അങ്കമാലി : ഒമാനിലെ സലാലയിൽ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കുവിനു നാടിന്റെ യാത്രാമൊഴി. കറുകുറ്റി അൽഫോൻസ നഗർ തെക്കയിൽ വീട്ടിൽ മൃതദേഹമെത്തിച്ചപ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാൻ ഒരു നാടാകെ ഒഴുകിയെത്തി. കറുകുറ്റി ക്രിസ്തുരാജാശ്രമം പള്ളിയിൽ വൈകിട്ടു മൂന്നോടെ മൃതദേഹം സംസ്‌കരിച്ചു.

ആദ്യപ്രസവത്തിനായി സെപ്റ്റംബറിൽ വീട്ടിലേക്കു വരാനിരുന്ന മകളുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ അമ്മ സാബിയുടെ നിയന്ത്രണം വിട്ടു. സഹോദരിയുടെ വേർപാടിന്റെ നഷ്ടം അനുജത്തി സൈനയേയും തളർത്തിയിരുന്നു. ഇരുവരുടേയും നിലവിളികൾ കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു. ചിക്കുവിന്റെ ഭർത്താവ് ലിസ്റ്റൺ ഇപ്പോഴും ഒമാനിൽ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹത്തോടൊപ്പം ഭർത്താവ് ലിൻസനെയും നാട്ടിൽ കൊണ്ടുവരാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഒമാൻ പൊലീസിന്റെ നടപടിക്രമങ്ങളെ തുടർന്നു ലിൻസന് നാട്ടിലെത്താൻ കഴിഞ്ഞില്ല. ലിൻസന്റെ പിതാവ് തോമസ്, അമ്മ എൽസമ്മ, അനുജന്മാരായ ലിജു, ലിബിൻ എന്നിവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം കറുകുറ്റിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തെരഞ്ഞെടുപ്പ് തിരക്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം വീട്ടുകാർക്ക് ആശ്വാസമായി. മറ്റ് ജനപ്രതിനിധികളും ദുഃഖത്തിൽ പങ്കുചേരാൻ എത്തി. അയിരൂക്കാരൻ റോബർട്ടിന്റെയും സാബിയുടെയും മകൾ ചിക്കു കഴിഞ്ഞ മാസം 20ന് രാത്രിയിലാണു ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ രണ്ടര മാസം ഗർഭിണിയായിരുന്നു. ഒമാൻ എയർ വിമാനത്തിൽ രാവിലെ ആറരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പത്തേകാലോടെ കറുകുറ്റിയിലെ വീട്ടിലെത്തിച്ചു. വൈകിട്ട് സംസ്‌കാരവും

ലിൻസന്റെ അനുജൻ ലിജു, ചിക്കു ജോലി ചെയ്തിരുന്ന സലാലയിലെ ബാദർ അൽ സാ മാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ജനറൽ മാനേജർ ഡോ. ജസ്റ്റിൻ സി.അഗസ്റ്റിൻ എന്നിവർ സലാലയിൽ നിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഞായറാഴ്‌ച്ച പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മൃതദേഹം കൊണ്ടു വരാനുള്ള നടപടികൾ പൂർത്തിയായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഇടപെടലുകളെ തുടർന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലായത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലിസിന്റെ സുരക്ഷ കസ്റ്റഡിയിലാണ്.

അങ്കമാലി സ്വദേശിനിചിക്കു റോബർട്ടിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ടിനെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്ളാറ്റിലേക്കു മാറിയത്. ഫ്ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിരുന്നുള്ളൂ.