ദുബായ്: ദുബായിലെ ഫ്‌ലാറ്റിലെ കുളിമുറിയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ. അൽ ഖുസൈസിലെ ഫ്‌ലാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഭർത്താവ് പറയുന്നത് ഇങ്ങനെ: സംഭവദിവസം രാവിലെ ഓഫീസിൽ പോയ ഇദ്ദേഹം തിരികെയെത്തിയപ്പോൾ കുട്ടികൾ ടെലിവിഷൻ കാണുകയായിരുന്നു. ഭാര്യ കുളിമുറിയിലാണെന്ന് കുട്ടികൾ പറഞ്ഞു.

കുറേസമയം കഴിഞ്ഞിട്ടും കുളികഴിഞ്ഞ് ഭാര്യ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കയറിപ്പോഴാണ് ഭാര്യ തൂങ്ങി നിൽക്കുന്നത് കണ്ടത്. തങ്ങൾ തമ്മിൽ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് പറയുന്നു. എന്നാൽ അവധിക്ക് നാട്ടിലേക്ക് പോകാൻ ഭാര്യയ്ക്ക് താൽപര്യമില്ലായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവിനോടും രണ്ടു മക്കളോടുമൊപ്പം ഇവിടെയായിരുന്നു യുവതിയുടെ താമസം. വേനലവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ഭർത്താവിന്റെ മൊഴിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അയൽവാസികൾ പൊലീസിന് നൽകിയ മൊഴി. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.