അബുദാബി; ദുബായിലെ ഭാഗ്യശാലികളെല്ലാം മലയാളികളാണോ? ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു. പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പികെ വിജയ്റാമിനും ആറന്മുള കിടങ്ങന്നൂർ സ്വദേശി ജോൺ വർഗീസും കൂട്ടുകാർക്കും ശേഷം വീണ്ടും ലോട്ടറിയിലൂടെ കേരളത്തിലേക്ക് ഭാഗ്യമെത്തിക്കുന്നവരുടെ നിരയിലേക്ക് പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അൽ ഷഫർ ജനറൽ കോൺട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സുമാനുമായ ബ്രിറ്റി മാർക്കോസും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി കോടിപതിയായത്. ബ്രിറ്റി മാർക്കോസിന് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിർഹം) സമ്മാനമായി ലഭിച്ചത്. അഞ്ചാം. തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം കൈവന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതിൽ അർഥമില്ലെന്നും ബ്രിറ്റി പറഞ്ഞു. ബിഗ് ടിക്കറ്റിൽനിന്ന് സമ്മാനമടിച്ചുവെന്ന വിളി വന്നപ്പോൾ സന്തോഷം കൊണ്ട് ഒരുനിമിഷം സംസാരിക്കാനായില്ല. യാഥാർഥ്യം ഉൾക്കൊണ്ടപ്പോൾ വിവരം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവച്ചു. വാരാന്ത്യ അവധി ദിനമായതിനാൽ കമ്പനിയിലെ പകുതിപേരും ഇല്ല. എല്ലാവരും എത്തിയ ശേഷം മധുരംവിതരണം ചെയ്ത് സന്തോഷം പങ്കുവയ്ക്കും.

സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാൻ 4 മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാർക്കോസ് പറഞ്ഞു. പത്തു വിജയികളിൽ ഒൻപതും ഇന്ത്യക്കാരാണ്. ഇതിൽ ഏറെയും മലയാളികളും.

ഇത് ആദ്യമായല്ല ദുബായിൽ മലയാളിക്ക് ലോട്ടറി ടിക്കറ്റിന്റെ പേരിൽ ഭാഗ്യം കൈവരുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ ബാംഗ്ലൂരിൽ നിന്നുള്ള മലയാളി ടോംസ് അറയ്ക്കൽ മണി ഒരു മില്യൺ ഡോളർ (ഏകദേശം 6.43 കോടി രൂപ) സമ്മാനത്തിന് അർഹനായിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലെ കോൺകോഴ്‌സ് ഡിയിൽ നടന്നനറുക്കെടുപ്പിൽ 263 ാം സീരീസിലെ 2190 എന്ന ടിക്കറ്റ് നമ്പരാണ് ടോംസിനെ വിജയത്തിന് അർഹാനാക്കിയത്.38 കാരനായ ടോംസ് ദുബായിൽ ഒരു അന്താരാഷ്ട്ര കാർഡ് കമ്പനിയിൽ എക്‌സിക്യുട്ടീവ് ആയി ജോലി നോക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ടോംസ് ടിക്കറ്റ് വാങ്ങിയത്.

പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പികെ വിജയ്റാമിനെയാണ് ഭാഗ്യം തേടിയെത്തിയിരുന്നു 3.6 ദശലക്ഷം യുഎഇ ദിർഹമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 6.3 കോടി ഇന്ത്യൻ രൂപ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേണർ ലോട്ടറി നറുക്കെടുപ്പിലാണ് കോടികളുടെ ഭാഗ്യം വിജയ് റാമിന് ലഭിച്ചത്. നാട്ടിലേക്ക് വരുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ വച്ചാണ് വിജയ് റാം ലോട്ടറിയെടുത്തത്.കരിപ്പോടി മീത്തൽ വീട് തറവാട്ടിലെ വയനാട്ട് കുലവൻ തെയ്യത്തിൽ പങ്കെടുക്കാനാണ് വിജയ്റാം അവധിയെടുത്ത് നാട്ടിലേക്ക് വന്നത്. അവധി കഴിഞ്ഞ് മടങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു ലോട്ടറി അടിച്ചത്

അബുദാബി ബിഗ്ടിക്കറ്റിലൂടെ 21 കോടി രൂപ നേടിയെടുത്തത് ആറന്മുള കിടങ്ങന്നൂർ സ്വദേശി ജോൺ വർഗീസും കൂട്ടുകാരുമാണ്. ആയിരം ദിർഹത്തിന്റെ ടിക്കറ്റാണ് ജോണിന്റെയും കൂടെച്ചേർന്ന ഏഴുപേരുടേയും ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരെ ഭാഗ്യ ദേവത കടാക്ഷിച്ചത്. 11 വർഷത്തിലധികമായി ദുബായ് ജുമൈറ ലെയ്ക്ക് ടവേഴ്സിലെ സ്വകാര്യ സ്ഥാപനത്തിൽ ൈഡ്രവറാണ് പീടികയിൽ വീട്ടിൽ ജോൺ വർഗീസ്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബുദാബിയിലെ രണ്ടാം വലിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ 12 ദശലക്ഷം ദിർഹം ഇവർ നേടിയത്. ജോണിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. അനീഷ് കുമാർ, മനു, (കാസർകോട്), സുനീർ കെ.എം, മൂസ, റഷീദ് സൂപ്പി (കണ്ണൂർ), റാസിഖ് (മലപ്പുറം), ഷമീർ (എറണാകുളം) എന്നിവരാണ് ഭാഗ്യത്തിന്റെ മറ്റ് അവകാശികൾ. ടിക്കറ്റ് വിലയിൽ ജോൺ 250 ദിർഹം (4400ഓളം രൂപ) ചെലവിട്ടപ്പോൾ ബാക്കിയുള്ളവരുടെ വിഹിതം 50 മുതൽ 200 ദിർഹം വരെയായിരുന്നു.

ദുബായിലെ താമസക്കാരിയായ മലയാളി വീട്ടമ്മയ്ക്ക് അമ്പരപ്പിക്കുന്ന ഭാഗ്യനേട്ടം ഉണ്ടായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്ത ശാന്തി അച്യുതൻ എന്ന വീട്ടമ്മയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.6.4 കോടി രൂപ, അതായത് 3.67 ലക്ഷം ദിർഹമാണ് ശാന്തി അച്യുതന് സമ്മാനത്തുക ലഭിച്ചത്. 4664 എന്ന നമ്പറിനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലൈനർ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വഴിയാണ് ശാന്തി അച്യുതന് ഈ വൻ തുക സമ്മാനമായി ലഭിച്ചിരുന്നത്.

തിരുവനന്തപുരം വെട്ടുകാട് തൻസിലാസ് ബിബിയൻ ബാബുവിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം ദിർഹം (12.40 കോടി) ലഭിച്ചത്. 030202 എന്ന നമ്പറുള്ള ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ 26 വർഷമായി പ്രവർത്തിച്ച് വരികയാണ്.ഇതിന് മുൻപ് ഒട്ടേറെ തവണ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.പത്താം ശ്രമത്തിലാണ് തൻസിലാസിനെ തേടി ഭാഗ്യമെത്തിയത്.

അടുത്തിടെ ഷാർജയിൽ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യറിന് 6.7 കോടി രൂപ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചിരുന്നു. മലയാളത്തിലെ യുവനടി ഐമ സെബാസ്റ്റ്യന് നറുക്കെടുപ്പിൽ ലഭിച്ചത് അരക്കിലോ സ്വർണം ആയിരുന്നു. ദുബായിലെ മലബാർ ഗോൾഡിന്റെ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലാണ് ഐമയെ ഭാഗ്യം കടാക്ഷിച്ചത്

തൃശ്ശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചത് 12 കോടിയിലധികം രൂപയാണ്. യുഎഇയിൽ 9 വർഷമായി ഷിപ്പിങ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ് കൃഷ്ണൻ. അങ്ങനെ നീളുന്നു ഭാഗ്യ ദേവത കടാക്ഷിക്കുന്ന മലയാളിയുടെ നീണ്ട് നിര.