ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിൽ മലയാളി യുവതി കൊലക്കേസിൽ കുറ്റക്കാരിയാണെന്ന കണ്ടെത്തി. കാമുകന്റെ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ അന്റോണിയറ്റ് സ്റ്റീഫ (28) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പാക് വംശജനായ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഇവർ ഇയാളുടെ ഭാര്യയെ കൊലപ്പെടുത്തിയത്. പാക് വംശജയായ നസീഷ് നുറാനിയെ (27) വെടിവച്ച് കൊന്നുവെന്നാണ് ഇവർക്കെതിരായ കേസ്. നുറാനിയുടെ ഭർത്താവും പാക് വംശജനുമായ കാശിഷ് പർവേഷി (30) നെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്ക് നിർദ്ദേശം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത കാമുകനെയും കുറ്റക്കാരനെന്ന് വിധിച്ചിട്ടുണ്ട്.

2011 ഓഗസ്റ്റ് 16 ന് ആയിരുന്നു കൊലപാതകം അരങ്ങേറിയത്. റംസാൻ ആഘോഷിച്ച് ബന്ധുവീട്ടിൽ നിന്ന് രാത്രി മടങ്ങുമ്പോഴാണ് നുറാനിയുടെ നെഞ്ചിൽ വെടിയേറ്റത്. കാശിഷിന്റെ കൈയ്ക്കും വെടിയേറ്റിരുന്നു. ഇത് കേസിൽ നിന്നും രക്ഷപ്പെടാൻ ബോധപൂർവം പദ്ധതിയിട്ട് ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിയുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുള്ള ഇളയമകൻ ഷിയാന് പരിക്കേറ്റിരുന്നില്ല.

സംഭവത്തിന് ശേഷം ഒരു ആഫ്രിക്കൻ അമേരിക്കനും ഒരു വെള്ളക്കാരനും ചേർന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് കാശിഷ് മൊഴി നൽകിയത്. തുടർന്ന് ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ബോധ്യമായി. തുടർന്നുള്ള അന്വേഷണത്തിലാണ് മലയാളി യുവതി കേസിൽ പ്രതിയായത്. ഇരുവരും കൊലപാതകം ആസൂത്രണം ചെയ്ത് മൊബൈലിൽ അയച്ച മെസ്സേജുകൾ പൊലീസ് വീണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചിരുന്നു. കാശിഷിനും നുറാനിക്കും 10 ഉം 3 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളാണുണ്ടായിരുന്നത്.

കാശിഷും നുറാനിയുമായുള്ള വിവാഹബന്ധം പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. ഇതിനിടെയാണ് അന്റോണിയറ്റ് സ്റ്റീഫനും കാശിഷുമായി അടുപ്പത്തിലായത്. നുറാനി മക്കളെ വേണ്ടവിധം നോക്കുന്നില്ലെന്നും രോഗം ബാധിക്കുമ്പോൾ ചികിത്സിക്കുന്നില്ലെന്നുമൊക്കെയാണ് കാശിഷ് പറഞ്ഞിരുന്നതെന്ന് അന്റോണിയറ്റ് കോടതിയിൽ പറഞ്ഞു. നുറാനിയെ ഇല്ലാതാക്കി കുട്ടികളെ പൂർണമായി കാശിഷിനു ലഭിക്കാനാണ് കൊലയ്ക്ക് സഹായിച്ചതെന്നും അന്റോണിയറ്റ് പറഞ്ഞു.