കോട്ടയം : ബ്രസീലിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി വൈദികൻ മുങ്ങിമരിച്ചു. സന്യാസ ആശ്രമത്തിലെ സഹവൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കുമൊപ്പം വിനോദയാത്രയ്ക്കു പോയപ്പോഴാണു സംഭവം.

കളമശേരി ഹോളിക്രോസ് സഭാംഗവും (മാർത്തോമ്മാ ഭവൻ) കറ്റുവീട്ടിൽ കെ.എം.മാത്യുവിന്റെ മകനായ ഫാ.ജോൺ ബ്രിട്ടോ കറ്റുവീട്ടിലാണു (38) മരിച്ചത്. സംസ്‌കാരം പിന്നീട്.ലൈഫ് ജാക്കറ്റ് ഇട്ടു തടാകത്തിൽ നീന്തിയശേഷം വീണ്ടും മുങ്ങിക്കുളിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നു പിതൃസഹോദരപുത്രൻ മോനിച്ചൻ കറ്റുവീട്ടിൽ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ തീർത്തും നിസ്സഹായരായിരുന്നു.

എറണാകുളത്തെ ആശ്രമത്തിൽ നിന്നു മൂന്നുമാസം മുൻപാണു ഫാ.ജോൺ ബ്രിട്ടോ സേവനത്തിനായി ബ്രസീലിലേക്കു പോയത്. നേരത്തേയും ബ്രസീലിൽ സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് ഇരവിമംഗലം കുന്നത്തു കുടുംബാംഗം പരേതയായ പെണ്ണമ്മ. സഹോദരൻ മോസസ് (ഇന്ത്യൻ ആർമി).