- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഞിയുടെ കയ്യൊപ്പു പതിഞ്ഞതോടെ മറ്റൊരു ബിഷപ് കൂടി മലയാളികൾക്കിടയിൽ നിന്നും; യുകെയിൽ ലഫ്ബറോ ബിഷപ്പായി നിയമിച്ചത് ചെറുപ്പക്കാരനായ മെഡ്വേയിലെ ഫാ സജു മുത്തലാളിയെ; ബിഷപ് ജോൺ പെരുമ്പിളത്തിനൊപ്പം ഒരാൾ കൂടി ബിഷപ് ആയതോടെ യുകെ മലയാളി സമൂഹം ആത്മഹർഷത്തിൽ
കവൻട്രി: ബ്രിട്ടീഷ് രാജ്ഞി അസുഖബാധിതയാണ് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയെങ്കിലും ചെയ്യാനുള്ള ജോലികളിൽ നിന്നും ഒരിളവും എടുക്കുന്നിലെന്നു വക്തമാക്കി പുതിയ ബിഷപ്പുമാരുടെ നിയമന പട്ടികയിലും കഴിഞ്ഞ ദിവസം രാജ്ഞി ഒപ്പുവച്ചു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ആ ഒപ്പു പതിഞ്ഞത് ഒരു മലയാളി വൈദികന്റെ പേരിനൊപ്പമാണ്. കെന്റിലെ ജില്ലൻഹാമിൽ ഒരു സാധാരണ പള്ളി വികാരി ആയിരുന്ന ഫാ സജു മുത്തലാലിൽ ഇനി മുതൽ ലെസ്റ്ററിനു സമീപമുള്ള ലഫ്ബറോ ബിഷപ്പായിരിക്കും.
അധികം മലയാളികൾ താമസം ഇല്ലാത്ത ലഫ്ബറോയിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് പഠന യൂണിവേഴ്സിറ്റി കൂടി ഉള്ളതിനാൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികളുടെ സാന്നിധ്യമുള്ള ചെറു പട്ടണമാണ് ലഫ്ബറോ. മൂന്നു വർഷം മുൻപ് ബാർക്കിങ്ങിൽ സേവനം ചെയ്തിരുന്ന വികാരി ജോൺ പെരുമ്പളത്തിനെ ബിഷപ്പാക്കി ഉയർത്തിയതും ഇത്തരത്തിൽ തികച്ചും അവിശ്വസനീയമായ നീക്കത്തിൽ ആയിരുന്നു. ഇപ്പോൾ ചെംസ്ഫോർഡിലെ ബ്രാഡ്വെൽ ബിഷപ്പായി സേവനം ചെയ്യുകയാണ് ജോണ് പെരുമ്പിള്ളിൽ.
നൂറുകണക്കിന് മലയാളി ക്രൈസ്തവർ ഉള്ള സ്ഥലമാണ് മെഡ്വേ എങ്കിലും തങ്ങൾക്കു തൊട്ടരികെ ഉണ്ടായിരുന്ന ഫാ സാജുവിനെ തേടി ദൈവ നിയോഗം ബിഷപ്പ് പദവിയിൽ എത്തിയതും പ്രദേശത്തു അധികമാരും അറിഞ്ഞിട്ടില്ല. ആംഗ്ലിക്കൻ പള്ളികളിൽ മലയാളികൾ അധികം പ്രാർത്ഥനക്കു എത്താത്ത സാഹചര്യത്തിലാണ് ഫാ സാജുവായി അധികം പേർക്ക് അടുത്തിടപഴകുവാൻ സാഹചര്യം ലഭിക്കാതിരുന്നത്.
ജില്ലൻഹാമിലും ചാത്തത്തിലുമായി രണ്ടു പള്ളികളിൽ സേവനം ചെയ്തിരുന്ന ഫാ സജു ബ്രിട്ടീഷ് സമൂഹവുമായി ഏറെ അടുത്തിടപഴകിയതും പുതിയ സ്ഥാനലബ്ധിക്കു കാരണമായി എന്ന് കരുതപ്പടുന്നു. അദ്ദേഹത്തിന്റെ നിയമനത്തോടെ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പും മലയാളിയായി മാറുകയാണ്. വെറും 42 വയസിൽ ബിഷപ്പായി മാറുകയെന്ന ഭാഗ്യമാണ് അദ്ദേഹത്തെ തേടിയെത്തിയത്. നിലവിൽ 44 വയസുള്ള ഹോർഷം ബിഷപ് രൂത് ബുഷായഗർ ആയിരുന്നു പ്രായം കുറഞ്ഞ ബിഷപ്പെന്ന പദവി അലങ്കരിച്ചിരുന്നത് .
ഏഴു വർഷം ചർച്ച ഓഫ് ഇംഗ്ലണ്ടിന് വേണ്ടി സേവനം ചെയ്ത ശേഷമാണു ലെസ്റ്റർ രൂപതയിലെ ലഫ്ബറോയിൽ നിയമനം തേടി ബിഷപ് സജു എത്തുന്നത് . തന്നെ സംബന്ധിച്ചു പുതിയ നിയമനം വലിയ ഉത്തരവാദിത്ത ബോധമാണ് നല്കന്നതെന്നും നാല് മക്കളുടെ പിതാവ് കൂടിയായ അദ്ദേഹം മാധ്യമ പ്രവർത്തകരോട് വക്തമാക്കി. പുതിയ നിയമനം സന്തോഷം നൽകുമ്പോൾ തന്നെ ചെറു ഗ്രാമത്തിലെ രണ്ടു പള്ളികളിൽ എത്തിയിരുന്ന വിശ്വാസികളോടുള്ള ആത്മബന്ധം നഷ്ടമാകുന്നതിൽ ചെറുതല്ലാത്ത പ്രയാസം ഉണ്ടെന്നും അദ്ദേഹം പറയുന്നത് ഉള്ളിൽ തട്ടിയെത്തുന്ന വാക്കുകളിലൂടയാണ്. മറക്കാനാകാത്ത ഒട്ടേറെ നല്ല ഓർമ്മകളുമായാണ് പുതിയ സ്ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം വക്തമാക്കി.
2015 മുതൽ പ്രീസ്റ് ഇൻ ചാർജ് ആയി പ്രവർത്തിച്ച അദ്ദേഹം രണ്ടു വർഷം മുമ്പാണ് സ്വതന്ത്ര ചുമതലയുള്ള വികാരിയായി മാറുന്നത്. ഇതിനിടയിൽ സാമൂഹ്യ സേവനത്തിൽ നിർണായകമായ നിരവധി കാര്യങ്ങളിൽ ഇടപെടാനായി. ടൗണിന്റെ മുഖച്ഛായ മാറ്റിയ ഗാർഡൻ സെന്റർ , ആരാധനക്കായുള്ള ഗോസ്പൽ സെന്റർ, ഡിമെൻഷ്യ കഫെ, ഫുഡ് ബാങ്ക്, മെസി ചർച്ച തുടങ്ങി അനവധി പ്രവർത്തനങ്ങളിൽ മുന്നിൽ നില്ക്കാൻ അദ്ദേഹത്തിനായി. ലെസ്റ്റർ ബിഷപ് മാർട്ടിൻ സ്നോയുടെ സഹായത്തോടെയാകും അദ്ദേഹം പുതിയ ചുമതലയിൽ സജീവമാകുക.
കുടിയേറ്റ സമൂഹത്തിന്റെ പ്രശനങ്ങൾ കൂടുതലായി കൈകാര്യം ചെയ്യാനുള്ള ഒരുക്കത്തോടെയാകും ലഫ്ബറോ ആസ്ഥാനം അദ്ദേഹത്തെ കാത്തിരിക്കുന്നത്. പള്ളിക്കു വെളിയിലും ക്രൈസ്തവ സന്ദേശം എത്തിക്കുക എന്ന വെല്ലുവിളിയും ചെറുപ്പക്കാരനായ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്. അതിൽ എത്രത്തോളം വിജയിക്കും എന്നതും അദ്ദേഹം നേരിടുന്ന ആദ്യ വെല്ലുവിളി ആയിരിക്കും. ബിഷപ്പായി സ്ഥാനാരോഹണം ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ചടങ്ങുകൾ ജനുവരിയിൽ ലണ്ടനിൽ നടക്കും. ലഫ്ബറോയിൽ ചുമതലയേൽക്കുന്ന ചടങ്ങുകൾ മാർച്ചിലേക്കു നീളാനും സാധ്യതയുണ്ട് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.