നാസിക്: കരസേനയിൽ തൊഴിൽ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. നാസികിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതൽ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. റോയിയെ തടവിൽ വച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കരസേനയിലെ റോക്കറ്റ് റജിമെന്ററിയിൽ ലാൻസ് നായികായിരുന്നു റോയ് മാത്യു. 13 വർഷമായി കരസേനയിൽ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വർഷം മുമ്പാണ് നാസികിലെത്തിയത്. ഡിസംബർ 28നാണ് അവസാനം നാട്ടിൽ വന്ന് മടങ്ങിയത്.

കഴിഞ്ഞ മാസം 25ന് ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. സൈനിക ഉദ്ദ്യോഗസ്ഥരിലൂടെ അടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

തുടർന്ന് റോയ് മാത്യു മരിച്ചെന്ന വിവരം ഇന്നാണ് നാസികിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചത്. നാസികിലെ സൈനിക കേന്ദ്രങ്ങളിൽ സൈനികരെ മേലുദ്ദ്യോഗസ്ഥർ പീഡിപ്പിക്കുന്നെന്ന് അവിടുത്തെ പ്രദേശിക ചാനലിൽ അടുത്തിടെ ഒരു വാർത്ത വന്നിരുന്നു.

ആ വാർത്താ റിപ്പോർട്ടിൽ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതൽ ഷൂ പോളിഷ് ചെയ്യാൻ വരെ ഉയർന്ന ഉദ്ദ്യോഗസ്ഥർ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് ആ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. മുഖം മറച്ചാണ് ചാനലിൽ ഇവർ സംസാരിക്കുന്നതെങ്കിലും ഇത് ആരൊക്കെയാണെന്ന് ഉയർന്ന ഉദ്ദ്യോഗസ്ഥർ കണ്ടുപിടിച്ചു.

ഇതിന് ശേഷം ഇവർക്ക് നേരെ പീഡനശ്രമങ്ങളുണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. ചാനലിൽ സംസാരിച്ചവരെ ഉന്നത ഉദ്ദ്യോഗസ്ഥർ തടവിലാക്കിയെന്നും ആരോപണമുണ്ട്. നാസികിന് തൊട്ടടുത്തുള്ള ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.