കവൻട്രി: മലയാളി യുവതി ലണ്ടനിലെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം താഴത്തങ്ങാടി
സ്വദേശിയായ ബെൻസി ജോസഫ്(43) ആണ് മരണമടഞ്ഞത്. ലണ്ടനടുത്തു ചെംസ്ഫോർഡിൽ ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.  ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം താഴത്തങ്ങാടി നിവാസികളായ കുടുംബം ദുബൈയിൽ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. ബെൻസി ജോസഫിന്റെ സ്‌കൂൾ വിദ്യാഭ്യാസം അടക്കം ദുബൈയിലായിരുന്നു. മൂത്ത കുട്ടിക്ക് ഏഴാം ക്ലാസിൽ ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിച്ചതിനെ തുടർന്നാണ് ബെൻസിയും ഭർത്താവ് സിജി മാത്യുവും അടക്കമുള്ള കുടുംബം ചെംസ്ഫോർഡിൽ താമസം ആരംഭിക്കുന്നത്.

ഏകദേശം ഒരു വർഷത്തിൽ അധികം മാത്രം ചെംസ്ഫോർഡിൽ താമസം ആയതിനാൽ പ്രാദേശിക മലയാളി സമൂഹത്തിൽ കാര്യമായ സൗഹൃദ വലയം ഇല്ലെന്നാണ് സൂചന. എന്നാൽ ലണ്ടനിൽ പലയിടത്തും നിരവധി സുഹൃത്തുക്കൾ ഉള്ള കുടുംബവുമാണ്. ചെംസ്‌ഫോഡിൽ ബിജെ ആർകിടെക്ച്ചറൽ ഡിസൈനിൽ, പ്ലാനിങ് കൺസൾട്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു ബെൻസി. 11 ഉം 14 ഉം വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്.

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളിയിൽ അംഗങ്ങളാണ് ബെൻസിയുടെ കുടുംബം. ദുബായ് പള്ളിയിൽ പ്രധാന നടത്തിപ്പുകാരനായിരുന്നു ബെൻസിയുടെ പിതാവ് കെ സി ജോസഫ്. ഇതോടെ ബെൻസിയുടെ ആകസ്മിക മരണം ദുബായ് മലയാളി സമൂഹത്തെയും ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്.