ദുബായ്: മലയാളികളിൽ നിന്നു ദുബായിലെ ഷിപ്പിങ് കമ്പനി വാങ്ങിയ കണ്ണൂർ സ്വദേശിക്കു ലഭിച്ചതു ലക്ഷങ്ങളുടെ ബാധ്യത. ഇക്കാര്യം ചോദിച്ചു ചെന്നപ്പോൾ കൊല്ലുമെന്നു ഭീഷണിയും.

കണ്ണൂർ തളിപ്പറമ്പ് മുയ്യം മുണ്ടേരി വണ്ണാപ്പുരയിൽ വി.ജി.വിനോദാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയത്.

ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബായിലെ കമ്പനിയാണു തനിക്കു വിറ്റു കബളിപ്പിച്ചതെന്നാണു വിനോദിന്റെ പരാതി. കൊല്ലം, ആലപ്പുഴ സ്വദേശികളായ രണ്ടു പേരാണു വിനോദിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

ദുബായിൽ ട്രെയിലർ നിർമ്മാണ കമ്പനിയിലായിരുന്നു വിനോദിനു ജോലി. രണ്ട് വർഷം മുമ്പാണ് കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ ഷിപ്പിങ് കമ്പനി മൂന്ന് ലക്ഷം ദിർഹ(ഏകദേശം 48 ലക്ഷം രൂപ)ത്തിനു വാങ്ങിയത്. എന്നാൽ, കമ്പനിക്ക് വിവിധ ബാങ്കുകളിലായി എട്ട് ലക്ഷം ദിർഹം (ഏകദേശം ഒരു കോടി രൂപ) ബാധ്യതയുള്ളതായി പിന്നീട് കണ്ടെത്തി. ഈ ബാധ്യത തീർക്കാനാണ് കമ്പനി വിൽക്കുന്നതെന്നും വിനോദ് നൽകിയ പണം അതിന് ഉപയോഗിക്കുമെന്നും വിറ്റവർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള വ്യക്തിപരമായ ബാധ്യതകൾ തീർക്കാനാണ് പ്രതികൾ പണം ചെലവഴിച്ചതെന്നാണു വിനോദ് പരാതിപ്പെടുന്നത്. ബാക്കി തുക എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്ക് അയക്കുകയായിരുന്നു.

വിനോദിന്റെ ചെക്കുകളുപയോഗിച്ച് 9,57,000 ദിർഹം ബാങ്കുകളിൽ നിന്ന് വായ്പകളുമെടുത്തു. ഇതിനുശേഷം ഉടമകൾ നാട്ടിലേക്കു മുങ്ങി. ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇതെല്ലാമെന്നും വിനോദ് പരാതിപ്പെട്ടു. ഇപ്പോൾ ആകെ 25,82,571 ദിർഹമിന്റെ ബാധ്യതയാണ് വിനോദിന്റെ തലയിലായിട്ടുള്ളത്. തന്റെ നാട്ടിലുള്ള ബന്ധുക്കൾ പ്രതികളുടെ വീടുകളിലെത്തി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്നും വിനോദ് പരാതിയിൽ പറഞ്ഞു.

ബാങ്കുകളിലെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വിനോദ് കടുത്ത ആശങ്കയിലാണ് കഴിയുന്നത്. പാസ്‌പോർട്ട് പൊലീസ് സ്റ്റേഷനിൽ ആയതിനാൽ ജോലിക്ക് ചേരാനോ നാട്ടിലേക്കു പോകാനോ സാധിക്കുന്നില്ല. ചെലവിനുപോലും പണമില്ലാതെ, സുഹൃത്തുക്കളുടെ സഹായത്താലാണ് കഴിയുന്നതെന്നും വിനോദ് പറഞ്ഞു. കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് കോടതിയിലും പരാതി നൽകുമെന്നു വിനോദ് പറഞ്ഞു.