പൂണെ: ഇൻഫോസിസ് ജീവനക്കാരിയായ രസീല കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഇൻഫോസിസിലെ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഇൻചാർജായ പ്രവീൺ കുൽക്കർണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥയിൽ നിന്ന് നിരന്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ടൈന്ന് മകൾ പറഞ്ഞിരുന്നതായി രസീലയുടെ പിതാവ് രാജു പറഞ്ഞു.

തുറിച്ചു നോക്കിയത് ചോദ്യം ചെയ്തതിന് മകളെ സെക്യൂരിറ്റിക്കാരൻ കൊന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും പിതാവ് പറഞ്ഞു. കൊലപാതകം നടന്ന ഇൻഫോസിസ് ഓഫീസ് സന്ദർശിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. കനത്ത സുരക്ഷയുള്ള സ്ഥാപനത്തിൽ മുന്നാമതെരാളുടെ സഹായമില്ലാതെ കൊലപാതകം നടത്താൻ സാധിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രസീലയുടെ പിതാവ് രാജു തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂണയിലെത്തിയിരുന്നു. സഹോദരൻ വിനോദ് കുമാർ, ഭാര്യാ സഹോദരൻ സുരേഷ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

നിരന്തരം തുറിച്ചു നോക്കിയതിൽ പരാതിപ്പെടുമെന്നു പറഞ്ഞതിന്റെ വിരോധം തീർക്കാനാണു മലയാളി സോഫ്റ്റ്‌വെയർ ജീവനക്കാരി രസില രാജുവിനെ കൊന്നതെന്നു സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. കൊല്ലപ്പെടുന്നതിന് തലേദിവസമുണ്ടായ വാക്ക് തർക്കവും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് രസിലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കൊലപാതകിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുണെ പൊലീസ് വ്യക്തമാക്കി. ഇതിനെയാണ് ബന്ധുക്കൾ ചോദ്യം ചെയ്യുന്നത്. തീർത്തും അവിശ്വസനീയമാണ് ഈ കഥയെന്നാണ് ഇവരുടെ നിലപാട്. ഓഫീസിലെ വാച്ച്മാനായ ബാബൻ സൈലിക്ക രസിലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തലേദിവസം വാക്ക് തർക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസില താക്കീത് ചെയ്യുകയും ഇനിയിത് ആവർത്തിച്ചാൽ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു. ഈ പകയായിരുന്നു കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

തന്റെ പ്രൊജക്ട് പൂർത്തിയാക്കാനായി അവധി ദിനമായ ഞായറാഴ്ച രസില ഓഫീസിലെത്തിയപ്പോൾ ഈ വാച്ച്മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാർഡ് സ്വൈപ് ചെയ്ത് രസീല പ്രവേശിച്ചപ്പോൾ ഇയാളും ഒപ്പം അകത്തേക്ക് കടന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസിലയോട് ഇയാൾ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തർക്കങ്ങൾക്കൊടുവിൽ രസിലയെ കമ്പ്യൂട്ടർ കേബിൾ ഉപയോഗിച്ച് ഇയാൾ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

ചോദ്യം ചെയ്യലിൽ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് പുണെ പൊലീസ് രൂപം നൽകിയിട്ടുണ്ട്. രസിലയുടെ ടീ ലീഡറും ഇൻഫോസിസ് ജീവനക്കാരനുമായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് ഇപ്പോൾ പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോണിങ് ഷിഫ്റ്റിലുള്ള സഹപ്രവർത്തക മൂന്ന് മണിക്ക് ഓഫീസിൽ നിന്ന് പോയ ശേഷം ഓഫീസിൽ രസില ഒറ്റയ്ക്കായിരുന്നുവെന്ന് കോത്താരിയുടെ പരാതിയിൽ പറയുന്നു.

ബാംഗ്ലൂരിലുള്ള മറ്റൊരു ടീമുമായി സഹകരിച്ചായിരുന്നു രസില ജോലി ചെയ്തിരുന്നത്. വൈകിട്ട് 6.20-ഓടെയാണ് കഴിഞ്ഞ ഒരു മണിക്കൂറായി തങ്ങൾക്ക് രസിലയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ബാംഗ്ലൂർ ഓഫീസിൽ നിന്നും കോത്താരിയെ അറിയിക്കുന്നത്. ഈ സമയം വീട്ടിലായിരുന്ന കോത്താരി ഫോണിലൂടെ രസീലയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോൾ എടുത്തില്ല. 7.30-ഓടെ കോത്താരി കമ്പനിയിലേക്ക് വിളിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു.

ഇത് പ്രകാരം ഓഫീസ് ക്യാബിനിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചപ്പോൾ ആണ് രസില കൊല്ലപ്പെട്ട വിവരം താൻ അറിഞ്ഞതെന്ന് കോത്താരി പറയുന്നു. തുടർന്ന് ഓഫീസിലെത്തിയ താൻ കാണുന്നത് കോൺഫറൻസ് റൂമിലെ ചോരയിൽ കുളിച്ചു കിടക്കുന്ന രസിലയെയാണ്. രസിലയുടെ മുഖത്തും വായിലും ചോരയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള ലാൻ കേബിൾ ഉപയോഗിച്ചാണ് രസിലയെ കൊല്ലപ്പെടുത്തിയതെന്നും കോത്താരിയുടെ മൊഴിയിൽ പറയുന്നു.