തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കാനും നാട്ടിലേക്കുവരാനും കേരള, കേന്ദ്ര സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ് ആംബുലൻസ് സർവീസിന് കീഴിൽ നിയമനം ലഭിച്ച  മലയാളി നഴ്‌സുമാർ. ജോലിക്കു വേണ്ടി 22 ലക്ഷം രൂപവരെ ഏജൻസിക്ക് നൽകി കുവൈറ്റ് ഗവൺമെന്റിന് കീഴിൽ ജോലിക്ക് കയറിയ 210 മെയിൽ നഴ്‌സുമാരാണ് ഇപ്പോൾ ശമ്പളം കൃത്യമായി കിട്ടാനുള്ള ഗ്രീൻ സർട്ടിഫിക്കറ്റിനായി സഹായം തേടുന്നത്. നിയമനക്കാര്യം ബജറ്റിൽ പാസാക്കാത്തതിനാലും സാലറി സർട്ടിഫിക്കറ്റും ഗ്രീൻപേപ്പറും ലഭിക്കാത്തതിനാലും ഇവരിലാർക്കും അത്യാവശ്യത്തിനുപോലും വധിയെടുക്കാനോ നാട്ടിലേക്കുവരാനോ കഴിയുന്നില്ല. പണംവാങ്ങി കുവൈറ്റിൽ ജോലിക്കെത്തിച്ച ചില ഏജൻസികൾതന്നെ മനപ്പൂർവം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും അവർക്ക് കൂടുതൽ നിയമനം നടത്തുന്നതിനായി ബജറ്റ് പാസാക്കാതിരിക്കാൻ കരുനീക്കം നടത്തുന്നതായും നഴ്‌സുമാർ ആരോപിക്കുന്നു.

ജോലിക്കുകയറി പത്തുമാസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ പണമില്ലാതെ, ജോലിസ്ഥലത്തുനിന്ന് ഭക്ഷണം പൊതിഞ്ഞുകെട്ടി താമസസ്ഥലത്തുകൊണ്ടുവന്ന് വിശപ്പടക്കേണ്ടിവരുന്ന ഇവരുടെ ദുരവസ്ഥ ഇക്കഴിഞ്ഞ മാർച്ചിൽ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. 327 നഴ്‌സുമാർ ശമ്പളമില്ലാതെ വലയുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനായ തൃശൂർ സ്വദേശി സതീഷ് കുമാർ കുവൈറ്റ് ഇന്ത്യൻ അംബാസഡറിനെ ഇ മെയിൽ വഴി ഈ പ്രശ്‌നം അറിയിച്ചതിനെ തുടർന്ന് വരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും പരാതി ലഭിച്ചാൽ ഇതിൽ ഉടൻതന്നെ അന്വേഷണം നടത്താമെന്നും കുവൈറ്റ് ഇന്ത്യൻ എംബസി ഉറപ്പു നൽകി. തുടർന്ന് മിക്കവർക്കും കഴിഞ്ഞ വിഷുദിനത്തിൽ അതുവരെയുള്ള ശമ്പളക്കുടിശ്ശിക ചെക്കായി ലഭിച്ചുതുടങ്ങി. എന്നാൽ 327 പേരിൽ 117 പേരുടെ ബഡ്ജറ്റ് മാത്രമാണ് ഇതുവരെ പാസായത്. ശേഷിക്കുന്നവരുടെ കാര്യത്തിൽ റിക്രൂട്ട് ചെയ്ത ഏജൻസികളുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തുകയാണ്.

ഹിബ, ജെ കെ ഇന്റർനാഷണൽ, പോളൻസ് എന്നീ ഏജൻസികൾ വഴിയാണ് ഇവർ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ജോലിക്കുകയറി ഒരുവർഷം പിന്നിട്ടിട്ടും ഇതുവരെ ഇവരുടെ ബജറ്റ് പാസാകാത്തതിനാൽ മാസം കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. ആരോഗ്യമന്ത്രാലയത്തിൽ ഇവരുടെ ബജറ്റ് പാസായ ശേഷം സിവിൽ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കണം. ഇപ്രകാരം ഇവരുടെ ബജറ്റ് റിലീസായാൽ മാത്രമേ പേരുകൾ ഡാറ്റാബെയ്‌സിൽ ചേർക്കൂകയുള്ളൂ. അതിനുശേഷം ഇവർക്കെല്ലാം സിവിൽപേപ്പർ അഥവാ ഗ്രീൻ പേപ്പർ നൽകും. ഇതു ലഭിച്ചാലേ ബാരാത്ത അഥവാ ശമ്പള സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇതിനുശേഷം ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടിൽ എത്തും. മാത്രമല്ല, ബാരാത്ത ലഭിക്കാതെ ഇവർക്ക് ഇന്ത്യയിലേക്ക യാത്രചെയ്യാൻ കഴിയില്ല. സിക്ക്‌ലീവിന് അപേക്ഷിക്കാനോ അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലേക്ക് വരാനോ കഴിയാതെ ദുരവസ്ഥയിലാണ് ഇപ്പോൾ 210 നഴ്‌സുമാർ. തങ്ങളുടെ ബഡ്ജറ്റ് പാസാക്കുന്നത് വൈകിപ്പിക്കുന്നത് റിക്രൂട്ട്‌മെന്റ് ഏജൻസികൾതന്നെയാണെന്ന് ഇവർ ആരോപിക്കുന്നു.

ബജറ്റ് വൈകിപ്പിച്ചാൽ അതിന്റെ മറവിൽ കൂടുതൽപേരെ പണംവാങ്ങി റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. ഇന്ത്യൻ എംബസിയേതോ കേന്ദ്ര മന്ത്രാലയത്തെയോ കേരള സർക്കാരിനെയോ ബന്ധപ്പെടാൻ ശ്രമിച്ചാൽ ബജറ്റ് തടയുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഭക്ഷണം കഴിക്കാനോ നാട്ടിലേക്കു വിളിക്കാനോ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇവരിൽ പലരും. നാട്ടിൽ നിന്നും ഇവിടെ തന്നെ ജോലി ചെയുന്ന മറ്റു സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് ഇവർ ശമ്പളം വൈകുന്നതിനാൽ ഭക്ഷണം കഴിക്കുന്നതും മറ്റും. അമ്മയും അച്ഛനും മരിച്ചിട്ടും നാട്ടിൽ എത്താൻ സാധിക്കത്തവരും നിശ്ചയിച്ചു വച്ച സഹോദരിയുടെ വിവാഹതിനുള്ള തുക കൃത്യമായി കൊടുക്കാൻ സാധിക്കാത്തതുകൊണ്ട് സഹോദരിയുടെ വിവാഹം പോലും മുടങ്ങിയ ആളുകളും ഇവരുടെ ഇടയിൽ ഉണ്ട്.

മുമ്പ് ഇവരുടെ വാർത്ത മറുനാടനിലൂടെ അറിഞ്ഞ പൊതുപ്രവർത്തകനായ തൃശൂർ സ്വദേശി സതീഷ്‌കുമാർ അക്കാര്യം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ശമ്പളക്കുടിശ്ശിക ലഭിക്കാൻ വഴിയൊരുങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർ സതിഷിനെ നേരിട്ടു ഫോണിൽ ബന്ധപെട്ടു കാര്യങ്ങൾ തിരക്കുകയും അടിയന്തരമായി നഴ്‌സുമാരുടെ വിവരങ്ങൾ നൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം ഉടൻതന്നെ നഴ്‌സുമാരോട് കുവൈറ്റിലുള്ള ഇന്ത്യൻ എംബസിയുമായി നേരിട്ട് ബന്ധപ്പെടാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരമാകുകയും നൂറോളംപേരുടെ കാര്യത്തിൽ രണ്ടുമാസം മുമ്പ് ഗ്രീൻപേപ്പർ ലഭിക്കുന്നതും. ശേഷിക്കുന്നവരുടെ കാര്യം റിക്രൂട്ടിങ് ഏജൻസികളുടെ ചരടുവലി മൂലം തടയപ്പെടുകയായിരുന്നു. ഇക്കാര്യം പരിഹരിക്കാൻ കേന്ദ്ര മന്ത്രാലയമോ കേരളസർക്കാരോ അടിയന്തിരമായ കുവൈറ്റ്ിലെ ഇന്ത്യൻ എംബസിയെ ഉൾപ്പെടെ ബന്ധപ്പെട്ട് പരിഹാരം കാണണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. വലിയ സ്വപ്നങ്ങൾ കണ്ടു കുവൈത്തിൽ ജോലിക്കായി എത്തിയ ഇവർക്ക് ശമ്പളം കിട്ടാതായതോടെ ഇവരുടെ കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഗ്രീൻ പേപ്പർ ലഭിക്കാനുള്ളവരുടെ ഫയലുകൾ ഏജൻസികൾ പൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന് നഴ്‌സുമാർ ആരോപിക്കുന്നു. ഇപ്പോഴും തലവരി പണം വാങ്ങി ഈ ഏജൻസികൾ ഇതേ വകുപ്പുകൾക്കായി ഇന്ത്യയിൽ ഇന്റർവ്യൂകൾ നടത്തുന്നുണ്ടെന്നും പലരും പണം ഇപ്പോൾ തന്നെ നൽകി ജോലിക്കായി കുവൈറ്റിൽ എത്താനായി തയ്യാറാകുന്നുണ്ടെന്നും ഇവർ പറയുന്നു. ഒരു വർഷംമുമ്പ് റിക്രൂട്ട് ചെയ്തവരുടെ ബജറ്റ് പാസാകാത്തതിനാൽ അതേ ഒഴിവുകൾ തന്നെ കാട്ടിയാണ് ഇപ്പോൾ കളിപ്പിക്കൽ നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം മെയ് 29നാണ് 327 പേർ വരുന്ന നഴ്‌സുമാരുടെ സംഘം കുവൈറ്റിലെത്തിയത്. മാർച്ച് 12 ന് രണ്ടായിരത്തോളം പേർക്ക് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ ഇന്റർവ്യൂ നടത്തിയ ശേഷമായിരുന്നു റിക്രൂട്ടിങ്്. സമാനമായി ഡൽഹിയിൽ വച്ച് നടത്തിയ ഇന്റർവ്യൂവിലൂടെ 40 പേർക്കും ജോലി ലഭിച്ചു. അങ്ങനെ കുവൈറ്റിലെത്തിയ നഴ്‌സുമാർക്ക് ജൂൺ ഒന്നിന് തന്നെ മെഡിക്കൽ, വിരലടയാള, റസിഡൻസ്, സിവിൽ ഐഡി എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കി. ജൂലൈ 18 ന് എല്ലാ പരിശോധനകൾക്കും ശേഷം ഇവർ ജോലിക്കു കയറി. കുവൈറ്റിലെത്തിയ ഇവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ജോലിക്ക് കയറിയത് സാധാരണ നിലയിൽ ജോലിക്ക് കയറി മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ശമ്പളം കിട്ടിത്തുടങ്ങുമെങ്കിലും ഇവരുടെ കാര്യത്തിൽ അതുണ്ടായില്ല.

പത്തു മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഇവരിൽ ചിലർ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും ഇവർക്ക് ഫയലുകൾ മിനിസ്ട്രിയിൽ സബ്മിറ്റ് ചെയ്തിട്ടില്ലെന്നും കുറച്ച് പേരേ കുടി റിക്രൂട്ട് ചെയ്യാനുണ്ടെന്നും അതിന് ശേഷമേ ഫയൽ സബ്മിറ്റ് ചെയ്യുവെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ കൂടുതൽ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്താനായി ഫണ്ട് അനുവദിക്കാനില്ലെന്ന വാദം മിനിസ്ട്രി ഉയർത്തുന്നുണ്ട്. ബഡ്ജറ്റിൽ ഫണ്ട് അനുവിദിച്ചാൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ശമ്പളം ലഭിക്കുമെന്നും ആണ് ഏജൻസികളുടെ വാദം. എന്നാൽ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട നഴ്‌സുമാർ ശമ്പളം ലഭിക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ ഫണ്ട് പ്രശ്‌നമില്ലെന്നായിരുന്നു അവരുടെ മറുപടി. ഇതോടെയാണ് റിക്രൂട്ടിങ് ഏജൻസികൾ തന്നെയാണ് ഇവരുടെ ഫയലുകൾ യഥാവിധി സമർപ്പിക്കാതെ ഇവർക്ക് ഗ്രീൻപേപ്പർ ലഭിക്കാൻ തടസ്സം നിൽക്കുന്നതെന്ന സംശയം ബലപ്പെടുന്നത്.