ലണ്ടൻ: തലവേദനയുമായി ചികിത്സ തേടി നേത്ര രോഗ വിദഗ്ധയുടെ സഹായം തേടി എത്തിയ കുഞ്ഞു മരിച്ച സംഭവത്തിൽ മലയാളി ആയ ചികിത്സക കുറ്റക്കാരിയെന്നു ബ്രിട്ടീഷ് കോടതി. കണ്ണു പരിശോധിക്കാൻ ആയി ബൂട്‌സിൽ എത്തിയ കുഞ്ഞിനെ ശരിയായ വിധം രോഗ നിർണയം നടത്തിയില്ല എന്ന കണ്ടെത്തലിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂഹാം സ്വദേശിയായ മലയാളി യുവതിയാണ് കഴിഞ്ഞ 10 ദിവസമായി നടന്ന വിചാരണയ്ക്ക് ഒടുവിൽ കുറ്റക്കാരി എന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കുമെന്നു അറിയിച്ചു കോടതി പിരിഞ്ഞു. ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഏറെ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്ത കേസ് ഇത്തരത്തിൽ വിചാരണയ്ക്ക് എത്തുന്നത് യുകെയിൽ ആദ്യമാണ്.

കേസിൽ വാദി ഭാഗത്തിന് വേണ്ടി ഹാജരായ യുകെയിലെ ഏറ്റവും പ്രശസ്തനായ പ്രോസിക്യൂട്ടർ ജോനാഥൻ റീസിന്റെ ശക്തമായ വാദമുഖങ്ങൾ ഖണ്ഡിക്കാൻ മലയാളി യുവതിയുടെ അഭിഭാഷകന് സാധിച്ചില്ല. ഇതോടെ വാദം കേട്ട ജൂറി അംഗങ്ങൾ രണ്ടു മണിക്കൂർ കൊണ്ടു യുവതി കുറ്റക്കാരി ആണെന്ന നിരീക്ഷണം നടത്തുക ആയിരുന്നു. കോടതി നിരീക്ഷണം വന്നതോടെ ഡോക്ടർമാർ അടക്കമുള്ള ചികിത്സകർ പരിഭ്രാന്തിയിലാണ്.

അതേ സമയം ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുന്ന കോടതി കണ്ടെത്തൽ ഇപ്പോൾ ഓപ്റ്റീഷ്യന് കോഴ്‌സ് തിരഞ്ഞെടുത്തിരിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർത്ഥികളുടെ ഭാവി പോലും ഇരുളിൽ ആക്കാൻ പര്യാപ്തമാണ്. ഇതിനേക്കാൾ ഗുരുതരമായ പിഴവ് നടത്തുന്ന ഡോക്ടർമാരും മറ്റു വിദഗ്ധരും നിയമത്തിന്റെ കണ്ണിൽ കുറ്റക്കാർ അല്ലാതെ മാറുമ്പോൾ മിതമായ സൗകര്യത്തിൽ ജോലി ചെയ്യുന്ന നേത്ര വിദഗ്ദ്ധർ കൊലക്കുറ്റത്തിന് കോടതിക്ക് മുന്നിൽ എത്തുന്ന സാഹചര്യം ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്.

നാലു വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിചാരണ പൂർത്തിയാക്കിയിരിക്കുന്നത്. വിൻസന്റ് ബർക്കർ എന്ന 8 വയസുകാരൻ മരിക്കാൻ ഇടയായത് ബൂട്‌സിൽ ജോലി ചെയ്തിരുന്ന മലയാളി ഓപ്റ്റീഷ്യന്റെ പിഴവ് മൂലം ആണെന്നാണ് കോടതിയിൽ വിചാരണക്കിടയിൽ പ്രോസിക്യൂട്ടർ സ്ഥാപിച്ചെടുത്ത്. തലച്ചോറിൽ സ്രവം നിറയുന്ന ബർക്കറുടെ രോഗം കൃത്യമായി നിർണ്ണയിക്കുന്നതിനോ റഫർ ചെയ്യുന്നതിനോ മലയാളി ചികിത്സക പരാജയപ്പെട്ടു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

കണ്ണു പരിശോധനയ്ക്കു എത്തിയ കുഞ്ഞു 5 മാസം കഴിഞ്ഞാണ് മരിക്കുന്നത്. ചികിത്സ ഫലം ചെയ്യാത്ത വിധം ഗുരുതരാവസ്ഥയിൽ ആകാൻ പ്രധാന കാരണം തുടക്കത്തിലേ രോഗം കണ്ടുപിടിക്കാൻ ഓപ്റ്റീഷ്യന്റെ പിഴവ് കാരണം ആയി എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. 2012 ജൂലൈയിലാണ് വിന്നി എന്ന വിളിപ്പേരിൽ അറിയാപ്പെട്ടിരുന്ന കുഞ്ഞു മരിക്കുന്നത്.

സാധാരണ ചികിത്സയുടെ ഭാഗമായി തന്റെ അടുക്കൽ എത്തിയ കുഞ്ഞിന് സാധ്യമായ പരിശോധന മുഴുവൻ നടത്തിയിരുന്നെന്നു മലയാളിയായ ചികിത്സക കോടതിയിൽ ബോധപ്പിച്ചു. എന്നാൽ ഇപ്‌സ്‌വിച്ച് ക്രൗൺ കോടതിയിലെ ന്യായാധിപർ ഇതു മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായില്ല. തലച്ചോറിൽ സ്രവം നിറഞ്ഞതോടെ രക്ത സമ്മർദ്ദം കനത്തു വിന്നി മരണത്തിനു കീഴടങ്ങുക ആയിരുന്നു. തന്റെ അടുക്കൽ ചികിത്സയ്ക്ക് എത്തിയ കുഞ്ഞിന് ലഭ്യമായ ചികിത്സ എല്ലാം നൽകി എന്നാണ് നേത്ര വിദഗ്ധ കോടതിയിൽ ബോധിപ്പിച്ചത്.

സംഭവം നടക്കുമ്പോൾ ഇപ്‌സ്‌വിച്ചിൽ പ്രമുഖ ഫാർമസി ആയ ബൂട്ട്‌സിൽ ആണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ചികിത്സയുടെ ഭാഗമായ നിലവാരം ഏറെ താഴ്ന്നത് ആയിരുന്നെന്നും നിരുത്തരവാദിത്തം ഏറെയായിരുന്നു എന്നും പ്രോസിക്യൂട്ടർ കോടതിയിൽ സ്ഥാപിച്ചു. ഇതിനെ അപകടകരമായ കുറ്റമായി തന്നെ കോടതി കാണണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എന്നാൽ മരിച്ച കുട്ടിയുടെ കണ്ണു പരിശോധനയിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിരുന്നു എന്നാണ് കോടതി കണ്ടെത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന രോഗ സൂചനകൾ എങ്ങനെ വിദഗ്ധയായ ചികത്സകയ്ക്കു കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ചോദ്യമാണ് കോടതി ഉയർത്തുന്നത്. മലയാളി ഓപ്റ്റീഷ്യന് പരിശോധിക്കുന്നതിന് മുൻപ് മറ്റൊരു പരിശോധനയിൽ കുട്ടിയുടെ ഒപ്റ്റിക് ഡിസ്‌ക് നീര് വന്നു വീർക്കുന്നതു കണ്ടെത്തിയിരുന്നു. സാങ്കേതികമായി ബൈലാറ്ററൽ പാപ്പിലോഡിമ എന്നു വിളിക്കുന്ന ഈ തകരാർ കണ്ടെത്താൻ മലയാളി ആയ വിദഗ്ധ പരാജയപ്പെട്ടു എന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്.

മികച്ച ഒരു പരിശോധകർക്കു നിഷ്പ്രയാസം ഈ അവസ്ഥ കണ്ടെത്താനും ചികിൽസിക്കാനും കഴിയും എന്നാണ് അദ്ദേഹം വാദം ഉയർത്തിയത്. എന്നാൽ പരിശോധന സമയത്തു കുട്ടി കണ്ണു അടച്ചു പിടിച്ചുവെന്നും വെളിച്ചത്തിലേക്കു നോക്കാൻ തയ്യാറായില്ല എന്നും ചികിത്സക കോടതിയിൽ ബോധിപ്പിച്ചു. അത്തരം സാഹചര്യത്തിൽ രോഗ നിർണയം സുസാദ്ധ്യം അല്ലെന്നും അവർ വക്തമാക്കി.

എന്നാൽ കോടതി എന്തു കണ്ടെത്തിയാലും തങ്ങളുടെ നഷ്ടം ഇല്ലാതാകുന്നില്ലെന്നു കുട്ടിയുടെ കുടുംബം പ്രസ്താവിച്ചു. വിനിയെ ഇനി തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ കോടതി വിധിക്കു തങ്ങളുടെ ജീവിതത്തിൽ പ്രസക്തി ഇല്ലെന്നും കുടുംബം സൂചിപ്പിച്ചു. കോടതി സംഭവത്തിൽ ആരെ കുറ്റക്കാരായി കണ്ടെത്തിയാലും തങ്ങൾക്കു വിജയിച്ചതായി തോന്നില്ല. ഞങ്ങളുടെ നഷ്ടം അതിലുമൊക്കെ എത്രയോ വലുതാണ്.

കുടുംബത്തിന്റെ വാക്കുകൾ ഈവിധം തുടരുന്നു. അതേ സമയം ഈ കേസ് നേത്ര ചികിത്സയിലെ പാളിച്ചകൾ കണ്ടെത്താനും തുടർ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് വഴി കാട്ടി ആയി മാറണമെന്നും കേസ് അന്വേഷിച്ച ഇപ്‌സ്‌വിച്ച് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ടോണിയേ അന്റോണിസ് വ്യക്തമാക്കി. ഇത്തരം രോഗാവസ്ഥയിൽ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ഓപ്റ്റീഷ്യന്റെ വാക്കു വിശ്വസിക്കാതെ തുടർ ചികിത്സയ്ക്ക് ശ്രമിക്കണമെന്നും ഈ കേസ് സൂചന നൽകുന്നതായി പൊലീസ് പറയുന്നു. ഇത്തരം ഒരു കേസ് യുകെയിൽ ആദ്യമായാണ് എന്നാണ് അസോസിയേഷൻ ഓഫ് ഒപ്‌റ്റോമെട്രിസ്റ്റ് വ്യക്തമാക്കിയത്.