ന്യൂഡൽഹി: ഒമാനിൽ മലയാളി നഴ്‌സ് ചിക്കു റോബർട്ട് (28) കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ലിൻസൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ച് അറിയുന്നതിനായാണ് ലിൻസൻ മാത്യുവിനെ കസ്റ്റഡിയിൽ എടുത്തത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ലിൻസനിൽ നിന്നും മൊഴിയെടുക്കുകയാണ് പൊലീസ്.

ലിൻസൻ തോമസിന് പുറമേ സമീപവാസികളായ രണ്ട് പാക്കിസ്ഥാനികളും കസ്റ്റഡിയിലുണ്ടെന്ന് ഒമാൻ പൊലീസ് അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്‌ 
വ്യക്തമാക്കി. അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ എന്നുമാണ് ഒമാൻ പൊലീസ് അറിയിച്ചതെന്നുമാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ സ്വദേശികൾ ഇരുവരും താമസിച്ച ഫ്‌ലാറ്റിലെ അയൽവാസികളാണ്. കൂടുതൽ ചോദ്യം ചെയ്യലിനായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലിൻസനും ചിക്കുവും വിവാഹിതരായത്. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കുവിനെ ബുധനാഴ്‌ച്ച രാത്രി 11 മണിയോടെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലാണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് കവർച്ചാശ്രമം തടയുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കാതുകൾ അറുത്ത് സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് മാസം ഗർഭിണിയായിരുന്നു ചിക്കു. ശരീരത്തിൽ നിരവധി മുറിവുകളേറ്റിട്ടുണ്ട്. സലാലയിലെ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ നഴ്‌സായിരുന്നു ചിക്കു. മൂന്നു വർഷമായി സലാലയിലെ ആശുപത്രിയിൽ നഴ്‌സാണ്. ലിൻസണും ഇവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ നടന്നത് ദാരുണ മരണമാണ് നടന്നതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അഞ്ചുമാസം ഗർഭിണിയായിരുന്ന ചിഞ്ചുവിന്റെ അടിവയറിൽ ആഴത്തിലുള്ള മുറിവേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഇവരുടെ കാതുകൾ അറുത്ത് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് ലിൻസൺ ചിക്കുവിന്റെ വീട്ടുകാരെ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ചിക്കുവും ഭർത്താവ് ലിൻസണും ഒമാനിലെ ബദർ അൽസമാ ആശുപത്രി ജീവനക്കാരായിരുന്നു. ലിൻസൺ വൈകീട്ട് 6 മണിയോടെ ജോലിക്ക് പോയി. ആ സമയത്ത് ചിക്കു ഉറങ്ങുകയായിരുന്നു. രാത്രി 10 മണിക്കാണ് ചിക്കുവിനു ജോലിക്ക് കയറേണ്ടിയിരുന്നത്. എന്നാൽ 10.30 ആയിട്ടും ചിക്കു ആശുപത്രിയിലെത്തിയില്ല. മാത്രമല്ല ഫോൺ വിളിച്ചിട്ട് പ്രതികരിച്ചതുമില്ല. ലിൻസൺ ഉടൻ ഫ്‌ലാറ്റിലേയ്ക്ക് പോയി.

ഫ്‌ലാറ്റിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ തന്നെയാണ് കിടന്നിരുന്നത്. വീട് തുറന്ന് അകത്തു കയറിയ ലിൻസൺ കണ്ടത് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ചിക്കുവിനെയാണ്. ദൃശ്യം കണ്ട് ലിൻസൺ മോഹാല്യസ്യപ്പെട്ട് വീണു. തുടർന്ന് കുറച്ചു സമയം കഴിഞ്ഞാണ് ചിക്കുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചിക്കുവിന്റെ ദേഹത്ത് മുഴുവൻ ആഴമേറിയ മുറിവുകൾ ഉണ്ടായിരുന്നു. പിൻഭാഗത്തും, കാലിലും, അടിവയറിലുമാണ് പ്രധാനമായും മുറിവുകൾ ഉണ്ടായിരുന്നത്.

ഏകദേശം 7 മണിയോടെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിക്കുവിന്റെ ആഭരണങ്ങൾ മുഴുവൻ മോഷണം പോയിരുന്നു. ബാൽക്കണിയിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് പൊലീസ് നിഗമനം. ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിന് സമീപത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നിർമ്മാണ തൊഴിലാളികളെയാണ് സംശയിക്കുന്നത്. ഇക്കാര്യം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. ലിൻസനെയും പാക്കിസ്ഥാൻ സ്വദേശികളെയും കസ്റ്റഡിയിൽ എടുത്തത് വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ്. സംഭവത്തിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ ഒമാനിലെ പ്രവാസി സമൂഹത്തിൽ വൻ ഞെട്ടലാണ് ഉണ്ടാക്കിയത്. നിരവധി മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഇവർ താമസിക്കുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ നടന്ന ദാരുണമായ കൊലപാതകത്തിന്റെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.