലും നോർക്കയിലും പൊലീസിലും പരാതി നൽകിയ സാഹചര്യത്തിലാണ് ഇവർക്കെതിരെ പ്രതികാര നടപടികളുമായി ഡോ. ഹസീബ് റഹ്മാൻ പോകുന്നത്. ഏതെല്ലാം സ്ഥലങ്ങളിൽ പരാതി നൽകിയിട്ടുണ്ടോ, ആ പരാതികളെല്ലാം നിരുപാധികം പിൻവലിച്ചാൽ മാത്രമേ കേരളം കാണുകയുള്ളുന്നുവെന്നാണ് ഇയാൾ പറയുന്നത്.