സന: ലിബിയ അടക്കമുള്ള രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ ദുരിതം അനുഭവിക്കേണ്ടി വന്നത് മലയാളി നഴ്‌സുമാരായിരുന്നു. ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോരേണ്ടി വന്നതോടെ പലരുടെയും ജീവിതം ദുരിതതത്തിലായി. ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് തിരികെ എത്തിയവർക്ക് സർക്കാർ കൈത്താങ്ങായപ്പോൾ വൈകി എത്തിയവർക്ക് അത് ലഭിച്ചതുമില്ല. ഇപ്പോൾ യെമനിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ അതിന്റെ ദുരിതം പേറേണ്ടി വന്നതും മലയാളി നഴ്‌സുമാരാണ്. നിരവധി മലയാളി നഴ്‌സുമാരാണ് യെമനിലെ യുദ്ധമേഖലയിൽ കുടുങ്ങിയിരിക്കുന്നത്.

യെമൻ തലസ്ഥാനമായ സനയക്ക് സമീപം മാറ്റ്‌നയുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് പുറത്തിറങ്ങാൻ ഭയപ്പാടോടെ കഴിയുന്നത്. ആശുപത്രിയോട് ചേർന്നുള്ള ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നതെന്ന് നഴ്‌സിങ് സംഘടനാ നേതാവ് ജാസ്മിൻഷായെ ഇവർ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരങ്ങളിൽ വെടിയൊച്ചകളും ബോംബിന്റെ ശബ്ദവും കേട്ടുവെന്ന് ഇവർ പറഞ്ഞിട്ടുണ്ട്. ഹൂത്തികളെ തുരത്താൻ സൗദി അറേബ്യയും സഖ്യകക്ഷികളും ചേർന്ന് ആക്രമണം തുടങ്ങിയപ്പോൾ തന്നെ ഇവർ ജോലി ചെയ്ത ആശുപത്രിയും അവർ പിടിച്ചടക്കി. നൂറോളം വരുന്ന ഹൂത്തികൾ ആശുപത്രിക്കുള്ളിലായിട്ടും പുറത്തായിട്ടുമുണ്ടെന്ന് ഇവർ പറയുന്നു.

ഇതോടെ ഹൂത്തികളെ ആക്രമിക്കാൻ വരുന്നവർ തങ്ങളെ അപായപ്പെടുത്തുമോ എന്ന ഭയപ്പാടിലാണ് ഇവർ. കോട്ടയം എറണാകുളം പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. പ്രശ്‌നങ്ങൾ രൂക്ഷമായാൽ നാട്ടിലേക്ക് വരാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ഇവർ പറയുന്നത്. വിമാനത്താവളങ്ങൾ അടച്ചതിനാൽ നാട്ടിലേക്ക് വരാമെന്ന് വിചാരിച്ചാൽ പോലും അതിന് സാധിച്ചേക്കില്ലെന്നും നഴ്‌സുമാർ പറയുന്നു. ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും നഴ്‌സുമാർ പറയുന്നു. ഇവരുടെ പാസ്‌പോർട്ട് ഡീറ്റെയിൽസും വിവരങ്ങളും എംബസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് എത്തിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇവർ ഇവിടെ കഴിയുന്നതെന്നാണ് ജാസ്മിൻ ഷായോട് വ്യക്തമാക്കിയത്.

നാട്ടിലേക്ക് തിരികെ വന്നാൽ എന്തുചെയ്യുമെന്ന ആശയക്കുഴപ്പവും ഇവരെ അലട്ടുന്നുണ്ട്. സൗദി അറേബ്യയുടെ യുദ്ധവിമാനങ്ങൾ കടുത്ത വ്യോമാക്രമണം നടത്തുന്നതോടെ ഇവിടങ്ങളിലെ മറ്റു മലയാളികളും ആശയക്കുഴപ്പത്തിലാണ്. നോർക്ക റൂട്ട്‌സ് വഴി സഹായം അഭ്യർത്ഥിച്ചവരും നിരവധിയുണ്ട്.

അതേസമയം കേരള സർക്കാർ പ്രതിനിധികൾ യെമൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. യെമനിലെ എംബസിയുമായി ബന്ധപ്പെട്ടവരിൽ പലർക്കും പാസ്‌പോർട്ട് ഇല്ലാത്തതിനാൽ എമെർജൻസി സർട്ടിഫിക്കറ്റ് നൽകി ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി നോർക്ക അറിയിച്ചു. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന് രണ്ടു കപ്പലുകൾ അയയ്ക്കുമെന്നു കേന്ദസർക്കാർ അറിയിച്ചിട്ടുണ്ട്.

നോർക്കയുമായി ബന്ധപ്പെടേണ്ട നമ്പർ 18004253939 (ഇന്ത്യയിൽ നിന്നും) 00914712333339(വിദേശത്തുനിന്നും)