സന: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് നിരവധി മലയാളികൾ രംഗത്തെത്തിയപ്പോഴും നഴ്‌സുമാർ ആശയക്കുഴപ്പത്തിൽ. സംഘർബാധിതമായ മേഖലിയിൽ ജോലി ചെയ്യുന്നത് നൂറോളം വരുന്ന മലയാളികളാണ്. തലസ്ഥാനമായ സനയിലെ അടക്കമുള്ള ആശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവിടെ യുദ്ധം രൂക്ഷമായതോടെ നാട്ടിലേക്ക് തിരിച്ചുവരാൻ സന്നദ്ധത അറിയിച്ച് ചിലർ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, കൃത്യമായി എത്രപേർ എംബസിയെ സമീപിച്ചു എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നഴ്‌സുമാരുടെ പാസ്‌പോർട്ടുകൾ വിട്ടുകൊടുക്കാൻ മാനേജ്‌മെന്റുകൾ തയാറായിട്ടുണ്ട്. ഇങ്ങനെ പാസ്‌പോർട്ട് ലഭിച്ചവർ തങ്ങളുടെ താൽപ്പര്യം അറിയിച്ചുകൊണ്ട് എംബസിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ, ഹൂതികൾ അടക്കം നൂറ് കണക്കിന് പേർ തമ്പടിച്ച ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ് നാട്ടിലേക്ക് മടങ്ങാൻ തൽപ്പര്യം അറിയിച്ച് എംബസിയെ സമീപിച്ചത്.

അതേസമയം 1400 ഓളം മലയാളി നഴ്‌സുമർ യെമനിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് യുഎൻഎ നേതാവ് ജാസ്മിൻ ഷാ വ്യക്തമാക്കുന്നത്. ഇവരോടെ നാട്ടിലേക്ക് മടങ്ങാനാണ് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. എന്നാൽ, തിരികെ എത്തിയാൽ എന്തുചെയ്യുമെന്ന ആശങ്കയിൽ പലരും നാട്ടിലേക്ക് മടങ്ങാൻ മടിക്കുകയാണ്. യുദ്ധം ഇടയ്‌ക്കൊന്ന് ശാന്തമായതിന്റെ ആശ്വാസത്തിലാണ് ഇവരെങ്കിലും ഇപ്പോഴത്തെ ശാന്തത കണ്ട് നിൽക്കരുതെന്നാണ് പലരും ഇവരെ ഉപദേശിച്ചിരിക്കുന്നത്.

അതേസമയം തലസ്ഥാനമായ സനയിൽ മലയാളികളുടെ താമസസ്ഥലത്തിന് നേരെ മിസൈലാക്രമണം ഉണ്ടായത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ രണ്ട് മനസാണ് പലർക്കും ഉള്ളതെന്നതിനാൽ തിരിച്ച് പോകാൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ് ഇന്ത്യൻ എംബസി. ഇതിനായി ഇന്നലെ വൈകീട്ട് സനയിലെ ഇന്ത്യൻ എംബസിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത 200 ഓളം പേരാണ് തിരിച്ച് പോകാൻ താൽപര്യം പ്രകടിപ്പിച്ചത്.

വ്യോമ, കര, സമുദ്ര മാർഗം ആളുകളെ നാട്ടിലേക്കയക്കാനാണ് ഇന്ത്യൻ എംബസി നേരത്തെ പദ്ധതി തയാറാക്കിയിരുന്നത്. മറ്റുമാർഗങ്ങൾ സുരക്ഷിതമല്ലാത്തതിനാൽ കപ്പലിൽ അയക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വ്യോമാക്രമണം നടക്കുന്നതിനാൽ ഇതിന് സൗദി അധികൃതരുടെ അനുമതി വാങ്ങണ്ടേതുണ്ട്. തിരിച്ചുപോകാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യൻ ഇന്ന് കൂടി സമയം അനുവദിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് കോപ്പി സഹിതം പ്രത്യകേ ഫോം പൂരിപ്പിച്ചുനൽകണം. എംബസി സ്‌കൂളിലും എംബസി പരിസരത്തും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ ആഗ്രഹമില്ലാത്തവരോട് ഇക്കാര്യം രേഖാമൂലം അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. 1500 പേരെ വീതം ഉൾക്കൊള്ളാൻ ശേഷിയുള്ള രണ്ടുകപ്പലുകളാണ് യമനിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്‌ന ബാധിതമല്ലാത്ത ഹുദൈദ തുറമുഖത്ത് കപ്പൽ അടുപ്പിച്ച് റോഡ് മാർഗ്ഗം ആളുകളെ ഇവിടെ എത്തിക്കാനാണ് ശ്രമം.

വ്യോമാക്രമണം രൂക്ഷമായതോടെ അധികമാരും പുറത്തിറങ്ങാറില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ കഴിയുന്നവരുമുണ്ട്. രൂക്ഷമായ ആക്രമണം നടക്കുന്ന ഏദനിൽ നിന്ന് 90ഓളം ഇന്ത്യക്കാരെ തഈസിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മലയാളി നഴ്‌സുമാർ അടക്കമുള്ളവർ നാട്ടിലെ ബന്ധുക്കളെയും നോർ്ക്ക റൂട്ട്‌സിലും ബന്ധപ്പെട്ട് തങ്ങളുടെ ദുരിതചിത്രം വിവരിച്ചിട്ടുണ്ട്. ഇപ്പോൾ യെമനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ചു സ്ഥിതി അതീവഗുരുതരമാണെന്നും അവിടെ നിന്നു മടങ്ങാൻ എല്ലാ മലയാളികളും തയാറാകണമെന്നും മന്ത്രി കെ.സി.ജോസഫും വ്യക്തമാക്കി.

കേന്ദ്രസർക്കാരുമായും എംബസിയുമായും ബന്ധപ്പെട്ടു അവിടുത്ത സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ബോംബ് സ്‌ഫോടനത്തിൽ തകർന്ന എയർപോർട്ട് സൗദിയുടെ നിയന്ത്രണത്തിലുള്ളതാണ്. അവിടെ നിന്നു ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനത്തിൽ 15 മലയാളികളാണുള്ളത്. മടങ്ങുന്ന എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ എല്ലാശ്രമങ്ങളും നടത്തുന്നു. നടപടികളുമായി എല്ലാവരും സഹകരിക്കുകയാണു വേണ്ടത്. അക്രമങ്ങൾക്കിടയിലെ ചെറിയ ശാന്തത കണക്കിലെടുത്ത് അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നാണ് വിവിധ ഏജൻസികളിൽ നിന്നും ഏംബസികളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ.

വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ. ഇന്ത്യക്കാരെ കപ്പൽവഴി എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് അത് ഉപേക്ഷിച്ചു. കേന്ദ്രമന്ത്രിയുടെ സഹായത്തോടെ തുടർച്ചയായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.