പുണെ: നിരന്തരം തുറിച്ചു നോക്കിയതിൽ പരാതിപ്പെടുമെന്നു പറഞ്ഞതിന്റെ വിരോധം തീർക്കാനാണു മലയാളി സോഫ്റ്റ്‌വെയർ ജീവനക്കാരി രസില രാജുവിനെ കൊന്നതെന്നു സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. കൊല്ലപ്പെടുന്നതിന് തലേദിവസമുണ്ടായ വാക്ക് തർക്കവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് രസിലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കൊലപാതകിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുണെ പൊലീസ് വ്യക്തമാക്കി.

അസി.കമ്മീഷണർ വൈശാലി ജാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫീസിലെ വാച്ച്മാനായ ബാബൻ സൈലിക്ക രസിലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തലേദിവസം വാക്ക് തർക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസില താക്കീത് ചെയ്യുകയും ഇനിയിത് ആവർത്തിച്ചാൽ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.

തന്റെ പ്രൊജക്ട് പൂർത്തിയാക്കാനായി അവധി ദിനമായ ഞായറാഴ്ച രസില ഓഫീസിലെത്തിയപ്പോൾ ഈ വാച്ച്മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാർഡ് സ്വൈപ് ചെയ്ത് രസീല പ്രവേശിച്ചപ്പോൾ ഇയാളും ഒപ്പം അകത്തേക്ക് കടന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസിലയോട് ഇയാൾ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തർക്കങ്ങൾക്കൊടുവിൽ രസിലയെ കമ്പ്യൂട്ടർ കേബിൾ ഉപയോഗിച്ച് ഇയാൾ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

ചോദ്യം ചെയ്യലിൽ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് പുണെ പൊലീസ് രൂപം നൽകിയിട്ടുണ്ട്. രസിലയുടെ ടീ ലീഡറും ഇൻഫോസിസ് ജീവനക്കാരനുമായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് ഇപ്പോൾ പൊലീസ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോണിങ് ഷിഫ്റ്റിലുള്ള സഹപ്രവർത്തക മൂന്ന് മണിക്ക് ഓഫീസിൽ നിന്ന് പോയ ശേഷം ഓഫീസിൽ രസില ഒറ്റയ്ക്കായിരുന്നുവെന്ന് കോത്താരിയുടെ പരാതിയിൽ പറയുന്നു. ബാംഗ്ലൂരിലുള്ള മറ്റൊരു ടീമുമായി സഹകരിച്ചായിരുന്നു രസില ജോലി ചെയ്തിരുന്നത്. വൈകിട്ട് 6.20-ഓടെയാണ് കഴിഞ്ഞ ഒരു മണിക്കൂറായി തങ്ങൾക്ക് രസിലയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ബാംഗ്ലൂർ ഓഫീസിൽ നിന്നും കോത്താരിയെ അറിയിക്കുന്നത്. ഈ സമയം വീട്ടിലായിരുന്ന കോത്താരി ഫോണിലൂടെ രസീലയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോൾ എടുത്തില്ല.

7.30-ഓടെ കോത്താരി കമ്പനിയിലേക്ക് വിളിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. ഇത് പ്രകാരം ഓഫീസ് ക്യാബിനിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചപ്പോൾ ആണ് രസില കൊല്ലപ്പെട്ട വിവരം താൻ അറിഞ്ഞതെന്ന് കോത്താരി പറയുന്നു. തുടർന്ന് ഓഫീസിലെത്തിയ താൻ കാണുന്നത് കോൺഫറൻസ് റൂമിലെ ചോരയിൽ കുളിച്ചു കിടക്കുന്ന രസിലയെയാണ്. രസിലയുടെ മുഖത്തും വായിലും ചോരയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള ലാൻ കേബിൾ ഉപയോഗിച്ചാണ് രസിലയെ കൊല്ലപ്പെടുത്തിയതെന്നും കോത്താരിയുടെ മൊഴിയിൽ പറയുന്നു.

കമ്പനി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്നെ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നു. മൂന്ന് മണിക്ക് ഓഫീസ് റൂമിലേക്ക് രസില ജോലിക്കായി പ്രവേശിക്കുന്നതും പിന്നെ അഞ്ച് മണിക്ക് ബ്രേക്ക് ടൈമിൽ പുറത്തിറങ്ങുന്നതും സിസി ടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഈ സമയത്താണ് പ്രതി ഓഫീസ് റൂമിന് സമീപത്തേക്ക് വരുന്നതും ആദ്യമായി സിസിടിവിയിൽ തെളിയുന്നത്. പിന്നീട് പലതവണ ഇയാൾ പ്രവേശനം വിലക്കപ്പെട്ട റൂമിലേക്ക് കടക്കുന്നതും പുറത്തു പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

അഞ്ച് മണിയോടടുത്ത് രസിലയുടെ കൊലപാതകം നടന്നെങ്കിലും വിവരം പുറത്തു വരാൻ മണിക്കൂറുകൾ വൈകിയത് ഐടി കമ്പനികളിലെ വനിതാ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഇൻഫോസിസിനൊപ്പം തന്നെ കെട്ടിട്ടത്തിന്റെ സുരക്ഷാ ചുമതലയുള്ള ഏരിയൽ സെക്യൂരിറ്റി ഏജൻസിയും പ്രതിസ്ഥാനത്താണ്. പൂണെയിലേക്ക് പുറപ്പെട്ട രസിലയുടെ പിതാവടക്കമുള്ളവർ അവിടെയെത്തി മൃതദേഹം കണ്ട ശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുവാൻ പാടുള്ളൂവെന്ന് രസിലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രസിലയുടെ മരണത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്നും നീതി കിട്ടിയെന്ന് ഉറപ്പാക്കും വരെ പുണെയിൽ തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു.