മസ്‌കറ്റ്: സലാലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും. ഞായറാഴ്ച രാത്രി ഒമ്പതരക്കുള്ള ഒമാൻ എയർ വിമാനത്തിൽ കൊണ്ടുപോകാനാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിക്കുമെന്ന് സലാലയിലുള്ള ബന്ധു ജയ്‌സൺ പറഞ്ഞു. ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.

മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ഞായറാഴ്ച നൽകാമെന്ന് പൊലീസ് വാക്കാൽ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭർത്താവ് ലിൻസൺ മൃതദേഹത്തിനൊപ്പം നാട്ടിൽപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യത ചുരുക്കമാണ്. ലിൻസനിൽനിന്നുള്ള തെളിവെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. കേവലം മോഷണത്തിനുവേണ്ടിയല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ ഭാഗമായി ആശുപത്രിയിലെ പുരുഷ ജീവനക്കാരിൽനിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.

ചോദിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലിൻസനെ പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തുവിടാത്തതെന്ന് ജയ്‌സൺ പറഞ്ഞു. മരണം നടന്നതിന്റെ പിറ്റേദിവസം മുതൽ ലിൻസൻ തെളിവെടുപ്പിനായി സ്റ്റേഷനിൽതന്നെയാണ്. മാനസികമായും ശാരീരികമായും ലിൻസൺ ഏറെ തളർന്ന നിലയിലാണെന്നും ജയ്‌സൺ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്ന പാക്കിസ്ഥാനിയെ പൊലീസ് വിട്ടയച്ചിരുന്നു. എന്നിട്ടും ലിൻസണെ മാത്രം മോചിപ്പിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ട് തന്നെ കൊലയുടെ യഥാർത്ഥ കാരണം വ്യക്തമാകും വരെ ലിൻസണെ തടവിൽ വയ്ക്കുമോ എന്ന ഭയം ബന്ധുക്കൾക്കുണ്ട്. ഈ ആശങ്ക അവർ സംസ്ഥാന സർക്കേരിനേയും കേന്ദ്രവിദേശ കാര്യമന്ത്രാലയത്തേയും അറിയിച്ചിട്ടുണ്ട്.

സാലലയിൽ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബർട്ടിന്റേയും ഭർത്താവിന്റേയും മാതാപിതാക്കൾ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബർട്ടിന്റെ മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കു റോബർട്ടിന്റെ കൊലപാതകത്തിൽ ഭർത്താവ് ലിൻസന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ ചിക്കുവിന്റെ കുടുംബത്തിനോ ഒമാൻ പൊലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്നാൽ ലിൻസണെ ഇപ്പോഴും വിട്ടയയ്ക്കാൻ ഒമാൻ പൊലീസ് തയ്യാറല്ലെന്നതാണ് യാഥാർത്ഥ്യം. അതിനിടെ സംഭവത്തിൽ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയെ വിട്ടയച്ചു. ലിൻസൻ-ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാൻ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.

സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാൽ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികൾ കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായാണ് സൂചന. എന്നാൽ പൊലീസ് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരിൽ നിന്നും കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും റോയൽ ഒമാൻ പൊലീസ് ഇതിനകം വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. മൊബൈൽ കാൾ റെക്കോഡുകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

അങ്കമാലി സ്വദേശിനിചിക്കു റോബർട്ടിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ടിനെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിരുന്നുള്ളൂ.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ